
‘ചന്ദനമഴ’ എന്ന സീരിയൽ ഇന്നും പ്രേക്ഷകർ ഏറ്റെടുക്കാനുള്ള കാരണം സീരിയലിലെ കഥാപാത്രങ്ങൾക്ക് കൊടുത്ത ഐഡന്റിറ്റിയാണെന്ന് തുറന്നു പറഞ്ഞ് നടി യമുന റാണി. “സീരിയലിലെ ഓരോ കഥാപാത്രങ്ങൾക്കും അവരവരുടേതായ വ്യക്തിത്വവും, സ്വഭാവവും ഉണ്ടായിരുന്നെന്നും, അത് സീരിയലിന്റെ അവസാനം വരെ നില നിന്നിരുന്നുവെന്നും” യമുന റാണി പറഞ്ഞു. കൂടാതെ ഇന്നത്തെ സീരിയലുകൾ ഒരു പത്തെപ്പിസോഡ് വിട്ടുപോയാൽ കഥ മനസിലാവില്ലെന്നും യമുന റാണി കൂട്ടിച്ചേർത്തു. സോഷ്യൽ മീഡിയയിൽ വീണ്ടും “ചന്ദനമഴ” ട്രെന്റിങായി കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് യമുന റാണിയുടെ തുറന്നു പറച്ചിൽ. സീരിയൽ ടുഡേ എന്ന ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.
“ചന്ദനമഴ എന്ന സീരിയലിന്റെ പ്രത്യേകത എന്ന് പറഞ്ഞാൽ ആ സീരിയലിലെ എല്ലാ കഥാപാത്രത്തിനും ഒരു ഐഡന്റിറ്റി ഉണ്ടായിരുന്നു. മധുമതിക്കായിക്കോട്ടെ, ഊർമിളക്കായിക്കോട്ടെ, വർഷയ്ക്കും, അമൃതയ്ക്കും, മായാവതിക്കും അവരവരുടേതായ ഒരു വ്യക്തിത്വം ഉണ്ടായിരുന്നു. അത് കൊണ്ടാണ് ആ അസീരിയൽ ഹിറ്റായതെന്നാണ് എനിക്ക് തോന്നുന്നത്. അവരാ സ്വഭാവം ആദ്യം മുതൽ അവസാനം വരെ നിലനിർത്തുകയും ചെയ്തിട്ടുണ്ട്.” യമുന റാണി പറഞ്ഞു.
“അതിനു ശേഷം വന്ന സീരിയലുകൾ നോക്കുകയാണെങ്കിൽ, ആദ്യം ഭയങ്കര പാവമായി നിൽക്കുന്നവർ പിന്നീട് നെഗറ്റീവ് റോളുകളിലേക്ക് പോകും. ഒരു പത്ത് എപ്പിസോഡ് കാണാതെ പോയാൽ കഥ മനസിലാകില്ല. ഒരു സ്ഥിരതയില്ലാത്ത സ്വഭാവമായിരുന്നു കഥാപാത്രങ്ങൾക്ക്. പക്ഷെ ചന്ദനമഴ ദേശായി കുടുംബത്തിലെ കഥയാണ് ആദ്യാവസാനം വരെ പറഞ്ഞിരുന്നത്.” യമുന റാണി കൂട്ടിച്ചേർത്തു.
മൂന്നു വർഷത്തോളം ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്ത മെഗാ ഹിറ്റ് സീരിയലായിരുന്നു ചന്ദനമഴ. ദേശായികുടുംബവും, ഊർമിളയും, അമൃതയും, വർഷയുമൊക്കെ ഇന്നും ആരാധകർ മറന്നിട്ടില്ല. സമൂഹമാധ്യ്മാനങ്ങളിൽ ഇപ്പോൾ സീരിയലിന്റെ എപ്പിസോഡുകൾ ട്രെൻഡിങ്ങാവുന്നുണ്ട്. ട്രോളുകളിലും ദേശായി കുടുംബം നിറഞ്ഞു നിൽക്കുകയാണ്. സീരിയലിലെ മധുമതി എന്ന കഥാപാത്രമായിരുന്നു യമുന റാണിയുടേത്. മീശമാധവന്‍, പട്ടണത്തിൽ സുന്ദരൻ തുടങ്ങിയ സിനിമകളിലും യമുന റാണി അഭിനയിച്ചിട്ടുണ്ട്. കരിയറിൽ ശ്രദ്ധിക്കപ്പെട്ട് വരുന്നതിനിടെ, യമുന അഭിനയ രംഗത്ത് നിന്നും ഇടവേള എടുത്തിരുന്നു. എന്നാല്‍ പിന്നീട് വീണ്ടും സീരിയലിലും സോഷ്യല്‍ മീഡിയയിലും സജീവമാണ് താരം.