
2019-ൽ റിലീസ് ചെയ്ത ജേഴ്‌സി സിനിമയെ കുറിച്ചുള്ള മറക്കാനാവാത്ത നിമിഷത്തെക്കുറിച്ച് തുറന്നു പറഞ് നടൻ നാനി. ഹോളിവുഡ് റിപ്പോർട്ടറിന് നൽകിയ അഭിമുഖത്തിലാണ് താരത്തിന്റെ പ്രതികരണം. സിനിമയുടെ റീ റിലീസ് ഈ അടുത്തിടെ കഴിഞ്ഞിരുന്നു. തന്റെ മകനെ ആദ്യമായി തിയേറ്ററിൽ കൊണ്ടുപോയത്, ആ സിനിമ കാണിക്കാനാണെന്നും, അതാണ് ജീവിതത്തിലെ ഏറ്റവും നല്ല ഓർമ്മയായി മാറിയതെന്നും നാനി പറഞ്ഞു.
‘ജീവിതത്തില്‍ മറക്കാനാകാത്ത സിനിമാറ്റിക് മൊമൻ്റ് ഒരെണ്ണം ഉണ്ടായിട്ടുണ്ട്. എന്റെ ജേഴ്‌സി എന്ന സിനിമ ഈയടുത്ത് റീ റിലീസ് ചെയ്തിരുന്നു. നല്ല റെസ്‌പോണ്‍സായിരുന്നു കിട്ടിയത്. ആ സിനിമ കാണാന്‍ മകനെയും കൂട്ടി തിയേറ്ററില്‍ പോയി. ആ ഷോ ഹൗസ്ഫുള്ളായിരുന്നു. മകന്‍ ആദ്യമായാണ് ആ സിനിമ കാണുന്നത്. ആറ് വയസ്സാണ് അവന്.ആ സിനിമയില്‍ ഒരു സീനുണ്ട്. എൻ്റെ കഥാപാത്രം സെഞ്ച്വറി നേടി തിരിച്ച് പവലിയനിലേക്ക് നടക്കുമ്പോള്‍ മകന്‍ എനിക്ക് ബഹുമാനപൂര്‍വം തല കുമ്പിട്ടു . 800ലധികം സീറ്റുകളുള്ള ആ തിയേറ്ററിലെ എല്ലാവരും എന്നെ നോക്കി അതുപോലെ ചെയ്തു. ഒരു അച്ഛനെന്ന നിലയിലും നടനെന്ന നിലയിലും ആ സമയത്തെ എന്റെ മാനസികാവസ്ഥ വാക്കുകളില്‍ വിവരിക്കാനാകില്ല,’ നാനി പറയുന്നു.