
നടൻ വിശാലിന്റെ എക്കാലത്തെയും ഹിറ്റ് ചിത്രം “സണ്ടക്കോഴിയെ”കുറിച്ച് മനസ്സ് തുറന്ന് നടൻ വിശാൽ. നടൻ വിജയ്‌യെ മനസില്‍ കണ്ടാണ് ലിംഗുസാമി ‘സണ്ടക്കോഴി’ തിരക്കഥ തയ്യാറാക്കിയതെന്നും, എന്നാൽ ലിംഗുസാമിയോട് താൻ ഈ കഥാപാത്രം ചോദിച്ചു വാങ്ങുകയായിരുന്നെന്നും വിശാൽ പറഞ്ഞു. അടുത്തിടെ നൽകിയൊരഭിമുഖത്തിലാണ് താരത്തിന്റെ വെളിപ്പെടുത്തൽ.
“വിജയ്‌ക്ക് വേണ്ടി ലിംഗുസാമി എഴുതിയതാണ് ‘സണ്ടക്കോഴി’യുടെ കഥ. ചില നിർമാതാക്കള്‍ വഴി ഞാന്‍ ഇത് അറിഞ്ഞു. വണ്ടിയെടുത്ത് നേരെ ലിംഗുസ്വാമിയുടെ ഓഫീസിലേക്ക് പോയി. നേരിട്ട് കണ്ട് ഞാന്‍ ആ പടം ചെയ്യാമെന്ന് പറഞ്ഞു. അത് ഒരു മാസ് ഹീറോയ്ക്ക് വേണ്ടി എഴുതിയ കഥയാണെന്നും നിനക്ക് അത് ശരിയാകില്ലെന്നും ലിംഗുസാമി പറഞ്ഞു”. വിശാൽ പറഞ്ഞു.
“എന്റെ ആദ്യത്തെ സിനിമ ചെല്ലമെ ഉടൻ റിലീസാകും അത് കണ്ടിട്ട് തീരുമാനിക്കാൻ ഞാൻ പറഞ്ഞു. ചെല്ലമെ റിലീസ് ആയി. കുറേ ഓഫറുകള്‍ വന്നിട്ടും ഞാന്‍ അതൊന്നും എടുത്തില്ല. ആദ്യത്തെ സിനിമ കഴിഞ്ഞ് എന്തിനാണ് ഇത്രയും ഗ്യാപ് എടുക്കുന്നതെന്ന് ഒരുപാട് പേർ എന്നോട് ചോദിച്ചു. പക്ഷേ എനിക്ക് ആ സിനിമ പത്ത് സിനിമകള്‍ക്ക് തുല്യമായിരുന്നു. സണ്ടക്കോഴി പുറത്തിറങ്ങിയ ശേഷം എനിക്ക് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല,” വിശാല്‍ കൂട്ടിച്ചേർത്തു.
ലിംഗുസാമിയുടെ സംവിധാനത്തിൽ 2005 ൽ പുറത്തിറങ്ങിയ ചിത്രമാണ് “സണ്ടക്കോഴി”. മീര ജാസ്മിൻ, രാജ് കിരൺ, ലാൽ, തുടങ്ങിയവരായിരുന്നു ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നത്. തുടർന്ന് 13 വർഷങ്ങൾക്ക് ശേഷം ചിത്രത്തിന്റെ രണ്ടാം ഭാഗവും പുറത്തിറങ്ങി. കീർത്തി സുരേഷ് ആയിരുന്നു ചിത്രത്തിലെ നായിക.