റീ റിലീസിനൊരുങ്ങി വിജയ് യുടെ മെർസൽ

','

' ); } ?>

റീ റിലീസിനൊരുങ്ങി വിജയ് നായകനായ മെർസൽ. വിജയ്‌യുടെ പിറന്നാൾ ദിനമായ ജൂൺ 20 ന് സിനിമ തിയേറ്ററിൽ എത്തും. അറ്റ്ലീയുടെ തിരക്കഥയിൽ അദ്ദേഹം തന്നെ സംവിധാനം ചെയ്ത സിനിമയാണ് മെർസൽ. എ ആർ റഹ്‌മാൻ ആയിരുന്നു സിനിമയ്ക്ക് സംഗീതം നൽകിയിരുന്നത്. വിജയ് ട്രിപിൾ റോളിലെത്തിയ ചിത്രം കൂടിയാണിതെന്ന പ്രത്യേകതയുമുണ്ട്. അവയവക്കച്ചവടത്തിന്റെയും പണത്തിന്റെയും പുറകെ പോകുന്ന സ്വകാര്യ ആശുപത്രി രംഗത്തെ അഴിമതിയും അനീതിയുമാണ് ചിത്രത്തിൽ പ്രതിപാദിക്കുന്നത്. കേന്ദ്രസർക്കാർ നയങ്ങളെ വിമർശിക്കുന്ന രംഗങ്ങളുടെ പേരിൽ ബിജെപിയുടെ എതിർപ്പിനിരയായ ചിത്രം കൂടിയാണ് മെർസൽ. ചരക്ക് നികുതി, ജിഎസ്ടി ഉൾപ്പെടെ കേന്ദ്രസർക്കാർ നയങ്ങളെ വിമർശിക്കുന്ന രംഗങ്ങൾ സിനിമയിൽ ഉണ്ടായിരുന്നു. ഇത് പിന്നീട് റീ സെൻസർ ചെയ്തിരുന്നു.

വിജയ് രാഷ്ട്രീയ പ്രവേശനത്തോട് കൂടി സിനിമയിൽ നിന്ന് വിട്ടു നിൽക്കുന്നുവെന്ന വാർത്ത വളരെ വിഷമത്തോടെയാണ് ആരാധകർ ഏറ്റെടുത്തത്. ജനനായകൻ എന്ന സിനിമയ്ക്ക് ശേഷം സജീവ രാഷ്ട്രീയത്തിലേക്ക് ഇറങ്ങുകയാണ് നടൻ. എന്നാൽ നടൻ ഇനി അഭിനയം നിർത്തിയാലും തിയേറ്റർ വിടുമെന്ന് തോന്നുന്നില്ല. ഒന്നിന് പുറകെ ഒന്നായി വിജയ് ചിത്രങ്ങളുടെ റീ റീലിസുകളാണ് നടക്കുന്നത്. ഗില്ലിയ്ക്കും, സച്ചിനും ശേഷമാണ്
മെർസൽ തീയേറ്ററിൽ എത്തുന്നത്. അതേസമയം, റീ റിലീസിനെത്തിയ വിജയ് ചിത്രം ഗില്ലി 32 കോടിയാണ് തിയേറ്ററുകളിൽ നിന്ന് നേടിയത്. സച്ചിനും തിയേറ്ററിൽ മികച്ച പ്രകടനം കാഴ്‌ചവെച്ചിരുന്നു. ഈ രണ്ടു ചിത്രങ്ങളെയും മറികടന്ന് മെർസൽ തിയേറ്ററിൽ കത്തിക്കയറുമോ എന്നറിയാനാണ് ആരാധകർ കാത്തിരിക്കുന്നത്.