“എന്തൊരു നടനാണ്! മൈ ഗോഡ്! ഹാറ്റ്‌സ് ഓഫ് ടു യൂ”; സൗബിന്റെ പ്രകടനത്തിന് കയ്യടിച്ച് രജനികാന്ത്

','

' ); } ?>

ലോകേഷ് കനകരാജ്- രജനികാന്ത് ചിത്രം കൂലിയിലെ നടൻ സൗബിൻ ഷഹിറിന്റെ പ്രകടനത്തെ അഭിനന്ദിച്ച് നടൻ രജനികാന്ത്. സൗബിന്റെ കാര്യത്തില്‍ തനിക്ക് തീരെ ആത്മവിശ്വാസമില്ലായിരുന്നുവെന്നും സംവിധായകനെ വിശ്വസിക്കുക മാത്രമായിരുന്നു. എന്നാല്‍ പിന്നീട് സൗബിന്റെ പ്രകടനം കണ്ട് താന്‍ ഞെട്ടിപ്പോയെന്നുമാണ് രജനികാന്ത് പറയുന്നത്. കൂലിയുടെ പ്രീ-റിലീസ് ഇവന്റിലാണ് രജനികാന്ത് ഈ കാര്യങ്ങൾ തുറന്നു സംസാരിച്ചത്.

”പ്രധാനപ്പെട്ട കഥാപാത്രമാണ്. ആര് ചെയ്യണം എന്ന് എന്റെ മനസിലും അവരുടെ മനസിലുമുണ്ടായിരുന്നു. ഫഹദായിരുന്നു ആദ്യം മനസ്സിൽ, പക്ഷെ അദ്ദേഹം വളരെ തിരക്കിലായിരുന്നു. അങ്ങനെയാണ് സൗബിനിലേക്കെത്തുന്നത്. മഞ്ഞുമ്മല്‍ ബോയ്‌സില്‍ അഭിനയിച്ചിട്ടുണ്ടെന്ന് പറഞ്ഞു. നോക്കിയപ്പോള്‍ കഷണ്ടിയൊക്കെയുണ്ട്. ഇവരെങ്ങനെ ഈ കഥാപാത്രമാകുമെന്ന് ചോദിച്ചപ്പോള്‍ നോക്കിക്കോ സാര്‍ ഗംഭീര ആര്‍ട്ടിസ്റ്റാണെന്ന് പറഞ്ഞു. 100 ശതമാനം ഉറപ്പ് സൗബിന്റെ കാര്യത്തിൽ അവരെനിക്ക് തന്നു. എനിക്ക് തീരേ വിശ്വാസമില്ലായിരുന്നു. അവര്‍ അത്രയും ആത്മവിശ്വാസത്തോടെ പറയുന്നതിനാല്‍ ഞാന്‍ എതിര്‍ത്തില്ല”. രജനികാന്ത് പറഞ്ഞു.

”വിശാഖ പട്ടണത്തെ ഷൂട്ടിങ് വന്നപ്പോള്‍ രണ്ട് ദിവസം സൗബിന്റെ ഷൂട്ടായിരുന്നു. മൂന്നാമത്തെ ദിവസം ലോകേഷ് വന്നപ്പോള്‍ ലാപ് ടോപ്പ് കൊണ്ടു വന്നിരുന്നു. സൗബിന്‍ അഭിനയിച്ച രണ്ട് മൂന്ന് സീനുകള്‍ കാണിച്ചു തന്നു. ഞാന്‍ ആടിപ്പോയി. എന്തൊരു നടനാണ്! മൈ ഗോഡ്! ഹാറ്റ്‌സ് ഓഫ് ടു യൂ”. രജനികാന്ത് കൂട്ടിച്ചേർത്തു.

കൂലിയ്ക്കായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകര്‍. ആമിര്‍ ഖാന്‍, നാഗാർജുന, ഉപേന്ദ്ര, സത്യരാജ് തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. അതേസമയം മലയാളികള്‍ കാത്തിരിക്കുന്നത് കൂലിയിലെ സൗബിന്‍ ഷാഹിറിന്റെ പ്രകടനം കാണാനാണ്. ട്രെയ്‌ലറിലും മോണിക്ക പാട്ടിലുമെല്ലാം സൗബിന്റെ നിറഞ്ഞാട്ടമായിരുന്നു. ലോകേഷും രജനികാന്തും ആദ്യമായി ഒരുമിക്കുന്ന ചിത്രം ഓഗസ്റ്റ് 14 നാണ് തിയേറ്ററുകളിലേക്ക് എത്തുക. വന്‍ താരനിരയുമായി വരുന്ന ചിത്രത്തിന്റെ സംഗീതം അനിരുദ്ധ് ആണ്. നാഗാര്‍ജുനയാണ് ചിത്രത്തിലെ വില്ലന്‍ വേഷം അവതരിപ്പിക്കുന്നത്. 40 വര്‍ഷത്തിന് ശേഷം രജനികാന്തും സത്യരാജും ഒരുമിച്ച് അഭിനയിക്കുന്ന സിനിമയെന്ന പ്രത്യേകയും കൂലിയ്ക്കുണ്ട്.