
കൊട്ടാരക്കര മഹാദേവ ക്ഷേത്രത്തിൽ നടന്ന ചടങ്ങിൽ പങ്കെടുക്കുന്നതിനിടെ നടൻ നിവിൻ പോളി നടത്തിയ വാക്കുകൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുകയാണ്. “സ്വന്തം കാര്യം മാത്രം നോക്കുന്നവരെയും ഭീഷണിയുടെ സ്വരം മുഴക്കുന്നവരെയും നമുക്ക് ചുറ്റുമുള്ള ലോകത്ത് കാണാനാകും. പക്ഷേ നല്ല ഹൃദയമുള്ള ആളായി ജീവിക്കാൻ കഴിയുന്നെങ്കിൽ അതാണ് ഏറ്റവും നല്ലത്,” എന്നാണ് നടന്റെ പ്രതികരണം.
‘ഇങ്ങോട്ട് വരും വഴി ഞാനൊരു ഫ്ലക്സ് ബോർഡ് കണ്ടു. അതിൽ എഴുതിയിരുന്നത് നല്ല ഹൃദയം ഉണ്ടാവട്ടെ എന്നായിരുന്നു. എനിക്ക് എല്ലാവരോടും പറയാനുള്ളതും അതാണ്. പരസ്പരം സ്നേഹത്തോടെയും സമാധാനത്തോടെയും ജീവിക്കുന്ന ആളുകളായി ജീവിക്കാൻ കഴിഞ്ഞാൽ അത് വളരെ നല്ല കാര്യമാണ്. അങ്ങനെയുള്ള നിരവധിപ്പേരെ നമ്മൾ ജീവിതത്തിൽ കാണാറുണ്ട്. അങ്ങനെയല്ലാത്തവരെയും നമുക്ക് ജീവിതത്തിൽ അഭിമുഖീകരിക്കേണ്ടി വരാറുണ്ട്. സ്വന്തം കാര്യം മാത്രം നോക്കുന്ന, ഭീഷണിയുടെ സ്വരം മുഴക്കുന്ന ആളുകളുമുണ്ട്. അവരോട് എല്ലാവരോടും എനിക്ക് പറയാനുള്ളത് ഒറ്റ കാര്യം മാത്രമാണ്, നല്ല ഹൃദയത്തിന് ഉടമകളാവുക, നല്ല മനസ്സിന് ഉടമകളാവുക. പരസ്പരം സ്നേഹത്തിലും സന്തോഷത്തിലും മുന്നോട്ട് പോകുവാൻ നമുക്ക് എല്ലാവർക്കും കഴിയും,’ എന്ന് നിവിൻ പോളി പറഞ്ഞു.
നിവിന്റെ ഈ വാക്കുകൾ നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫൻ നടത്തിയ പ്രസ്താവനക്കുള്ള മറുപടിയാണെന്നാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. കഴിഞ്ഞ ദിവസം പ്രിൻസ് ആൻഡ് ദി ഫാമിലി എന്ന സിനിമയുടെ പരിപാടിക്കിടെ ലിസ്റ്റിൻ സ്റ്റീഫൻ പറഞ്ഞ വാക്കുകൾ സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയ്ക്കിടയാക്കിയിരുന്നു. “മലയാള സിനിമയിൽ ഒരു പ്രമുഖ നടൻ വലിയ തെറ്റിന് തിരി കൊളുത്തിയിട്ടുണ്ട്. ഇനിയും അത് ആവർത്തിച്ചാൽ അതിന് വലിയ പ്രത്യാഘാതം ഉണ്ടാകും’, എന്നായിരുന്നു ലിസ്റ്റിൻ പറഞ്ഞത്. അത് നിവിൻ പോളി ആണെന്ന തരത്തിൽ പിന്നീട് വാർത്തകൾ വരികയുണ്ടായി. എന്നാൽ തൊട്ടു പിന്നാലെ “താൻ വിമർശനം ഉന്നയിച്ച നടൻ നിവിൻ പോളിയാണെന്ന് പറഞ്ഞിട്ടില്ലെന്ന് വ്യക്തമാക്കി ലിസ്റ്റിൻ സംവത്തിൽ പ്രതികരിക്കുകയുണ്ടായി.
നിവിൻ നായകനാകുന്ന ബേബി ഗേൾ എന്ന സിനിമയുമായി ബന്ധപ്പെട്ടുള്ള പ്രശ്നങ്ങൾക്കിടയിലാണ് ഈ സംഭവങ്ങൾ നടക്കുന്നത്. ഇതിന്റെ പശ്ചാത്തലത്തിലാണ് നിവിന്റെ വാക്കുകൾ സമൂഹമാധ്യമങ്ങളിൽ വലിയ ശ്രദ്ധ പിടിച്ചു പിടിച്ചിരിക്കുന്നത്. ചടങ്ങിൽ എത്തിയ പ്രേക്ഷകരോട് നിവിൻ പോളി നന്ദിയും രേഖപ്പെടുത്തി.