‘കരിന്തണ്ടന്‍’ എന്ന ചിത്രത്തിന് ശേഷം വിനായകന്‍ നായകവേഷത്തിലെത്തുന്ന ചിത്രം ‘തൊട്ടപ്പന്‍’ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. പി എസ് റഫീഖ് കഥയെഴുതി ഷാനവാസ് ബാവക്കുട്ടി സംവിധാനം ചെയ്യുന്ന ചിത്രം ദേവദാസ് കാടഞ്ചേരിയും ഷൈലജ മണികണ്ഡനും ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്. കിസ്മത്തിനു ശേഷം ഷാനവാസ് ബാവക്കുട്ടി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് തോട്ടപ്പന്‍. ഒരു കുട്ടിയെ കൈയില്‍ എടുത്ത് ഉയര്‍ത്തി നില്‍ക്കുന്ന വിനായകനാണ് പോസ്റ്ററില്‍. ‘നമസ്‌കാരം, എന്റെ അടുത്ത ചിത്രം തൊട്ടപ്പന്‍’ എന്ന കുറിപ്പോടെയാണ് വിനായകന്‍ തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെ പോസ്റ്റര്‍ പങ്കുവെച്ചത്.
സിനിമയുടെ ചിത്രീകരണം എറണാകുളത്ത് കടമക്കുടിയില്‍ വെച്ച് നേരത്തെ തുടങ്ങിയിരുന്നു. പ്രശസ്ത നോവലിസ്റ്റ് ഫ്രാന്‍സിസ് നൊറാണയുടെ ‘തൊട്ടപ്പന്‍’ എന്ന കഥയാണ് ചിത്രത്തില്‍ പറയുന്നത്. വളരെ സാധാരണമായ ചുറ്റുപാടുകളില്‍ യാഥാര്‍ത്ഥ്യങ്ങളെ ഉള്‍ക്കൊണ്ടുള്ള ഒരു കഥയായിരിക്കും തോട്ടപ്പന്‍.
കൊച്ചിയുടെ പശ്ചാത്തലത്തിലാണ് ചിത്രം ഒരുങ്ങുന്നത്. പുതുമുഖം പ്രിയംവദയാണ് നായിക. ചിത്രത്തില്‍ വിനായകനെ കൂടാതെ റോഷന്‍ മാത്യു, മനോജ് കെ ജയന്‍, കൊച്ചുപ്രേമന്‍ ,പോളി വില്‍സണ്‍, ദിലീഷ് പോത്തന്‍, രഘുനാഥ് പലേരി, സുനില്‍ സുഖദ, ബിനോയ് നമ്പാല എന്നിവര്‍ മുഖ്യവേഷങ്ങളിലെത്തും.
ക്യാമറ സുരേഷ് രാജന്‍, എഡിറ്റിംഗ് ജിതിന്‍ മനോഹര്‍ , സംഗീതം ലീല എല്‍ ഗിരികുട്ടന്‍, പാശ്ചാത്തല സംഗീതം ജസ്റ്റിന്‍ വര്‍ഗീസ്. ഗാനരചന നിര്‍വ്വഹിക്കുന്നത് അന്‍വര്‍ അലി, അജീഷ് ദാസന്‍, പി.എസ് റഫീക്ക് എന്നിവരാണ്. ‘പട്ടം സിനിമാ കമ്പനിയുടെ’ ബാനറിലാണ് ചിത്രം ഒരുങ്ങുന്നത്.