“ഹൈക്കോടതിയുടെ നിലപാട് സ്വാഗതം ചെയ്യുന്നു, തീരുമാനം എന്തായാലും സ്വീകരിക്കും.”; പ്രവീൺ നാരായണൻ

','

' ); } ?>

സുരേഷ് ഗോപി ചിത്രം ജെ എസ് കെയെ കുറിച്ചുള്ള ഹൈക്കോടതിയുടെ പുതിയ തീരുമാനത്തിൽ പ്രതികരിച്ച് ചിത്രത്തിന്റെ സംവിധായകൻ പ്രവീൺ നാരായണൻ. ഹൈക്കോടതിയുടെ നിലപാട് സ്വാഗതാഹാർഹമാണെന്നും ഉചിതമായ തീരുമാനം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും പ്രവീൺ നാരായണൻ പറഞ്ഞു. കോടതിയുടെ തീരുമാനം എന്തായാലും സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

സെൻസർ ബോർഡ് വെട്ടിയ സിനിമയുടെ പേര് ഏതെങ്കിലും രീതിയിൽ പ്രശ്നമുണ്ടാക്കുന്നുണ്ടോ എന്ന് പരിശോധിക്കാൻ കോടതി ശനിയാഴ്ച ചിത്രം കാണുമെന്നും, അത് കഴിഞ്ഞിട്ട് പ്രദർശിപ്പിക്കണോ വേണ്ടയോ എന്ന തീരുമാനിക്കാമെന്നുമായിരുന്നു കോടതിയുടെ പുതിയ നിലപാട്.
ജസ്റ്റിസ് എന്‍ നഗരേഷ് അധ്യക്ഷനായ ബെഞ്ചാണ് സിനിമ കാണണമെന്ന തീരുമാനത്തിലേക്ക് നീങ്ങിയത്. ശനിയാഴ്ച രാവിലെ 10 മണിക്ക് കോടതി സിനിമ കാണുമെന്ന് നിര്‍മാതാക്കളോട് വ്യക്തമാക്കി.

സിനിമ സ്റ്റുഡിയോയില്‍ കാണാന്‍ സൗകര്യമൊരുക്കാമെന്ന് നിര്‍മാതാക്കള്‍ കോടതിയെ അറിയിച്ചു. പാലാരിവട്ടത്തെ ലാല്‍ മീഡിയയില്‍ ശനിയാഴ്ച 10 മണിക്ക് സിനിമ പ്രദര്‍ശിപ്പിക്കാനാണ് തീരുമാനം. സിബിഎഫ്സിക്ക് വേണ്ടി ഹാജരായ അഡ്വ. അഭിനവ് ചന്ദ്രചൂഢ് സിനിമ മുംബൈയില്‍ വെച്ച് കാണാന്‍ ആഗ്രഹമുണ്ടെന്ന് അറിയിച്ചു. എന്നാൽ കൊച്ചിയില്‍ വന്ന് സിനിമ കാണണമെന്ന് കോടതി മറുപടി നൽകി.
സിനിമയ്ക്ക് പ്രദർശനാനുമതി വിലക്കിയ സെൻസർ ബോർഡ് നടപടിക്കെതിരെ നിർമ്മാണ കമ്പനി നൽകിയ ഹർജിയിലാണ് ഹൈക്കോടതി നിലപാട് വ്യക്തമാക്കിയത്.

സിനിമാച്ചട്ടങ്ങളിലെ ഏതു വ്യവസ്ഥയാണ് വിലക്കിന് കാരണമാകുന്നതെന്ന് തെളിയിക്കണമെന്ന് ജസ്റ്റീസ് നഗരേഷ് നിർദേശിച്ചിരുന്നു. മറുപടി സത്യവാങ്മൂലം നൽകാൻ സമയം വേണമെന്ന് ഇന്ന് കേന്ദ്ര സെന്‍സര്‍ ബോര്‍ഡ് കോടതിയോട് ആവശ്യപ്പെട്ടു. എന്നാൽ നിലവിലെ ഹർജിയിൽ അനാവശ്യമായി സമയം നീട്ടി അനുവദിക്കാന്‍ സാധിക്കില്ലെന്നും പുതിയ ഹര്‍ജിയില്‍ സമയം തരാമെന്നും കോടതി വ്യക്തമാക്കി. ഹര്‍ജി ചൊവ്വാഴ്ച വീണ്ടും പരിഗണിക്കും.

ചിത്രത്തിന് പ്രദര്‍ശനാനുമതി നല്‍കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി നിര്‍മാതാക്കളായ കോസ്‌മോസ് എന്റര്‍ടെയ്ന്‍മെന്റ്‌സാണ് ഹൈക്കോടതിയെ സമീപ്പിച്ചത്. ജൂണ്‍ 12-ന് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റിനായി അപേക്ഷ നല്‍കിയിട്ടും ഇതുവരെ ലഭിച്ചില്ലെന്ന് നിര്‍മാതാക്കള്‍ ഹൈക്കോടതിയെ അറിയിച്ചിരുന്നു. സിനിമയുടെ പേരും കഥാപാത്രത്തിന്റെ പേരും ‘ജാനകി’ എന്നായതാണ് സര്‍ട്ടിഫിക്കറ്റ് നല്‍കാതിരിക്കാന്‍ കാരണമെന്നാണ് അനൗദ്യോഗികമായി അറിയിച്ചിരിക്കുന്നതെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. പ്രവീണ്‍ നാരായണന്‍ സംവിധാനം ചെയ്യുന്ന ചിത്രം കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു റിലീസ് ചെയ്യേണ്ടിരുന്നത്.