
വീരം, വേതാളം, വിവേകം എന്നീ മാസ്സ് ചിത്രങ്ങള്‍ക്ക് ശേഷം അജിത്തിനെ തന്നെ നായകനാക്കി സംവിധായകന്‍ ശിവ ഒരുക്കിയ ചിത്രമാണ് വിശ്വാസം. ആരാധകര്‍ക്ക് ആഘോഷിക്കാന്‍ ഉള്ളതിനൊപ്പം തന്നെ അജിത് എന്ന നടനെ ഏറ്റവും മികച്ച രീതിയില്‍ ഉപയോഗിക്കാനുള്ള ശ്രമവും ശിവ ഈ ചിത്രത്തില്‍ നടത്തിയിട്ടുണ്ട്. എന്നാല്‍ ശിവയുടെ മുന്‍ ചിത്രങ്ങള്‍ പോലെ തന്നെ നല്ലവനും ശക്തനുമായ നായകന്‍, നായകന്റെ നാടും കുടുംബവും, വേറെ ദേശത്തെ വില്ലനും എല്ലാം വിശ്വാസത്തിലുമുണ്ട്.
തന്റെ ഗ്രാമത്തില്‍ ഉണ്ടാകുന്ന പ്രശനങ്ങള്‍ക്ക് ഒന്നും ആലോചിക്കാതെ ഇടപെടുന്ന തൂക്കു ദുരൈ എന്ന കഥാപാത്രമായി തല അജിത് എത്തുന്നു. രണ്ടു ഗെറ്റപ്പിലാണ് അജിത് ഈ ചിത്രത്തില്‍ പ്രത്യക്ഷപെടുന്നത്. ദുരൈയുടെ ജീവിതത്തിലേക്കു പ്രതീക്ഷിക്കാതെ കടന്ന് വരുന്ന ചില കഥാപാത്രങ്ങളില്‍ കൂടി ചിത്രത്തിന്റെ കഥാഗതി മാറുകയാണ്. അജിത്തിന് ഒപ്പം തന്നെ മറ്റ് കഥാപത്രങ്ങള്‍ക്കും വേണ്ട രീതിയിലുള്ള പരിഗണന നല്‍കാന്‍ സംവിധായകന്‍ ശ്രദ്ധിച്ചിട്ടുണ്ട്. നായികയായി എത്തിയ നയന്‍താര മിന്നുന്ന പ്രകടനം തന്നെയാണ് കാഴ്ചവെച്ചത്. ഇവരുടെ മകളായി എത്തിയ അനിക തന്റെ കഥാപാത്രത്തെ മനോഹരമാക്കി. ‘എന്നൈ അറിന്താലിനു’ ശേഷം ബേബി അനിക അജിത്തിനൊപ്പം വീണ്ടും ചേരുമ്പോള്‍ ഇരുവരുടെയും സ്‌ക്രീന്‍ പ്രസന്‍സ് മികവുറ്റതാണ്. കഥയെ ക്ലൈമാക്‌സിലേക്കു നയിക്കും വിധം പ്രാധാന്യമുള്ളതാണ് ചിത്രത്തിലെ അനികയുടെ കഥാപാത്രം. മറ്റ് കഥാപാത്രങ്ങളായി വേഷമിട്ട റോബോ ശങ്കര്‍, വിവേക്, തമ്പി രാമയ്യ,യോഗി ബാബു, കലൈറാണി, ബോസ് വെങ്കട്ട്, സുജാത ശിവകുമാര്‍ തുടങ്ങിയവര്‍ തങ്ങളുടെ കഥാപാത്രങ്ങളെ മികച്ചതാക്കി.
ഡി ഇമാന്‍ ഒരുക്കിയ സംഗീതവും വെട്രിമാരന്‍ പകര്‍ത്തിയ ദൃശ്യങ്ങളും ചിത്രത്തിന് മികവ് നല്‍കി. ഒറ്റ വാക്കില്‍ പറഞ്ഞാല്‍ ഫാമിലിക്കും ഇഷ്ടമാകുന്ന ഒരു മാസ്സ് എന്റര്‍ടൈനര്‍ ആണ് വിശ്വാസം