
ഫിലിം ചേംബറിന്റെയും ജനറൽ സെക്രട്ടറി സജി നന്ത്യാട്ടിന്റെയും നിലപാടിനെതിരെ നടി വിൻസി അലോഷ്യസ് രൂക്ഷവിമർശനവുമായി രംഗത്തെത്തി. ഷൈൻ ടോം ചാക്കോയുടേയോ അദ്ദേഹത്തിന്റെ സിനിമയുടേയോ പേര് പുറത്തുവിടരുതെന്ന് ഒന്നിലധികം തവണ ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും അത് ലംഘിച്ചതിൽ പ്രതിഷേധമുണ്ടെന്നും താരം വ്യക്തമാക്കി.
ഒരു പരാതിക്കാരി എന്ന നിലയിൽ നൽകിയ വിവരങ്ങൾ പുറത്തുപറയില്ലെന്ന ഉറപ്പ് നൽകിയ ചേംബറിന്റെ ഭാഗത്ത് നിന്ന് ഇങ്ങനെ ഒന്ന് പ്രതീക്ഷിച്ചില്ല എന്നും, താൻ കബളിപ്പിക്കപ്പെട്ടതായി തോന്നുന്നുവെന്നും വിൻസി പറഞ്ഞു. ഫിലിം ചേംബറിന് നൽകിയ പരാതി പിൻവലിക്കാൻ തയാറാണെന്നും, സംഘടനയിലുള്ള വിശ്വാസം തകർന്നതുകൊണ്ടാണ് ഈ തീരുമാനമെന്നും വിൻസി വ്യക്തമാക്കിയിട്ടുണ്ട്. പരാതി നൽകിയ മറ്റ് സംഘടനകളായ അമ്മയും പ്രൊഡ്യൂസേഴ്സ് അസോസിയേഷനും മാന്യമായ നിലപാടാണ് എടുത്തതെന്നും താരം പറഞ്ഞു.
പരാതി നൽകുന്നതിനുമുമ്പ് സിനിമ മേഖലയിലെ പ്രമുഖരായ സജിത മഠത്തിൽ, റാണി, ജി. സുരേഷ് കുമാർ, ബി. ഉണ്ണിക്കൃഷ്ണൻ, ബാബുരാജ്, വിനു മോഹൻ, ജയൻ ചേർത്തല, അൻസിബ, ടിനി ടോം, ഉണ്ണിലാലു, സർജാനോ ഖാലിദ് തുടങ്ങിയവരുമായി വിൻ സി ബന്ധപ്പെട്ടിരുന്നു.