‘സുഹൃത്തെന്ന് നടിക്കുന്ന ചെന്നായ’യാണ് വിനോദ് കോവൂരെന്ന ആരോപണം”; പ്രതികരിച്ച് വിനോദ് കോവൂർ

','

' ); } ?>

അന്തരിച്ച നടൻ കലാഭവൻ നവാസിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന സംവിധായകൻ സനൽകുമാർ ശശിധരന്റെ ആരോപണങ്ങളിൽ പ്രതികരണവുമായി നടൻ വിനോദ് കോവൂർ. ‘സുഹൃത്തെന്ന് നടിക്കുന്ന ചെന്നായ’യാണ് വിനോദ് കോവൂരെന്നായിരുന്നു സനലിന്റെ പ്രതികരണം. നെഞ്ച് വേദന വന്ന കാര്യം നവാസ് തന്റെ കുടുംബ ഡോക്ടറെ അറിയിച്ചിരുന്നുവെന്നും എന്നാൽ സിനിമാ സെറ്റിലെ ആരോടും ഈ വിഷയം പറഞ്ഞിരുന്നില്ലെന്നും വിനോദ് കോവൂർ മറുപടിയായി പറഞ്ഞു.

‘‘എന്റെ ഫെയ്സ്ബുക്ക് പോസ്റ്റിനെക്കുറിച്ച് നിങ്ങളുടെ പ്രതികരണം കേട്ടു. നവാസ് മരിച്ച ദിവസം മോർച്ചറിയിൽ ഞാനും അദ്ദേഹത്തിന്റെ സുഹൃത്തുക്കളും ഏകദേശം നാല് മണിക്കൂറോളം ഉണ്ടായിരുന്നു. നവാസിന്റെ കുടുംബ സുഹൃത്തും അദ്ദേഹത്തിന്റെ കളിക്കൂട്ടുകാരനുമായ നൗഷാദ് എന്ന ആളാണ് ഇക്കാര്യം അവിടെ പലരോടും പറഞ്ഞത്. രണ്ട് മൂന്നു തവണ കുടുംബ ഡോക്ടറെ നവാസ് വിളിച്ചിരുന്നു. നെഞ്ച് വേദനയുടെ കാര്യം പറഞ്ഞപ്പോൾ, വന്ന് ഇസിജി എടുക്കാനാണ് ഡോക്ടർ നിർദേശിച്ചത്.

പക്ഷേ സെറ്റിൽ താൻ കാരണം ഷൂട്ടിങ് മുടങ്ങരുതെന്ന് കരുതി, വൈകിട്ട് വന്ന് എടുക്കാമെന്ന് ഡോക്ടറോടു പറഞ്ഞു. ഈ വിവരങ്ങളൊക്കെ പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് ഞാൻ അങ്ങനെയൊരു പോസ്റ്റ് ഇട്ടത്. പക്ഷേ ഇക്കാര്യം സിനിമാ സെറ്റിൽ ആർക്കും അറിയില്ലായിരുന്നു. സെറ്റിലെ ആരോടും നവാസ് ഇത് പറഞ്ഞിട്ടുമില്ല. നൗഷാദും നവാസിന്റെ ഡോക്ടറും ഇതു പുറത്തു പറയാൻ തയാറാണ്. നിങ്ങളിങ്ങനെ പറഞ്ഞപ്പോൾ ഒരുപാട് പ്രയാസം തോന്നി. നവാസും ഞാനും അങ്ങനെ അടുപ്പമുള്ളവരാണ്, ഇതിൽ തെറ്റിദ്ധാരണയോ മറ്റ് ദുരൂഹതകളോ ഒന്നുമില്ല.’ വിനോദ് കോവൂർ പറഞ്ഞു.

‘പ്രകമ്പനം’ സിനിമയുടെ സെറ്റിൽ വച്ച് നവാസിനു നെഞ്ച് വേദന വന്നുവെന്ന് വിനോദ് കോവൂർ വെളിപ്പെടുത്തിയിരുന്നു. എന്നാൽ സെറ്റിൽ വച്ച് നവാസിനു നെഞ്ചുവേദന വന്നുവെന്നത് തെറ്റാണെന്നായിരുന്നു സിനിമയുടെ പ്രൊഡക്‌ഷൻ കൺട്രോളർ മാധ്യമങ്ങളോട് വെളിപ്പെടുത്തിയത്. ഇതിനു പിന്നാലെയായിരുന്നു രൂക്ഷ വിമർശനവുമായി സനൽകുമാർ രംഗത്തെത്തിയത്. ‘സുഹൃത്തെന്ന് നടിക്കുന്ന ചെന്നായ’യാണ് വിനോദ് കോവൂരെന്നായിരുന്നു സനലിന്റെ പ്രതികരണം. മാത്രമല്ല കലാഭവൻ നവാസിന്റെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് തുടക്കം മുതലെ സനൽ ആരോപിക്കുന്നുണ്ടായിരുന്നു.

ഇന്നലെ ചോറ്റാനിക്കരയിലെ ഹോട്ടൽ മുറിയിലാണ് നവാസിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഹോട്ടൽ ജീവനക്കാർ വാതിൽ തുറന്നു അകത്ത് കയറിയപ്പോൾ നവാസ് നിലത്തു കിടക്കുന്ന നിലയിലായിരുന്നു. പ്രകമ്പനം എന്ന സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ടാണ് ചോറ്റാനിക്കരയിൽ എത്തിയത്. സിനിമയുടെ ചിത്രീകരണം രണ്ട് ആഴ്ചയായി ചോറ്റാനിക്കരയിൽ പുരോ​ഗമിക്കുകയാണ്. വെള്ളിയാഴ്ച നവാസിന്റെ ഷെഡ്യൂൾ പൂർത്തിയായിരുന്നു. അതിനുശേഷം, വീട്ടിലേക്ക് മടങ്ങാനിരിക്കെയാണ് നവാസിന്റെ മരണവാർത്ത പുറത്തുവന്നത്. മൃതദേഹം അപ്പോൾ തന്നെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. അദ്ദേഹത്തിന്റെ പോസ്റ്റ്മോർട്ടം നടന്നു കൊണ്ടിരിക്കുകയാണ്. ഖബറടക്കം ഇന്ന്. ആലുവ ടൗണ്‍ ജുമാ മസ്ജിദില്‍ വൈകുന്നേരം 4 മണി മുതല്‍ അഞ്ചര വരെയുള്ള പൊതുദര്‍ശനത്തിന് ശേഷമാണ് ഖബറടക്കം.

മിമിക്രി വേദികളിലൂടെയാണ് നവാസ് മലയാളികൾക്ക് സുപരിചിതനാകുന്നത്. കലാഭവൻ മിമിക്രി ട്രൂപ്പിൽ അം​ഗമായിരുന്നു. സഹോദരൻ നിയാസ് ബക്കറിനൊപ്പവും അദ്ദേഹം നിരവധി ഷോകളുടെ ഭാ​ഗമായിട്ടുണ്ട്.

1995-ൽ ചൈതന്യം എന്ന ചിത്രത്തിലൂടെയാണ് സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്. ജൂനിയർ മാൻഡ്രേക്ക്, അമ്മ അമ്മായിയമ്മ, മീനാക്ഷി കല്യാണം, മാട്ടുപ്പെട്ടി മച്ചാൻ, ചന്ദാമാമ, മൈ ഡിയർ കരടി, വൺമാൻ ഷോ, വെട്ടം, ചട്ടമ്പിനാട്, കോബ്ര, എബിസിഡി, മൈലാഞ്ചി മൊഞ്ചുള്ള വീട്, മേരാ നാം ഷാജി എന്നിവയാണ് പ്രധാന ചിത്രങ്ങൾ. ഡിറ്റക്റ്റീവ് ഉജ്ജ്വലൻ ആണ് അവസാനമായി തിയേറ്ററിലെത്തിയ ചിത്രം.