
മൾട്ടി നാഷണൽ കോർപറേറ്റുകളുടെ ലാഭ കൊതിക്കെതിരെയാണ് ‘ഫാർമ’ സംസാരിക്കുന്നതെന്ന് വ്യക്തമാക്കി സീരീസിന്റെ റൈറ്റർ പി ആർ അരുൺ. ‘ഫാർമ ലോകം അറിയേണ്ട കാര്യമാണ് ചർച്ച ചെയ്യുന്നതെന്നും, തെറ്റ് ചെയ്തിട്ട് അത് ചെയ്തില്ലെന്ന് വിശ്വസിച്ച് ജീവിക്കുന്ന സിസ്റ്റത്തെയാണ് ചോദ്യം ചെയ്യുന്നതെന്നും’ അരുൺ പറഞ്ഞു. കൂടാതെ ശക്തരായ, ആയുധ ബലമുള്ളവർക്ക് മാത്രമല്ല, ബലഹീനരായ സാദാരണക്കാർക്കും ഇവിടെ ജീവിക്കേണ്ടതാണെന്ന പൊതു ബോധമുണ്ടാകാനാണ് സീരീസ് വളരെ ഗ്രൗണ്ടടായി ചെയ്തതെന്നും അരുൺ കൂട്ടിച്ചേർത്തു. സെല്ലുലോയ്ഡ് എന്ന ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
“ഫാർമ ചെയ്യുന്ന സമയത്ത് പേടിയുണ്ടായിരുന്നില്ലേ എന്നാളുകൾ ചോദിച്ചിട്ടുണ്ട്. പക്ഷെ ഒരു വ്യക്തിയെയോ, കമ്പനിയെയോ ടാർഗെറ്റ് ചെയ്യുമ്പോഴാണ് നമ്മൾ പേടിക്കേണ്ടത്. ഫാർമ മൾട്ടി നാഷണൽ കോർപറേറ്റുകളുടെ ലാഭ കൊതിക്കെതിരെയാണ് സംസാരിക്കുന്നത്. തെറ്റ് ചെയ്തിട്ട് അത് ചെയ്തില്ലെന്ന് വിശ്വസിച്ച് ജീവിക്കുന്ന സിസ്റ്റത്തെയാണ് ചോദ്യം ചെയ്യുന്നത്. ഫാർമ ലോകം അറിയേണ്ട കാര്യമാണ് ചർച്ചചെയ്യുന്നത്. അത് ലോകത്തിന് മുന്നിലേക്ക് എത്തണമെന്ന് എനിക്ക് നിർബന്ധം ഉണ്ടായിരുന്നു. കാരണം ഞാൻ നേരിട്ട് കണ്ട, അനുഭവിച്ച കാര്യങ്ങളായിരുന്നു സിനിമയ്ക്ക് വേണ്ടിയിട്ടുള്ള എന്റെ റഫറൻസ്.” അരുൺ പറഞ്ഞു.
“ഫാർമയുടെ കാര്യത്തിൽ എഴുതുന്നതിലാണ് ഏറ്റവും കൂടുതൽ വെല്ലു വിളി നേരിട്ടത്. കാരണം ഡോക്ടർസിനെയോ, സെയിൽസ് റപ്പ് മാരെയോ ഈ സീരീസ് വേദനിപ്പിക്കരുതെന്ന് എനിക്ക് നിർബന്ധം ഉണ്ടായിരുന്നു. വളരെ ജെനുവിനായിട്ടുള്ള ഫാർമ കമ്പനികളും, സെയിൽസ് റപ്പുമാരും നമുക്കിടയിലുണ്ട്. അതിനിടയിൽ ചില പുഴുക്കുത്തുകൾ ഉണ്ടാകും. അവരെയാണ് ഞാൻ സീരീസിലൂടെ ടാർഗറ്റ് ചെയ്തത്. പിന്നെ ചിത്രം വളരെ ഗ്രൗണ്ടടായി ചെയ്യാനൊരു കാരണമുണ്ട്. ശക്തരായ, ആയുധ ബലമുള്ളവർക്ക് മാത്രമല്ല, ബലഹീനരായ സാദാരണക്കാർക്കും ഇവിടെ ജീവിക്കേണ്ടതാണെന്ന പൊതുബോധം ആളുകൾക്ക് ഉണ്ടാകണം എന്നെനിക്ക് ഉണ്ടായിരുന്നു. ഇപ്പോൾ സ്ത്രീ സുരക്ഷയെ പറ്റി സംസാരിക്കുമ്പോൾ ഉണ്ണിയാർച്ചയെ പോലെ വാളെടുക്കാനാണ് സമൂഹം പഠിപ്പിക്കുന്നത്. എന്നാൽ ആ വാളെടുക്കേണ്ട അവസ്ഥ സ്ത്രീകൾക്ക് വരാതിരിക്കുമ്പോഴാണ് സ്ത്രീ സുരക്ഷ ഉണ്ടാകുന്നത്. അതുപോലെയാണ് സീരീസിലെ കെ പി വിനോദ് എന്ന കഥാപാത്രവും. സാദാരണകാരനായ, കുടുംബത്തെ കുറിച്ച് ടെൻഷൻ അടിക്കുന്ന, ബലഹീനതയുള്ള ഒരാളാണ്. അത്തരം ആളുകൾക്കും ഇവിടെ ജീവിക്കണം എന്നൊരു കാര്യം കൂടി ഫാർമ സംസാരിക്കുന്നുണ്ട്.” അരുൺ കൂട്ടി ചേർത്തു.
നിവിന്‍ പോളിയുടെ ആദ്യ വെബ് സിരീസ് കൂടിയാണ് “ഫാർമ”. പി ആര്‍ അരുണ്‍ സംവിധാനം ചെയ്ത സിരീസ് ജിയോ ഹോട്ട്സ്റ്റാറിലൂടെയാണ് സ്ട്രീമിംഗ് ചെയ്തു കൊണ്ടിരിക്കുന്നത്. ഫാര്‍മസ്യൂട്ടിക്കല്‍ ബിസിനസിന്റെ പശ്ചാത്തലത്തിലാണ് സീരീസ് കഥ അവതരിപ്പിക്കുന്നത്. മലയാളത്തിനൊപ്പം ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ, ബംഗാളി, മറാഠി ഭാഷകളിലും സിരീസ് കാണാനാവും. സിരീസിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് നിവിന്‍ പോളിയും, ബോളിവുഡ് നടന്‍ രജിത് കപൂറുമാണ്. ശ്യാമപ്രസാദിന്‍റെ അഗ്നിസാക്ഷി ചിത്രത്തിലെ മികച്ച അഭിനയത്തിന് സംസ്ഥാന അവാര്‍ഡ് ലഭിച്ച രജിത് കപൂര്‍, മലയാളത്തിൽ ഒരിടവേളയ്ക്ക് ശേഷം എത്തിയ ചിത്രം കൂടിയാണിത്. ബിനു പപ്പു, നരേൻ, ശ്രുതി രാമചന്ദ്രൻ, വീണ നന്ദകുമാർ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സിരീസിന് സംഗീതം പകർന്നത് ജേക്സ് ബിജോയാണ്.