“കുറച്ച് കാലമായി നമ്മൾ കാണാത്ത ലാലിന്റെ മുഖവും, മുഖഭാവങ്ങളും ഈ സിനിമയിൽ കാണാൻ പറ്റും”; ഹൃദയപൂർവ്വ”ത്തെ കുറിച്ച് മനസ്സ് തുറന്ന് സത്യൻ അന്തിക്കാട്

','

' ); } ?>

മോഹൻലാൽ- സത്യൻ അന്തിക്കാട് കൂട്ട് കെട്ടിൽ ഒരുങ്ങുന്ന ഏറ്റവും പുതിയ ചിത്രം “ഹൃദയപൂർവ്വ”ത്തെ കുറിച്ച് മനസ്സ് തുറന്ന് സംവിധായകൻ “സത്യൻ അന്തിക്കാട്”. മോഹൻലാലും താനും ചേർന്ന് ചെയ്യുന്ന സിനിമകളുടെ ഒരു പാറ്റേണിൽ ഉള്ള, കുടുംബപ്രേക്ഷകരെ രസിപ്പിക്കുന്ന ഒരു സിനിമ തന്നെയാകും ഹൃദയപൂർവ്വം എന്നാണ് ചിത്രത്തെക്കുറിച്ച് സത്യൻ അന്തിക്കാട് പറഞ്ഞത്.”കുറച്ച് കാലമായി നമ്മൾ കാണാത്ത ലാലിന്റെ മുഖവും, മുഖഭാവങ്ങളും ഈ സിനിമയിൽ കാണാൻ പറ്റുമെന്നാണ് വിചാരിക്കുന്നത്. ഒരു പ്ലെസന്റ് ആയിട്ടുള്ള സിനിമയാണ് ഹൃദയപൂർവ്വമെന്നും
സത്യൻ അന്തിക്കാട് കൂട്ടി ചേർത്തു. ക്യു സ്റ്റുഡിയോക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഹൃദയപൂർവ്വം വളരെ ഇന്ററസ്റ്റിങ്ങ് ആയിട്ടുള്ളൊരു സിനിമയായി മാറിയിട്ടുണ്ടെന്നാണ് എനിക്ക് തോന്നുന്നത്. ചിത്രത്തിന്റെ എഡിറ്റിങ് കഴിഞ്ഞു, ഇപ്പോൾ നമ്മൾ ബാക്ക്ഗ്രൗണ്ട് സ്കോർ ചെയ്യാനിരിക്കുകയാണ്. ‘പാച്ചുവും അത്ഭുതവിളക്കും’ ഒക്കെ ചെയ്ത ജസ്റ്റിൻ പ്രഭാകരനാണ് സംഗീതസംവിധാനം. ഓണത്തിന് ഒരാഴ്ച മുൻപാകും തിയറ്ററുകളിൽ എത്തുന്നുണ്ടാവുക, അതുകൊണ്ട് കുടുംബപ്രേക്ഷകർക്ക് രസം തോന്നാവുന്ന, ഒരുമിച്ചിരുന്ന് ആസ്വദിക്കാവുന്ന ഒരു സിനിമ തന്നെയാണ്’, സത്യൻ അന്തിക്കാട് പറഞ്ഞു.

ഒരു നീണ്ട ഇടവേളയ്ക്ക് ശേഷം മോഹൻലാൽ-സത്യൻ അന്തിക്കാട് കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് ഹൃദയപൂർവ്വം. സത്യന്‍ അന്തിക്കാടും മോഹന്‍ലാലും ഒന്നിക്കുന്ന ഇരുപതാമത്തെ ചിത്രം കൂടിയാണ് ഹൃദയപൂര്‍വ്വം. ആശിര്‍വാദ് സിനിമാസും സത്യന്‍ അന്തിക്കാടും ഒന്നിക്കുന്ന അഞ്ചാമത്തെ ചിത്രവും. വലിയ പ്രതീക്ഷയാണ് സിനിമയ്ക്ക് മേൽ പ്രേക്ഷകർക്കുള്ളത്. നടൻ മോഹൻലാലിന്റെ സ്വന്തം കൈപ്പടയിലാണ് ഹൃദയപൂർവ്വം എന്ന ടൈറ്റിൽ ഡിസൈൻ ചെയ്തിരിക്കുന്നത്. 2015-ല്‍ പുറത്തിറങ്ങിയ ‘എന്നും എപ്പോഴും’ എന്ന ചിത്രത്തിലായിരുന്നു മോഹന്‍ലാല്‍-സത്യന്‍ അന്തിക്കാട് കൂട്ടുകെട്ട് ഒടുവില്‍ ഒന്നിച്ചത്.

സിനിമയുടെ ഫസ്റ്റ് ലുക്ക് നേരത്തെ പുറത്തുവന്നിരുന്നു. മോഹന്‍ലാലും മാളവിക മോഹനനും സംഗീത് പ്രതാപുമാണ് ഈ ഫസ്റ്റ് ലുക്ക് പോസ്റ്ററിലുള്ളത്. കയ്യെഴുത്ത് എന്ന തോന്നിക്കുന്ന രീതിയിലാണ് ചിത്രത്തിന്റെ ടൈറ്റില്‍ വന്നിരിക്കുന്നത്. ആഗസ്റ്റ് 28 ന് ഹൃദയപൂര്‍വ്വം തിയേറ്ററിലെത്തും. സത്യന്‍ അന്തിക്കാടിന്റെ മക്കളായ അഖില്‍ സത്യനും അനൂപ് സത്യനും അദ്ദേഹത്തിനൊപ്പം പ്രവര്‍ത്തിക്കുന്നു എന്ന പ്രത്യേകതയും ഹൃദയപൂര്‍വ്വത്തിനുണ്ട്. ചിത്രത്തിന്റെ കഥ ഒരുക്കിയിരിക്കുന്നത് അഖില്‍ സത്യനാണ്. അനൂപ് സത്യന്‍ സിനിമയില്‍ അസോസിയേറ്റ് ആയി പ്രവര്‍ത്തിക്കുന്നു. അനു മൂത്തേടത്ത് ക്യാമറയും ജസ്റ്റിന്‍ പ്രഭാകരന്‍ സംഗീത സംവിധാനവും നിര്‍വഹിക്കുന്നു. എമ്പുരാന് ശേഷം ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മിക്കുന്ന ചിത്രം കൂടിയാണ് ഹൃദയപൂര്‍വ്വം. ഫാര്‍സ് ഫിലിംസ് ആണ് സിനിമ ഓവര്‍സീസില്‍ പ്രദര്‍ശനത്തിനെത്തിക്കുന്നത്.