ആഷിക്ക് അബുവിന്റെ ചിത്രം വൈറസിന് കോടതിയുടെ സ്‌റ്റേ. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയുടേതാണ് നടപടി. ചിത്രത്തിന്റെ കഥയും പേരും മോഷ്ടിച്ചതാണെന്നാരോപിച്ച് സംവിധായകന്‍ ഉദയ് ആനന്ദന്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതിയുടെ നടപടി.
നിപ്പ വൈറസ് ബാധയെ ആസ്പദമാക്കി ആഷിക്ക് അബു സംവിധാനം ചെയ്യുന്ന വൈറസ് സിനിമയുടെ റിലീസ്, ഡബ്ബിങ്ങ് ,റീമേക്ക്,അന്താരാഷ്ട്ര ഫിലിം ഫെസ്റ്റുകളിലെ പ്രദര്‍ശനം എന്നിവയാണ് സെഷന്‍സ് കോടതി സ്‌റ്റേ ചെയ്തത്. പകര്‍പ്പാവകാശ നിയമം ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടി സംവിധായകന്‍ ഉദയ് ആനന്ദനാണ് കോടതിയെ സമീപിച്ചത്. വൈറസ് എന്ന പേരിലുള്ള തന്റെ കഥ സിനിമയാക്കുന്നത് സംബന്ധിച്ച് കഴിഞ്ഞ വര്‍ഷം നവംബറില്‍ കേന്ദ്ര ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയത്തിനു കീഴില്‍ രജിസ്റ്റര്‍ ചെയ്യുകയും പിന്നീട് അനുമതി ലഭിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇതിനിടയിലാണ് ഇതേ പേരിലുള്ള കഥ ആഷിക്ക് അബു സിനിമയാക്കുന്നതായി അറിഞ്ഞത്. ഇതെ തുടര്‍ന്ന് ആഷിക്ക് അബുവിനോട് തനിക്കാണ് ഈ സിനിമയുടെ പകര്‍പ്പവകാശമെന്ന് അറിയിച്ചെങ്കിലും പ്രതികരിച്ചില്ല. തുടര്‍ന്ന് ഫെഫ്ക്കക്ക് പരാതി നല്‍കിയെങ്കിലും ഫലമുണ്ടായില്ല. ഈ സാഹചര്യത്തിലാണ് കോടതിയെ സമീപിച്ചതെന്ന് ഹര്‍ജിയില്‍ പറയുന്നു.
പകര്‍പ്പവകാശ നിയമം ലംഘിച്ചതായി പ്രാഥമികമായി കണ്ടെത്തിയതിനെ തുടര്‍ന്ന് സിനിമയുടെ പ്രദര്‍ശനമുള്‍പ്പടെ സ്‌റ്റേ ചെയ്തുകൊണ്ട് സെഷന്‍സ് കോടതി ഉത്തരവിടുകയായിരുന്നു. കേസ് ഈ മാസം 16 ന് വീണ്ടും പരിഗണിക്കും. അന്ന് കൂടുതല്‍ രേഖകള്‍ ഹാജരാക്കുെമന്ന് ഉദയ് ആനന്ദന്റെ അഭിഭാഷകന്‍ അറിയിച്ചു.