സിനിമാ മേഖലയ്ക്ക് ആവശ്യമായ എല്ലാ സേവനങ്ങളും ഒരു കുടക്കീഴില് ലഭ്യമാക്കുന്ന കാറ്റലിസ്റ്റ് എന്റര്ടെയ്ന്മെന്റ് കണ്‍സള്‍ട്ടന്‍സിയുടെ വെബ്സൈറ്റ് മെഗാസ്റ്റാര്‍ മമ്മൂട്ടി പ്രകാശനം ചെയ്തു. പ്രോജക്ട് ഡിസൈനിങ്, മൂവി മാര്‍ക്കറ്റിങ്, സെലിബ്രിറ്റി മാനേജ്മെന്റ്, മീഡിയ പ്രൊമോഷന്, കാസ്റ്റിങ് ഉള്‍പ്പെടെയുള്ള സേവനങ്ങളാണ് കാറ്റലിസ്റ്റ് നല്‍കുന്നത്. ഒരു കലയ്ക്കും വിനോദ വ്യവസായത്തിനും ഇടയ്ക്ക് ഒരു പാലം എന്ന നിലയ്ക്കാണ് കാറ്റലിസ്റ്റ് എന്റര്ടെയ്ന്മെന്റ് കണ്‍സള്‍ട്ടന്‍സി പ്രവര്‍ത്തിക്കുന്നതെന്നും ഇവ രണ്ടും ഒന്നിക്കുമ്പോഴാണ് എന്റര്ടെയ്ന്മെന്റ് ഇന്‍ഡസ്ട്രി പൂര്‍ണമാകുന്നതെന്നും കമ്പനി സിഎംഡി വിവേക് രാമദേവന് പറഞ്ഞു. ബോളിവുഡില്‍ പോലും വിവിധ സേവനങ്ങള്‍ വ്യത്യസ്ത സ്ഥാപനങ്ങള്‍ നല്കുമ്പോള് അത്തരം സേവനങ്ങള്‍ ഒരു കുടക്കീഴില് അണിനിരത്തുന്നുവെന്നതാണ് കാറ്റലിസ്റ്റിന്റെ സവിശേഷതയെന്നും അദ്ദേഹം വ്യക്തമാക്കി. ഷോ ബിസിനസില്‍ പ്രൊഫഷണലിസം കൊണ്ടുവരികയെന്ന ആഗ്രഹമാണ് പിഎസ്ജി കോളേജ് ഓഫ് ടെക്നോളജിയില്‍ നിന്നും എംബിഎ ബിരുദം നേടിയ വിവേക് രാമദേവനെ സിനിമാ ലോകത്തേക്ക് എത്തിച്ചത്. ബ്രാന്‍ഡ് മാനേജ്മെന്റ്, അഡ്വര്‍ട്ടൈസിങ് എന്നീ മേഖലകളില്‍ അദ്ദേഹത്തിന് 20 വര്‍ഷത്തെ പരിചയസമ്പത്തുണ്ട്.
സിനിമ കാണുമെന്നല്ലാതെ സിനിമയുമായോ സിനിമാ വ്യവസായവുമായോ യാതൊരു ബന്ധവുമില്ലാതിരുന്ന വിവേക്, നടീനടന്മാരുടെ കാസ്റ്റിങ്ങിലൂടെയാണ് സിനിമാ ബന്ധത്തിന് ആരംഭം കുറിച്ചത്. തുടര്‍ന്നാണ് കോണ്ടന്റ് സോഴ്സിങ്, ഫിലിം മാര്‍ക്കറ്റിങ്, പ്രോജക്ട് ഡിസൈനിങ് എന്നീ മേഖലകളിലേക്ക് കടന്നത്. കാറ്റലിസ്റ്റിന് സമാനമായി കഴിഞ്ഞ വര്‍ഷങ്ങളില്‍ വിവേകിന്റെ റോളും മാറിയിട്ടുണ്ടെങ്കിലും സിനിമയോടുള്ള അഭിനിവേശം ഒന്നു മാത്രമാണ് മാറാതിരുന്നത്. തന്റേതായ ഒരു പാത വെട്ടിതെളിക്കാനുള്ള ആഗ്രഹവും കാലത്തിനും അപ്പുറമുള്ള തന്റെ ആശയങ്ങള്‍ പ്രാവര്‍ത്തികമാക്കുമ്പോള്‍ തന്നെ പുതിയ കാര്യങ്ങള്‍ പഠിച്ചെടുക്കാനുള്ള താല്പര്യവുമാണ് അദ്ദേഹത്തിന്റെ കരുത്ത്. കാഴ്ച എന്ന സിനിമയിലൂടെ പത്മപ്രിയയെ മലയാള സിനിമയ്ക്ക് പരിചയപ്പെടുത്തിയത്, മലയാളം സിനിമയില്‍ ആര്‍ട്ടിസ്റ്റ് മാനേജ്മെന്റ് എന്ന ആശയം ആദ്യമായി പരിചയപ്പെടുത്തിയത്, സെക്കന്‍ഡ് ഷോ എന്ന സിനിമയിലൂടെ ദുല്‍ഖര്‍ സല്‍മാന്റെ സിനിമാപ്രവേശത്തിന് സഹായകമായത്, മലയാളം സിനിമാ രംഗത്ത് ഫിലിം മാര്‍ക്കറ്റിങ് എന്ന ആശയത്തിന് തുടക്കംകുറിച്ചത്, കൂടാതെ പേരന്‍ബ്, മാമാങ്കം, ബ്രോ ഡാഡി തുടങ്ങിയ സിനിമകളുടെ ഡിസൈനിങ് തുടങ്ങിയവ ഉള്‍പ്പെടുന്നതാണ് വിവേകിന്റെ പ്രവര്‍ത്തനങ്ങള്‍. വൈശാഖ്, രഞ്ജന്‍ പ്രമോദ് എന്നിവരാണ് കാറ്റലിസ്റ്റ് മാനേജ് ചെയ്യുന്ന സംവിധായകര്‍. പത്മപ്രിയയെ കൂടാതെ ഹണി റോസ്, പ്രിയ വാരിയര്‍, പ്രിയ ആനന്ദ്, സ്രിന്ദ, സുദേവ് നായര്‍, ദുര്‍ഗ കൃഷ്ണ, ഷാന്‍വി ശ്രീവാസ്തവ തുടങ്ങി പ്രമുഖ താരങ്ങളെയും ഡിഒപി വിഷ്ണു ശര്‍മയെയും കാറ്റലിസ്റ്റ് മാനേജ് ചെയ്യുന്നുണ്ട്.
‘ഇതുവരെ ആരും കേട്ടിട്ടില്ലാത്ത എന്റെ ആശയങ്ങള്‍ അവതരിപ്പിച്ചപ്പോള്‍ എന്നെ വിശ്വസിച്ച കഴിവുള്ള താരങ്ങള്‍, സംവിധായകര്‍, നിര്‍മാതാക്കള്‍ തുടങ്ങിയവരുടെ പിന്തുണയില്ലാതെ എനിക്കീ നേട്ടങ്ങളൊന്നും ഉണ്ടാക്കാനാകുമായിരുന്നില്ല. കലയുടെയും വ്യവസായത്തിന്റെയും സംയോജനമായ എന്റര്ടെയ്ന്മെന്റ് എന്ന മായാലോകത്തെക്കുറിച്ച് ഇപ്പോഴും പഠിച്ചുകൊണ്ടിരിക്കുകയാണ്. കാറ്റലിസ്റ്റിലൂടെ കഴിഞ്ഞ 18 വര്‍ഷങ്ങളായി എനിക്ക് ഏറെ മനോഹര നിമിഷങ്ങള്‍ സമ്മാനിച്ചിട്ടുള്ള സിനിമാ വ്യവസായത്തിന് കൂടുതല്‍ സംഭാവന ചെയ്യാനും സാധിക്കുമെന്നാണ് കരുതുന്നത്’, വിവേക് രാമദേവന് പറഞ്ഞു.