തട്ടത്തിന്‍ മറയത്ത് പുറത്തിറങ്ങിയിട്ട് ഒമ്പത് വര്‍ഷങ്ങള്‍, എല്ലാ പ്രേക്ഷകര്‍ക്കും നന്ദി… ഹൃദയം പോസ്റ്റർ ഇന്നെത്തും

','

' ); } ?>

മലയാള സിനിമ പ്രേക്ഷകരുടെ ഇടയില്‍ വലിയ തരംഗമായി മാറിയ തട്ടത്തിന്‍ മറയത്ത് പുറത്തിറങ്ങിയിട്ട് ഒമ്പത് വര്‍ഷങ്ങള്‍ ആയിരിക്കുന്നു. ചിത്രത്തെ ഇപ്പോഴും ഓര്‍ക്കുന്ന എല്ലാ പ്രേക്ഷകര്‍ക്കും നന്ദി അറിയിച്ച് എത്തിയിരിക്കുകയാണ് വിനീത് ശ്രീനിവാസന്‍. തനിക്ക് രാവിലെ മുതല്‍ നിരവധി മെസ്സേജുകള്‍ വരുന്നുണ്ട് എന്നും അതില്‍ സന്തോഷമെന്നും അദ്ദേഹം പറഞ്ഞു. ഒപ്പം പുതിയ ചിത്രമായ ഹൃദയത്തിന്റെ വിശേഷങ്ങളും അദ്ദേഹം പങ്കുവെച്ചു.

ഹൃദയത്തിലെ അഭിനേതാക്കളുടെ ഇന്‍ഡിപെന്‍ഡന്റ് പോസ്റ്റര്‍ ഇന്ന് വൈകുന്നേരം ആറ് മണിക്ക് റിലീസ് ചെയ്യുമെന്ന് അദ്ദേഹം അറിയിച്ചു. താന്‍ ഹൃദയത്തിന്റെ കഥ ആദ്യമായി പറഞ്ഞത് ദര്‍ശന രാജേന്ദ്രനോട് ആയിരുന്നു എന്നും ദര്‍ശനയുടെ ഇന്‍ഡിപെന്‍ഡന്റ് പോസ്റ്റര്‍ ആയിരിക്കും ആദ്യം റിലീസ് ചെയ്യുക എന്നും അദ്ദേഹം പറഞ്ഞു. ഫേസ്ബുക്ക് കുറപ്പിലൂടെയാണ് താരം ഇക്കാര്യങ്ങള്‍ അറിയിച്ചത്.

വിനീത് ശ്രീനിവാസന്റെ വാക്കുകള്‍:

ഒമ്പത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഈ ദിവസം തട്ടം റിലീസ് ചെയ്തു. ഇപ്പോഴും ആളുകള്‍ ഈ സിനിമയെക്കുറിച്ച് സംസാരിക്കുന്നു എന്നതില്‍ അതിയായ സന്തോഷം. ഇന്ന് രാവിലെ മുതല്‍ വരുന്ന മെസ്സേജുകള്‍ക്കും ടാഗുകള്‍ക്കും നന്ദി. ഇന്ന് വൈകുന്നരം ഹൃദയത്തിലെ അഭിനേതാക്കളുടെ ഇന്‍ഡിപെന്‍ഡന്റ് പോസ്റ്റര്‍ റിലീസ് ചെയ്യാന്‍ ആരംഭിക്കും. ഈ ചിത്രത്തിന്റെ കഥ ആദ്യം പറഞ്ഞത് ദര്‍ശനയോട് ആയിരുന്നു. അവര്‍ തന്നെയാണ് ആദ്യം സിനിമയുടെ ഭാഗമായതും. ദര്‍ശന രാജേന്ദ്രന്റെ ഇന്‍ഡിപെന്‍ഡന്റ് പോസ്റ്റര്‍ ഇന്ന് വൈകുന്നേരം ആറ് മണിക്ക് റിലീസ് ചെയ്യും.

പ്രണവ് മോഹന്‍ലാല്‍ നായകനാകുന്ന ഹൃദയത്തില്‍ കല്ല്യാണി പ്രിയദര്‍ശന്‍, ദര്‍ശന രാജേന്ദ്രന്‍ എന്നിവരും കേന്ദ്ര കഥാപാത്രങ്ങളാണ്. ദര്‍ശന വളരെ സ്വാഭാവികമായാണ് അഭിനയിക്കുന്നത്. ഇത്തരത്തിലുള്ള അഭിനേതാക്കള്‍ക്കൊപ്പം സിനിമ ചെയ്യാന്‍ വളരെ എളുപ്പമാണെന്നും വിനീത് വ്യക്തമാക്കി. കല്ല്യാണി പ്രിയദര്‍ശന്‍ ലോക്ക്ഡൗണിന് ശേഷമാണ് ‘ഹൃദയത്തിന്റെ’ സെറ്റില്‍ ജോയിന്‍ ചെയ്തത്.

ഹൃദയത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത് വിനീതിന്റെയും ഭാര്യ ദിവ്യയുടെയും ജീവിതവുമായി ബന്ധപ്പെടുത്തിയാണെന്ന് അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നു. എന്നാല്‍ ചിത്രം പറയുന്നത് അവരുടെ ജീവിതമല്ലെന്നും മറിച്ച് തങ്ങളുടെ കോളേജ് സമയത്തുള്ള ചില നിമിഷങ്ങളും, അനുഭവങ്ങളും ചിത്രത്തിലുണ്ടെന്നും വിനീത് അഭിമുഖത്തില്‍ പറഞ്ഞു. കഴിഞ്ഞ വര്‍ഷം ആരംഭിച്ച ചിത്രത്തിന്റെ ഷൂട്ടിങ് കൊവിഡ് കാരണം മാറ്റി വെച്ചിരുന്നു. അടുത്തിടെയാണ് ചിത്രീകരണം പൂര്‍ത്തിയായത്.