‘വിനയ വിധേയ രാമ’ മലയാളമുള്‍പ്പെടെ 3 ഭാഷകളില്‍

','

' ); } ?>

തെലുങ്ക് നടന്‍ രാം ചരണ്‍ തേജ നായകനായെത്തുന്ന ‘വിനയ വിധേയ രാമ’ മലയാളത്തിലും തെലുങ്കിലും തമിഴിലും പ്രദര്‍ശനത്തിനെത്തുന്നു. ആക്ഷന്‍ ഫാമിലി എന്റര്‍ടെയ്നറായി ഒരുങ്ങുന്ന ചിത്രം ഫെബ്രുവരി ഒന്നിന് തീയേറ്ററുകളിലെത്തും. സംവിധാനം ചെയ്യുന്നത് ബോയപട്ടി ശ്രീനുവാണ്.

ഡിവിവി എന്റര്‍ടെയ്ന്‍മെന്റ്‌സ് നിര്‍മിച്ച് പ്രകാശ് ഫിലിംസ് അവതരിപ്പിക്കുന്ന ‘വിനയ വിധേയ രാമ’യില്‍ കിയാരാ അദ്വാനിയാണ് നായിക. വിവേക് ഒബ്‌റോയിയാണ് പ്രതിനായക വേഷത്തില്‍ എത്തുന്നത്. പ്രശാന്ത്, സ്‌നേഹ, മധുമിത, മുകേഷ് ഋഷി, ജേപി,ഹരീഷ് ഉത്തമന്‍,ആര്യന്‍ രാജേഷ്, രവിവര്‍മ എന്നിവരും ചിത്രത്തിലുണ്ട്.

125 കോടി രൂപ മുതല്‍ മുടക്കി നിര്‍മിച്ച ചിത്രത്തിന്റെ ക്ലൈമാക്‌സിലെ സ്റ്റണ്ട് രംഗം മാത്രം പതിനൊന്നു കോടി രൂപ ചിലവിട്ടാണ് ചിത്രീകരിച്ചത്. ദേവി ശ്രീ പ്രസാദ് സംഗീത സംവിധാനവും ഋഷി പഞ്ചാബി, ബണ്ടി രമേശ് എന്നിവര്‍ ഛായാഗ്രഹണവും നിര്‍വഹിച്ചിരിക്കുന്നു. സംഘട്ടന രംഗങ്ങള്‍ ഒരുക്കിയിരിക്കുന്നത് കനല്‍ കണ്ണനാണ്.