
ആയോധന കലയിലെ തന്റെ നൈപുണ്യം കൊണ്ട് ബോളിവുഡില്‍ ഏറെ ശ്രദ്ധേയനായ നടനാണ് വിദ്യുത് ജാംവാല്‍. ഈയിടെ അമേരിക്കയിലെ പ്രശസ്ത വെബ്സൈറ്റ് ലൂപ്പറും അദ്ദേഹത്തെ ലോകത്തെ മികച്ച ആറ് ആയോധന കലാപ്രതിഭകളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്നു. ഫോഴ്സ്, തുപ്പാക്കി, ബില്ല 2, കമാന്‍ഡോ, അന്‍ജാന്‍ തുടങ്ങിയ സിനിമകളിലെ തന്റെ ആക്ഷന്‍ രംഗങ്ങളിലൂടെ പ്രേക്ഷകരുടെ ആരാധന പിടിച്ചുപറ്റി. ഇപ്പോള്‍ തന്റെ പുതിയ ചിത്രമായ ‘ജന്‍ഗ്ലീ’ എന്ന ചിത്രത്തിനായി വിദ്യുത് കളരിപ്പയറ്റിന്റെ അഭ്യാസമുറകളുമായാണ് എത്തിയിരിക്കുന്നത്.
ഒരു ആര്‍മി ഓഫീസറായിരുന്ന വിദ്യുതിന്റെ പിതാവ് ജോലിയുടെ ഭാഗമായി പാലക്കാട് താമസിച്ചിരുന്നു. വിദ്യുത് മൂന്നാമത്തെ വയസ്സ് മുതല്‍ അവിടെ നിന്ന് കളരി അഭ്യസിക്കാന്‍ തുടങ്ങി. ഇപ്പോള്‍ തന്റെ ആദ്യ പുതിയ ചിത്രത്തിനായി അദ്ദേഹം വീണ്ടും കളരിപ്പയറ്റ് അഭ്യസിച്ചിരിക്കുകയാണ്. ചിത്രത്തിന്റെ പേര് പോലെ തന്നെ ഒരു വനപ്പ്രദേശത്തെ കേന്ദ്രീകരിച്ചാണ് കഥ മുന്നോട്ട് പോകുന്നത്. അതുകൊണ്ട് തന്നെ ജീവികളുടെ ചലനങ്ങളെ ആധാരമാക്കിയുള്ള മെയ് വഴക്കത്തിനും അദ്ദേഹം കളരിയില്‍ നിന്ന് പരിശീലനം നേടി.
”മനുഷ്യരെ വിവിധ മൃഗങ്ങളുടെ ശക്തിയും, ബോധവും, വ്യക്തിത്വവും ഉപയോഗപ്പെടുത്താന്‍ സഹായിച്ച ഒരു പരിശീലനമാണ് കളരിപ്പയറ്റ്. മൃഗങ്ങളുടെ മെയ് വഴക്കങ്ങളിലൂടെ ഇതിനെക്കുറിച്ച് കൂടുതന്‍ പടിക്കാന്‍ സാധിച്ചത് എന്നെ വളരെ അതിശയപ്പെടുത്തി. ജിമ്മിലൊക്കെ നമ്മള്‍ പരിശീലിക്കുമ്പോള്‍ രണ്ട് മസിലുകളാണ് സാധാരണ വേര്‍പെടുക. എന്നാല്‍ ഒരു മൃഗത്തിന്റെ ആകാരരീതിയെയും ചലനങ്ങളെയും അടിസ്ഥാനമാക്കി പരിശീലിക്കുമ്പോള്‍ ഈ പോരായ്മകളൊക്കെ നമ്മുക്ക് തരണം ചെയ്യാന്‍ സാധിക്കുന്നു.” മാധ്യമങ്ങളോട് വിദ്യുത് പ്രതികരിച്ചു.
ചക്ക് റസ്സല്‍ എന്ന സംവിധായകന്റെ നേതൃത്വത്തില്‍ വിനീത് ജെയ്‌നും പ്രീതി ഷഹാനിയും ചേര്‍ന്നാണ് ജന്‍ഗ്ലീ നിര്‍മ്മിച്ചിരിക്കുന്നത്. തന്റെ അച്ഛന്റെ വന്യജീവി സങ്കേതത്തിലേക്ക് തിരിച്ചെത്തി, ഒരു അന്താരാഷ്ട്ര വേട്ട സംഗത്തോട് പൊരുതുന്ന യുവാവിനെയാണ് വിദ്യുത് ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. ചിത്രം ഏപ്രില്‍ അഞ്ചോടെ തിയ്യേറ്ററുകളിലെത്തും.