
വഖഫ് ബിൽ, മുനമ്പം സമരം എന്നിവയെച്ചൊല്ലി രാജ്യസഭയിൽ കേന്ദ്രമന്ത്രിയും സിനിമ താരവുമായ സുരേഷ് ഗോപിയോട് ഏറ്റുമുട്ടിയതിനെ കുറിച്ച് സംസാരിച്ച് കേരളത്തിന്റെ എംപിയും മാധ്യമപ്രവർത്തകനുമായ ജോൺ ബ്രിട്ടാസ്. രാജ്യസഭയിലെ വഴക്കിന് ശേഷം വിഴിഞ്ഞത്ത് വച്ച് സുരേഷ് ഗോപിയുമായി സൗഹൃദം പങ്കിട്ടതിനെകുറിച്ചുള്ള കാഴ്ച്ചയെ കുറിച്ചുള്ള ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു ബ്രിട്ടാസ്. സുരേഷ് ഗോപിയുമായി ഒരുപാട് കാലത്തെ സൗഹൃദമുണ്ടായിരുന്നു എന്നും അദ്ദേഹത്തിന്റെ രണ്ടാം വരവിന് നിമിത്തമായത് താനാണെന്നും ബ്രിട്ടാസ് പറഞ്ഞു.
‘സുരേഷ് ഗോപിയുമായി എത്ര നാളത്തെ പരിചയമുണ്ടെന്ന് നിങ്ങൾക്കറിയുമോ. അന്ന് ആ പ്രശ്നം കഴിഞ്ഞ് പുറത്തെത്തി ഞങ്ങൾ ഒരുപാട് സംസാരിച്ചിരുന്നു, നിങ്ങൾ ക്യാമറയിൽ കാണാത്തോണ്ടാണ്. എനിക്ക് തോന്നുന്നു ഒരു കാലത്ത് സുരേഷ് ഗോപി സിനിമയിൽ നിന്നും അൽപം പിൻവാങ്ങിയിരുന്ന ഘട്ടത്തില്‍, സിനിമ ഇല്ലാതിരുന്ന ഒരു സമയമെന്ന് തന്നെ വേണമെങ്കിലും പറയാം. എല്ലാർക്കും വരുന്ന ഒരു സമയാണ്. അദ്ദേഹത്തിന്റെ ഒരു രണ്ടാം വരവിന്റെ നിമിത്തം ഞാനാണ്. ഞാൻ അന്ന് ഏഷ്യാനെറ്റിലുണ്ടായിരുന്ന ടൈം, ഞാനാണ് അന്ന് അദ്ദേഹത്തിനെ കണ്ട്.. വിളിച്ച് സംസാരിച്ച് ‘നിങ്ങൾക്കുമാകാം കോട്വീശ്വരൻ’ എന്ന പരിപാടി ലോഞ്ച് ചെയ്യുന്നത്.
സുരേഷ് ഗോപി രണ്ടാംവരവില്‍ അദ്ദേഹത്തെ വലിയ ജനകീയനാക്കിയതില്‍ പ്രധാന പങ്ക് ആ പരിപാടിക്കാണ്. അദ്ദേഹത്തോട് സംസാരിക്കുകയും പരിപാടി പുള്ളിയുടെ രീതിയിൽ കൊണ്ടുവരുകയും എല്ലാം ചെയ്തിരുന്നത് ഞാനാണ്. അത് പുള്ളിക്കറിയാം, ഞങ്ങൾ തമ്മിലുള്ള സംസാരത്തിലൊക്കെ അത് വരാറുണ്ട്. എത്രയോ കാലം വലിയ സുഹൃത്തുക്കളായിരുന്നു. ഞാനും പുള്ളിയുമായിരുന്നു എല്ലാം ചെയ്തുകൊണ്ടിരുന്നത്. അക്കാലത്ത് കൈമാറാത്തതായി ഒന്നുമില്ല,’ ബ്രിട്ടാസ് പറഞ്ഞു.
ജോൺ ബ്രിട്ടാസും സുരേഷ് ഗോപിയും വഖഫ് ബിൽ, മുനമ്പം സമരം എന്നിവയെച്ചൊല്ലി രാജ്യസഭയിൽ ഏറ്റുമുട്ടിയിരുന്നത് പലപ്പോഴും മാധ്യമ തലക്കെട്ടുകളായിട്ടുണ്ട്. കേരളത്തിലൊട്ടാകെ ചർച്ചയായ സംഭവമായിരുന്നു ഇത്. പിന്നീട് ഇരുവരും മറ്റൊരു പൊതുപരിപാടിയിൽ ഒന്നിച്ചതും പരസ്പരം സംസാരിച്ചതുമെല്ലാം തന്നെ ആളുകളുടെ ശ്രദ്ധപിടിച്ചുപറ്റിയിരുന്നു.