
50 കോടി ക്ലബ്ബിൽ കയറി മോഹൻലാലിന്റെ ഏറ്റവും പുതിയ ചിത്രം ‘തുടരും’.സിനിമയുടെ വിജയത്തിൽ മോഹൻലാൽ വളരെ സന്തോഷത്തിലാണെന്ന് പറയുകയാണ് തരുൺ മൂർത്തി. ഹൃദയപൂർവം സിനിമയുടെ ചിത്രീകരണം പൂനെയിൽ നടന്നുക്കൊണ്ടിരിക്കുകയാണ്. മോഹൻലാൽ എത്തിയാൽ ഉടൻ എല്ലാവർക്കുമൊപ്പം ആഘോഷം ഉണ്ടാകുമെന്നും തരുൺ പറഞ്ഞു. തൃശ്ശൂർ രാഗം തിയേറ്ററിൽ കാണികൾക്കൊപ്പം സിനിമയുടെ വിജയം ആഘോഷിക്കുന്നതിനിടയിലാണ് പ്രതികരണം.
ചിത്രം ഇപ്പോഴും ഗംഭീര അഭിപ്രായങ്ങൾ നേടി തിയേറ്ററിൽ പ്രദർശനം തുടരുകയാണ്. ‘ലാലേട്ടൻ ഭയങ്കര സന്തോഷത്തിലാണ്. അദ്ദേഹം വിളിച്ചിരുന്നു, ഇപ്പോൾ രാഗം തിയേറ്റർ ഹൗസ്ഫുൾ ആണെന്ന് അറിഞ്ഞപ്പോൾ സന്തോഷത്തിലാണ് അദ്ദേഹം. ലാലേട്ടൻ ഉടൻ തന്നെ വരും. പൂനൈയിൽ ഷൂട്ട് ആണ് അത് കഴിഞ്ഞാൽ എല്ലാവർക്കും ഒപ്പം ആഘോഷം ഉണ്ടെന്ന് പറഞ്ഞിട്ടുണ്ട്. വളരെ സന്തോഷത്തിലാണ് അദ്ദേഹവും,’ തരുൺ മൂർത്തി പറഞ്ഞു’. റിലീസ് ചെയ്ത് മൂന്ന് ദിവസം കൊണ്ടാണ് തുടരും 50 കോടി ക്ലബ്ബിൽ ഇടം നേടിയിരിക്കുന്നത്. ഇതോടെ അതിവേഗ 50 കോടി ചിത്രങ്ങളിൽ രണ്ടാം സ്ഥാനത്തേക്ക് ചിത്രം എത്തിയിരിക്കുകയാണ്. മോഹൻലാൽ നായകനായ എമ്പുരാൻ എന്ന ചിത്രമാണ് ഈ പട്ടികയിൽ ഒന്നാം സ്ഥാനത്തുള്ളത്. ആദ്യ ദിനത്തിൽ മാത്രം ചിത്രം ആഗോളതലത്തിൽ 17 കോടിയിലധികം രൂപ നേടിയതായാണ് ട്വിറ്റർ ഫോറങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ജനപ്രീതി കണക്കിലെടുക്കുമ്പോള്‍ വരും ദിവസങ്ങളിൽ സിനിമയുടെ കളക്ഷൻ കുത്തനെ ഉയരാനാണ് സാധ്യത.
ഫാമിലി ഡ്രാമ സ്വഭാവത്തിൽ ഒരുങ്ങിയ സിനിമയിൽ ഒരു സാധാരണ ടാക്സി ഡ്രൈവറുടെ വേഷത്തിലാണ് മോഹൻലാൽ എത്തുന്നത്. ബിനു പപ്പു, ഫർഹാൻ ഫാസിൽ, മണിയൻപിള്ള രാജു, തോമസ് മാത്യു, ഇർഷാദ് തുടങ്ങിയവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നത്. നിരവധി പുതുമുഖങ്ങളും ചിത്രത്തിൽ എത്തുന്നുണ്ട്. ഷാജി കുമാർ ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം. എഡിറ്റിംഗ് നിഷാദ് യൂസുഫ്, ഷെഫീഖ് വി ബി, സംഗീതം ജേക്സ് ബിജോയ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ അവന്തിക രഞ്ജിത്ത്, ശബ്ദ സംവിധാനം വിഷ്ണു ഗോവിന്ദ്, കലാസംവിധാനം ഗോകുൽ ദാസ്.
റിലീസ് ചെയ്ത് 24 മണിക്കൂറിനുള്ളിൽ 428.66 K ടിക്കറ്റുകളാണ് വിറ്റഴിഞ്ഞു പോയത്.എമ്പുരാന് റിലീസിന് ശേഷം 381 K ആയിരുന്നു വിറ്റത്. വമ്പന്‍ ഹൈപ്പിലും വലിയ ബജറ്റിലും പാന്‍ ഇന്ത്യന്‍ പ്രമോഷനുമായി എത്തിയ എമ്പുരാന്റെ റെക്കോര്‍ഡ് തകര്‍ത്താണ് തുടരും ബുക്ക് മൈഷോയില്‍ മലയാള സിനിമയില്‍ പുതിയ ചരിത്രം സൃഷ്ടിച്ചിരിക്കുന്നത്. റിലീസ് ചെയ്ത ശേഷം, ബുക്ക്മൈഷോ വഴിയുള്ള ആദ്യ ദിവസത്തെ ബുക്കിങ്ങില്‍ മലയാളസിനിമയിലെ ഒന്നാം സ്ഥാനം സ്വന്തമാക്കിയിരിക്കുകയാണ് തുടരും. അതേ സമയം തുടരുമിന്റെ റിലീസിനോടനുബന്ധിച്ച് കേരളത്തിൽ പല ഇടങ്ങളിലെയും റോഡുകളിൽ മണിക്കൂറുകൾ നീണ്ട ട്രാഫിക് ബ്ലോക്കുകൾ നേരിട്ടു. കൊച്ചി എം ജി റോഡിലെ കവിതാ തിയേറ്റർ ഇന്നലെ വൈകിട്ടോടെ കരകവിഞ്ഞൊഴുകുകയായിരുന്നു. സിനിമ കണ്ടിറങ്ങിയവരുടെ തിരക്കും കാണാൻ കയറുന്നവരുടെ തള്ളിക്കയറ്റവും വാഹനങ്ങളുമായി മണിക്കൂറുകൾ നീണ്ട ബ്ലോക്ക് ആണ് എം ജി റോഡിൽ ഉണ്ടായത്. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുകയാണ്.
ചിത്രത്തിന് ലഭിക്കുന്ന സ്നേഹത്തിനു നന്ദി പറഞ് കൊണ്ട് നടൻ മോഹൻലാൽ രംഗത്തെത്തിയിരുന്നു.തുടരും എന്ന ചിത്രത്തിന് ലഭിക്കുന്ന സ്നേഹവും ഹൃദയം തൊട്ടുള്ള പ്രതികരണങ്ങളും എന്നെ ആഴത്തില്‍ സ്പര്‍ശിച്ചിരിക്കുന്നു. ഓരോ സന്ദേശവും അഭിനന്ദനത്തിൻ്റെ ഓരോ വാക്കുകളും എനിക്ക് പൂർണ്ണമായി പ്രകടിപ്പിക്കാൻ കഴിയാത്ത വിധത്തിൽ എന്നെ സ്പർശിച്ചു. ഈ കഥയിലേക്ക് നിങ്ങളുടെ ഹൃദയങ്ങള്‍ തുറന്നതിന്, അതിന്റെ ആത്മാവ് കണ്ടതിന്, അനുഗ്രഹപൂര്‍വ്വം അതിനെ ചേർത്ത് നിർത്തിയതിന് നന്ദി.ഈ നന്ദി എന്റേത് മാത്രമല്ല. തങ്ങളുടെ സ്നേഹവും പരിശ്രമവും ഊര്‍ജ്ജവുമൊക്കെ ഓരോ ഫ്രെയ്മുകളിലും പകര്‍ന്ന് ഈ യാത്രയില്‍ എനിക്കൊപ്പം നടന്ന എല്ലാവരുടേതുമാണ്. എം രഞ്ജിത്ത്, തരുണ്‍ മൂര്‍ത്തി, കെ ആര് സുനില്‍, ശോഭന, ബിനു പപ്പു, പ്രകാശ് വര്‍മ്മ, ഷാജി കുമാര്‍, ജേക്സ് ബിജോയ് പിന്നെ ഞങ്ങളുടെ ഗംഭീര ടീം- നിങ്ങളുടെ കലയും ആവേശവുമാണ് തുടരുമിനെ ഇന്ന് കാണുന്ന രീതിയിലാക്കിയത്. ഈ സിനിമ ശ്രദ്ധയോടെ, ഒരു ലക്ഷ്യത്തോടെ, എല്ലാറ്റിനുമുപരിയായി, സത്യസന്ധമായി നിർമ്മിച്ചതാണ്. അത് വളരെ ആഴത്തിൽ പ്രതിധ്വനിക്കുന്നത് കാണുന്നത് ഒരു പ്രതിഫലത്തേക്കാൾ കൂടുതലാണ്. അതാണ് യഥാർത്ഥ അനുഗ്രഹം.ഹൃദയപൂര്‍വ്വം എന്റെ നന്ദി