
സുരേഷ് ഗോപി ചിത്രം ജെഎസ്കെ വിവാദത്തിൽ സെൻസർ ബോർഡിനോട് ചോദ്യങ്ങളുമായി ഹൈക്കോടതി. സിനിമകൾക്ക് എന്ത് പേര് നൽകിയാലെന്താണെന്നും, “ജാനകി” പൊതുവായി ഉപയോഗിക്കുന്ന പേരല്ലേ എന്നും കോടതി ചോദിച്ചു. ഹർജി ഹൈക്കോടതി തിങ്കളാഴ്ച വീണ്ടും പരിഗണിക്കും. കൂടാതെ സെൻസർ ബോർഡിന്റെ തീരുമാനത്തിന്റെ പകർപ്പ് തിങ്കളാഴ്‌ച ഹാജരാക്കാനും കോടതി ഉത്തരവിട്ടിട്ടുണ്ട്.
മാർഗ്ഗ നിർദ്ദേശങ്ങൾക്ക് വിരുദ്ധമാണ് ചിത്രത്തിൻ്റെ പെരെന്നും പതിനാറ് വയസിന് താഴെയുള്ള കുട്ടികൾക്ക് കാണുന്നതിന് വിലക്കുണ്ടെന്നുമായിരുന്നു സെൻസർ ബോർഡിൻ്റെ വാദം. അതേ സമയം ചിത്രത്തിൻ്റെ പ്രദർശനാനുമതി തടഞ്ഞ സെൻസർ ബോർഡ് നടപടിക്കെതിരെ പൂർണ പിന്തുണയുമായി ഫെഫ്‌ക രംഗത്ത് എത്തിയിട്ടുണ്ട്. ഇതേ പേരുള്ള സിനിമയുടെ, കഥാപാത്രത്തിന്റെ പേര് പറയുന്ന ട്രെയ്‌ലറും ടീസറും കേരളത്തിലെ തീയേറ്ററുകളിൽ കഴിഞ്ഞ ഒരു മാസക്കാലമായി പ്രദർശിപ്പിക്കുന്നുണ്ട്. അതിനകത്ത് എന്തെങ്കിലും ഒരു കമ്മ്യൂണൽ ഡിസാർമണി ഉണ്ടായതായിട്ടോ, ഒരു ക്രമ സമാധാന പ്രശ്നമുണ്ടായതായിട്ടോ നമുക്കറിയില്ല. അപ്പം ടീസറിനും ട്രെയിലറിനും ഒരു മാനദണ്ഡം. സിനിമയ്ക്ക് മറ്റൊരു മാനദണ്ഡം. എത്രത്തോളം ആർബിറ്ററി ആണ് ഈ സംഗതി എന്ന് നിങ്ങൾ തന്നെ നോക്കൂ, എന്നാണ് ഫെഫ്ക ജനറൽ സെക്രട്ടറി മാധ്യമങ്ങളോട് ചോദിച്ചത്.
റിവൈസിങ് കമ്മിറ്റിയുടെ തീരുമാനത്തിനെതിരെ സമരത്തിനൊരുങ്ങിയിരിക്കുകയാണ് സംഘടനകൾ. തിങ്കളാഴ്‌ച തിരുവനന്തപുരത്ത് സിബിഎഫ്സി റീജിയണൽ ഓഫീസിന് മുന്നിലാണ് സമരപരിപാടി ആവിഷ്‌കരിച്ചിരിക്കുന്നത്. ഫെഫ്ക, നിർമാതാക്കളുടെ സംഘടന, അഭിനേതാക്കളുടെ സംഘടനയായ അമ്മ എന്നിവരുടെ പ്രാതിനിധ്യം സമരത്തിലുണ്ടാകുമെന്ന് ഫെഫ്‌ക അറിയിചിട്ടുണ്ടായിരുന്നു.