“യേശുദാസ് കേരളത്തിലെ ഏറ്റവും വലിയ കലാ വിപ്ലവകാരി”; ജി വേണുഗോപാൽ

','

' ); } ?>

ഗായകൻ യേശുദാസിനെതിരെ അധിക്ഷേപ പോസ്റ്റ് പങ്കുവെച്ചതിനെതിരെ പ്രതികരിച്ച് ​ഗായകൻ ജി വേണു​ഗോപാല്‍. കലയിലും സംഗീതത്തിലും സർവഥാ കർണാടിക് ശാസ്ത്രീയ സംഗീതത്തിലും ബ്രാഹ്മണ്യത്വം കൊടികുത്തി വാഴുന്ന കാലത്ത് സ്വന്തം പ്രതിഭ ഒന്നുകൊണ്ടു മാത്രം ഒരു പാവപ്പെട്ട ലത്തീൻ കത്തോലിക്കൻ വലിയൊരു പൊളിച്ചെഴുത്ത് നടത്തി അവിടെ സ്വയം പ്രതിഷ്ഠിച്ചുവെന്നാണ് യേശുദാസിനെ കുറിച്ച് വേണുഗോപാൽ പറഞ്ഞത്. കൂടാതെ ഭൂമിയിൽ ശ്രീ വിനായക ഗുരുവിന് നീല പുകച്ചുരുൾ പ്രണാമം എന്നും കുറിച്ചിട്ടുണ്ട്. തന്റെ ഫേസ്ബുക് പോസ്റ്റിലൂടെയായിരുന്നു വേണുഗോപാലിന്റെ പ്രതികരണം.

“ഒരായുഷ്ക്കാലം മുഴുവൻ സ്വന്തം ജീവിതവും പ്രതിഭയും ഉരുക്കിയൊഴിച്ച് കേരളത്തെ ലോക സിനിമയുടെയും സംഗീതത്തിന്റെയും നെറുകയിൽ ഒരു സിന്ദൂരതിലകമായി ചാർത്തിയവരെ നിഷ്കരുണം അസഭ്യം കൊണ്ട് മൂടുകയാണ്. കേരളത്തിലെ ഏറ്റവും വലിയ കലാ വിപ്ലവകാരി ആരാണെന്ന് ചോദിച്ചാൽ യേശുദാസ് എന്നു നിസ്സംശയം പറയാം. കലയിലും സംഗീതത്തിലും സർവഥാ കർണാടിക് ശാസ്ത്രീയ സംഗീതത്തിലും ബ്രാഹ്മണ്യത്വം കൊടികുത്തി വാഴുന്ന കാലത്ത് സ്വന്തം പ്രതിഭ ഒന്നുകൊണ്ടു മാത്രം ഒരു പാവപ്പെട്ട ലത്തീൻ കത്തോലിക്കൻ വലിയൊരു പൊളിച്ചെഴുത്ത് നടത്തി അവിടെ സ്വയം പ്രതിഷ്ഠിച്ചു. യേശുദാസ് നമ്മുടെ കേരളത്തിൻ്റെ ലോകോത്തര ഗായകനാണ്. പാട്ടുകാരനെ പാട്ടുകാരനായി മാത്രം കണ്ടാൽ മതി. അദ്ദേഹം സാമൂഹ്യ പരിഷ്കർത്താവെന്ന് തോന്നുന്ന ഇടത്താണ് അഭിപ്രായ വ്യത്യാസം ഉടലെടുക്കുന്നത്.

ഒരു ഗായകനെ അടയാളപ്പെടുത്തുമ്പോൾ അവിടെ അയാളുടെ സ്വഭാവസവിശേഷതകൾ അല്ല, അയാളുടെ കാലത്തെ അതിജീവിച്ച ഗാനനിർജ്ജരി മാത്രം ശ്രദ്ധിച്ചാൽ മതി. ജീവിതം തന്നെ സംഗീതവും സാധനയും സിനിമയും ആകുമ്പോൾ ഒരു കലാകാരന് എന്തു പൊളിറ്റിക്കൽ കറക്റ്റ്നസ്? 1970 കളിൽ ജനിച്ച ഞങ്ങളിൽ പലർക്കും സ്വന്തം മാതാപിതാക്കളുടെ ശബ്ദത്തേക്കാൾ സുപരിചിതവും ഹൃദ്യവുമാണ് യേശുദാസിന്റെ ശബ്ദം. യേശുദാസ് പറയാതെ പറഞ്ഞുവെച്ച ഒരു കർമ്മയോഗിയുടെ ജീവിതചര്യയുണ്ട്. അക്കാലത്തെ വളർന്നുവരുന്ന ഗായകർക്ക് മാർഗ്ഗനിർദ്ദേശങ്ങൾ ആയിരുന്നു അത്. അന്ന് അദ്ദേഹം വർജ്ജിച്ച വസ്തുക്കളുടെ അമിത ഉപയോഗത്താൽ വർദ്ധിത വീര്യത്തോടെ അദ്ദേഹത്തെ അസഭ്യം കൊണ്ട് മൂടുന്ന വിനായകന്മാർ ഒന്നു മനസ്സിലാക്കുക. കഠിനമായ പാതകൾ താണ്ടി ഉയർച്ചയുടെ പടവുകൾ കയറിയ യേശുദാസ് തന്നെയും തന്റെ കലയെയും തല്ലിക്കെടുത്തുക അല്ല ചെയ്തത്. ഓരോ നിമിഷവും അദ്ദേഹം തന്നെത്തന്നെ നിരന്തരം പുന സൃഷ്ടിക്കുകയും തന്റെ സംഗീതം കൊണ്ട് കാലത്തെ അതിജീവിക്കുകയും, ഇനിയും ഒരങ്കത്തിന് ബാല്യമുണ്ട് എന്ന വൈരാഗ്യ ബുദ്ധിയോടെ സ്വയം നിലനിർത്തുകയും ചെയ്യുകയായിരുന്നു.

അത്യുന്നതങ്ങളിൽ അംബേദ്കർ, അയ്യങ്കാളി, ചട്ടമ്പിസ്വാമികൾ, നാരായണ ഗുരു, ഇവർക്ക് മഹത്വം. ഭൂമിയിൽ ശ്രീ വിനായക ഗുരുവിന് നീല പുകച്ചുരുൾ പ്രണാമം!” വേണുഗോപാൽ കുറിച്ചു.

കഴിഞ്ഞദിവസം പോസ്റ്റ് ചെയ്ത കുറിപ്പിൽ അടൂരിന്റെയും യേശുദാസിന്റെയും പേര് എടുത്തുപറഞ്ഞുകൊണ്ടായിരുന്നു വിനായകന്റെ അധിക്ഷേപം.നേരത്തെ, ഇന്ത്യൻ രാഷ്ട്രീയത്തിലെ പ്രമുഖരെ അധിക്ഷേപിച്ചുകൊണ്ട് സമാനമായ അധിക്ഷേപ കുറിപ്പ് പങ്കുവെച്ചതിന് വിനായകനെതിരേ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു.

എന്നാൽ തന്റെ പരാമർശത്തെ ന്യായീകരിച്ച് കൊണ്ട് ഇന്നലെ വിനായകൻ മറ്റൊരു പോസ്റ്റ് പങ്കുവെക്കുകയും ചെയ്തിട്ടുണ്ടായിരുന്നു.”ശരീരത്തിൽ ഒന്നുംതന്നെ അസഭ്യമായി ഇല്ല. ഞാൻ പറഞ്ഞത് അസഭ്യമാണെങ്കിൽ ചാലയിലെ തൊഴിലാളികൾ തിയേറ്ററിലെ വാതിൽ പൊളിച്ച് സെക്സ് കാണാൻ ചലച്ചിത്ര മേളയിൽ കയറിയെന്നും അതിനെ പ്രതിരോധിക്കാനാണ് ടിക്കറ്റ് ഏർപ്പെടുത്തിയതെന്നും അടൂർ പറഞ്ഞത് അസഭ്യമല്ലേ. ദളിതർക്കും സ്ത്രീകൾക്കും സിനിമ എടുക്കാൻ ഒന്നര കോടി രൂപ കൊടുത്താൽ അതിൽ നിന്നു കട്ടെടുക്കും എന്ന് അടൂർ പറഞ്ഞാൽ അസഭ്യമല്ലേ? സംസ്കൃതത്തിൽ അസഭ്യം പറയുന്നവരോട് പച്ച മലയാളത്തിൽ തിരിച്ചുപറയുന്നത് അസഭ്യമാണെങ്കിൽ അത് തുടരുക തന്നെ ചെയ്യും”. വിനായകൻ കുറിച്ചു.