നീണ്ട ഇടവേളയ്ക്ക് ശേഷം തമിഴ് നടന്‍ ചിയാന്‍ വിക്രം മലയാളത്തിലേക്ക് എത്തുന്നുവെന്ന് റിപ്പോര്‍ട്ട്. അന്‍വര്‍ റഷീദ് സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെ വിക്രം മലയാള സിനിമയിലേക്ക് എത്തുമെന്നാണ് വാര്‍ത്തകള്‍. ചിത്രത്തെ കുറിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം ഉടന്‍ ഉണ്ടാകുമെന്നാണ് വിവരം.
അന്‍വര്‍ റഷീദ് ഒരുക്കാന്‍ പോകുന്ന ഒരു പീരിയഡ് ചിത്രത്തിലൂടെയാണ് വിക്രത്തിന്റെ വരവെന്നാണ് സൂചന. 1970 കളില്‍ മലപ്പുറത്തു നടക്കുന്ന ഒരു കഥ പറയുന്ന ഈ ചിത്രം രചിക്കുന്നത് ഹര്‍ഷാദ് ആണ്. വിക്രം ഇപ്പോള്‍ രാജേഷ് എം. സെല്‍വ ഒരുക്കുന്ന തമിഴ് ചിത്രമാണ് ചെയ്യുന്നത്. ഫഹദ് ഫാസിലിനെ നായകനാക്കി ട്രാന്‍സ് എന്ന ചിത്രമാണ് അന്‍വര്‍ ഇപ്പോള്‍ ചെയ്യുന്നത്. തന്റെ കരിയറില്‍ അന്‍വര്‍ ചെയ്യുന്ന അഞ്ചാമത്തെ ഫീച്ചര്‍ ഫിലിം ആണ് ട്രാന്‍സ്.
മലയാളത്തില്‍ സഹനടനായി നിരവധി ചിത്രങ്ങളിലെത്തുകയും നായകനായി അരങ്ങേറുകയും ചെയ്ത ശേഷമാണ് ചിയാന്‍ വിക്രം തമിഴകത്ത് താരമായി വളര്‍ന്നത്. ധ്രുവം, സൈന്യം തുടങ്ങിയ ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായ വിക്രം വര്‍ഷങ്ങള്‍ക്ക് ശേഷമാണ് മലയാളത്തിലേയ്ക്ക് തിരിച്ചെത്തുന്നത്.