
അരുൺ മാതേശ്വരന്റെ സംവിധാനത്തിൽ സംവിധായകൻ ലോകേഷ് കനകരാജ് നായകനായെത്തുന്ന ചിത്രത്തിനെ കുറിച്ചുള്ള കൂടുതൽ അപ്ഡേഷനുകൾ പുറത്ത്. നടി വാമിക ഗബ്ബിയാണ് ചിത്രത്തിൽ നായികയായെത്തുന്നതെന്നാണ് പുതിയ റിപ്പോർട്ട്. ‘ഗോദ’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയമായ താരമാണ് വാമിക.
സിനിമയുടെ ഷൂട്ടിംഗ് ഇപ്പോൾ പുരോഗമിക്കുകയാണ്. ജനുവരിയോടെ ചിത്രീകരണം മുഴുവനായി പൂർത്തിയാകും എന്നാണ് റിപ്പോർട്ട്. ഒരു ആക്ഷൻ ചിത്രമായി ആണ് സിനിമ ഒരുങ്ങുന്നതെന്ന് എന്നാണ് സൂചന. സിനിമയ്ക്കായി ലോകേഷ് കനകരാജ് മാര്‍ഷല്‍ ആർട്സ് പഠിക്കുന്നു എന്ന അപ്ഡേറ്റ് നേരത്തെ പുറത്തുവന്നിരുന്നു. അരുണിന്റെ മുൻ സിനിമകളെപ്പോലെ ആക്ഷനും വയലൻസിനും പ്രാധാന്യം കൊടുത്തായിരിക്കും ഈ സിനിമയും മുന്നോട്ട് പോകുകയെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.
റോക്കി, ക്യാപ്റ്റൻ മില്ലർ തുടങ്ങിയ സിനിമകളൊരുക്കിയ സംവിധായകനാണ് അരുൺ മാതേശ്വരൻ. ധനുഷിനെ നായകനാക്കി ഇളയരാജയുടെ ബയോപിക് ആണ് അടുത്തതായി അരുൺ മാതേശ്വരൻ ഒരുക്കുന്നതെന്ന് നേരത്തെ അപ്ഡേറ്റ് വന്നെങ്കിലും ചിത്രം നീട്ടിവയ്ക്കുകയായിരുന്നു.
അതേസമയം, കാർത്തി ചിത്രമായ കൈതി 2 ആണ് ഇനി പുറത്തിറങ്ങാനുള്ള ലോകേഷ് ചിത്രം. അരുൺ ചിത്രത്തിന്റെ ഷൂട്ടിംഗ് കഴിഞ്ഞാൽ ഉടൻ ലോകേഷ് ഈ സിനിമയിലേക്ക് കടക്കുമെന്നാണ് സൂചന. നേരത്തെ രജനി-കമൽ ചിത്രത്തിന്റെ തിരക്കുകൾ കാരണം കൈതി 2 നീട്ടിവെക്കും എന്ന തരത്തിൽ റിപ്പോർട്ടുകൾ വന്നിരുന്നു.
എൽസിയു എന്ന ലോകേഷ് കനകരാജ് യൂണിവേഴ്‌സിന് തുടക്കമിട്ട ചിത്രം കൂടിയായിരുന്നു കെെതി. ‘കൈതി’, ‘വിക്രം’, ‘ലിയോ’ എന്നീ ചിത്രങ്ങൾക്ക് ശേഷം ഒരുങ്ങുന്ന കൈതി 2 വിൽ നായകനായ കാർത്തിക്ക് ഒപ്പം എൽസിയുവിലെ മറ്റുതാരങ്ങളും എത്തുമോയെന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്.