
ചെറിയ കാലയളവിനുള്ളില്‍ വ്യത്യസ്ത വേഷങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരനായ താരമാണ് വിജയ് സേതുപതി. മക്കള്‍ സെല്‍വന് ഇന്നേയ്ക്ക് 41ാം പിറന്നാള്‍. സിനിമയോടുള്ള സ്‌നേഹവും അഭിനയത്തിനോടുള്ള അടങ്ങാത്ത ആവേശവും കൈമുതലാക്കി എത്തിയ വിജയ്, വളരെക്കാലത്തെ പരിശ്രമത്തിനു ശേഷമാണ് ഇന്നത്തെ നിലയിലേക്ക് എത്തുന്നത്. വന്ന വഴി മറന്നില്ല എന്നതു കൊണ്ടും താരപദവിയില്‍ എത്തിയിട്ടും വിനയം കൈവിടാത്തത് കൊണ്ടും തമിഴ് മക്കള്‍ സ്‌നേഹപൂര്‍വ്വം ചാര്‍ത്തിക്കൊടുത്ത പേരാണ് ‘മക്കള്‍ സെല്‍വന്‍’.
1978 ജനുവരി 16 നു മധുരയില്‍ വിജയ ഗുരുനാഥ സേതുപതി ആയി ജനിച്ച അദ്ദേഹത്തിന്റെ സ്‌കൂള്‍ ജീവിതം ചെന്നൈയില്‍ ആയിരുന്നു. പഠനത്തിന് ശേഷം വിവിധ ജോലികളില്‍ ഏര്‍പ്പെട്ട വിജയ് ചെന്നൈയിലെ ‘കൂത്ത്പട്ടറയ്’ എന്ന തിയേറ്റര്‍ ഗ്രൂപ്പിലും സജീവമായിരുന്നു. 2004 മുതല്‍ ഇവരുടെ നാടകങ്ങളില്‍ ചെറിയ വേഷങ്ങല്‍ ചെയ്തു തുടങ്ങിയ വിജയ് സേതുപതി പിന്നീട് നിരവധി സീരിയല്‍, ഷോട്ട് ഫിലിംസ് എന്നിവയുടെയും ഭാഗമായിട്ടുണ്ട്. 2004 മുതലുള്ള കാലഘട്ടത്തില്‍ പത്തോളം സിനിമകളില്‍ ചെറിയ വേഷങ്ങള്‍ ചെയ്തുവെങ്കിലും നായക വേഷം ചെയ്യാന്‍ 2010ലെ ‘തേന്‍മേര്‍ക്ക് പരുവകാറ്റ്’ എന്ന ചിത്രം വരെ കാത്തിരിക്കേണ്ടി വന്നു.
2012 അക്ഷരാര്‍ത്ഥത്തില്‍ വിജയ് സേതുപതിയുടെ വര്‍ഷമായിരുന്നു. ‘സുന്ദരപാണ്ഡ്യന്‍’, ‘പിസ്സ, ‘നടുവിലെ കൊഞ്ചം പക്കത്തെ കാണോം’ തുടങ്ങിയ ചിത്രങ്ങള്‍ അദ്ദേഹത്തെ താരപദവിയിലേക്ക് എത്തിച്ചു. ഈ മൂന്ന് സിനിമകള്‍ക്കും കൂടി വിജയ് സേതുപതി ആറ് അവാര്‍ഡുകളും നേടിയിരുന്നു. പിന്നീട് പുറത്തു വന്ന ‘സൂത് കാവും’, ‘ഇതര്‍ക്ക് താനേ ആസപ്പട്ടായ് ബാലകുമാരാ’, ‘പണ്ണിയാരും പദ്മിനിയും’, ‘ജിഗര്‍ത്തണ്ട’, ‘ഓറഞ്ച് മിട്ടായി’, ‘നാനും റൗഡി താന്‍’, ‘സേതുപതി’, ‘കാതലും കടന്ത് പോകും’, ‘വിക്രം വേദ’ തുടങ്ങിയ ചിത്രങ്ങളും പ്രേക്ഷകപ്രശംസ പിടിച്ചുപറ്റിയവയായിരുന്നു. ഒരു മാസ്സ് ഹീറോ എന്നതിലുപരി ചെറുതും വലുതുമായി കഥാപാത്രങ്ങള്‍ ഏറ്റെടുത്തു ആക്ഷനും, കോമഡിയും, സെന്റിമെന്റ്‌സുമെല്ലാം തനിക്കു വഴങ്ങുമെന്ന് ഈ ചിത്രങ്ങളിലൂടെ തെളിയിച്ചു. ഒട്ടനവധി പുതുമുഖ സംവിധായകരോടൊപ്പം പ്രവര്‍ത്തിച്ച വിജയ് സേതുപതി ഓറഞ്ച് മിട്ടായി എന്ന ചിത്രത്തിന്റെ കഥയും നിര്‍മ്മാണവും നിര്‍വ്വഹിച്ചു. ‘വിക്രം വേദ’, ‘കറുപ്പന്‍, ചെക്ക ചിവന്ത വാനം’, ’96’, ‘പേട്ട’ തുടങ്ങിയ ചിത്രങ്ങളിലൂടെ വിജയ് സേതുപതി വീണ്ടും ആരാധകരെ വിസ്മയിപ്പിച്ചു. ‘സീതാകാത്തി’യിലൂടെ തെലുങ്കിലും ആരാധകരെ സൃഷ്ടിച്ച വിജയ് ‘സൈറാ നരസിംഹ റെഡ്ഡി’ എന്ന ബിഗ് ബഡ്ജറ്റ് സിനിമയില്‍ ചിരഞ്ജീവിക്കൊപ്പവും അഭിനയിക്കുന്നു. ജയറാം നായകനാകുന്ന ‘മാര്‍ക്കോണി മത്തായി’ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലും ചുവടുറപ്പിക്കാന്‍ ഒരുങ്ങുകയാണ് താരം.