2018 ലെ ഏറ്റവും മികച്ച നവാഗത സംവിധായകനുള്ള അരവിന്ദന്‍ പുരസ്‌കാരം സക്കറിയ മുഹമ്മദിന്. സുഡാനി ഫ്രം നൈജീരിയ എന്ന ചിത്രമാണ് സക്കറിയക്ക് അവാര്‍ഡ് നേടിക്കൊടുത്തത്. 25000 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് അവാര്‍ഡ്. സംവിധായകന്‍ ജി അരവിന്ദന്റെ പേരില്‍ ദേശീയ തലത്തിലുള്ള പുരസ്‌കാരമാണിത്. അരവിന്ദന്റെ ജന്മദിനമായ മാര്‍ച്ച് 15 ന് തിരുവനന്തപുരത്ത് വച്ച് പുരസ്‌കാരം സക്കറിയക്ക് നല്‍കും.
ഇന്ത്യയിലെ വിവിധ ഭാഷകളില്‍ നിന്നായി 25 സിനിമകളാണ് ഇക്കുറി അരവിന്ദന്‍ പുരസ്‌കാരത്തിനായി പരിഗണിക്കപ്പെട്ടത്. സൗബിന്‍ ഷാഹിര്‍, സാമുവല്‍ അബിയോള റോബിന്‍സണ്‍ എന്നിവരാണ് സുഡാനി ഫ്രം നൈജീരിയ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. മുഹ്‌സിന പരാരിയും സംവിധായകന്‍ സക്കറിയയും ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥ രചിച്ചത്.
സംവിധായകന്‍ ശ്യാമപ്രസാദ്, കൃഷ്ണനുണ്ണി, ബൈജു ചന്ദ്രന്‍, വി.കെ നാരായണന്‍ എന്നിവരടങ്ങിയ ജൂറിയാണ് സകറിയ മുഹമ്മദിനെ മികച്ച നവാഗത സംവിധായകനായി തെരഞ്ഞെടുത്തത്.