
ജീവിതത്തിൽ നേരിടേണ്ടി വന്ന അസാധാരണമായ അനുഭവത്തെക്കുറിച്ച് തുറന്നു സംസാരിച്ച് നടനും സംവിധായകനുമായ പൃഥ്വിരാജ് സുകുമാരൻ.തന്റെ ഭാര്യയാണെന്ന വാദവുമായി ഒരു ആരാധിക സർട്ടിഫിക്കറ്റുകളുമായി വന്നുവെന്നാണ് പൃഥ്വിരാജിന്റെ വെളിപ്പെടുത്തൽ. ജീവിതത്തില്‍ നേരിടേണ്ടി വന്ന ഏറ്റവും അസാധാരണ ഫാന്‍ മൊമന്റ് ഏതെന്ന ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു താരം. തന്റെ പുതിയ ഹിന്ദി ചിത്രം സര്‍സമീനിന്റെ പ്രൊമോഷന് വേണ്ടി കാജോളിനൊപ്പം ജിയോ ഹോട്ട്‌സ്റ്റാറിന്റെ യൂട്യൂബ് ചാനലില്‍ നടത്തിയ അഭിമുഖത്തിലാണ് പൃഥ്വിരാജിന്റെ പ്രതികരണം.
”അതൊരു ട്രൊമാറ്റിക് അനുഭവമായിരുന്നു. ഒരു ദിവസം എനിക്ക് പ്രസ് ക്ലബില്‍ നിന്നൊരു കോള്‍ വന്നു. ഒരു പെണ്‍കുട്ടി പത്രസമ്മേളനം വിളിച്ചിട്ടുണ്ടെന്നും എന്റെ ഭാര്യയാണെന്നുമാണ് പറയുന്നതെന്നും അവര്‍ പറഞ്ഞു. അവര്‍ വിവാഹ സര്‍ട്ടിഫിക്കറ്റിന്റെ കോപ്പികളുമായാണ് വന്നത്. എനിക്ക് പൊട്ടിച്ചിരിക്കാനാണ് തോന്നിയത്. ഞാന്‍ അന്ന് വിവാഹിതനാണ്. പക്ഷെ അത് തട്ടിപ്പാണെന്ന് പത്ര പ്രവര്‍ത്തകര്‍ മനസിലാക്കി” പൃഥ്വിരാജ് പറഞ്ഞു.
പൃഥ്വിരാജും കാജോളും പ്രധാന വേഷത്തിലെത്തിയ ചിത്രമാണ് സര്‍സമീന്‍. ഇബ്രാഹിം അലി ഖാനും ചിത്രത്തിലൊരു പ്രധാന വേഷത്തിലെത്തുന്നുണ്ട്. ചിത്രം കഴിഞ്ഞ ദിവസമാണ് റിലീസ് ചെയ്തത്. ജിയോ ഹോട്ട്‌സ്റ്റാറിലൂടെയായിരുന്നു സിനിമയുടെ റിലീസ്. സമ്മിശ്ര പ്രതികരണങ്ങളാണ് ചിത്രത്തിന് ലഭിച്ചു വരുന്നത്.