
താൻ കണ്ടതിൽ ദുൽഖറിന്റെ ഏറ്റവും മികച്ച പെർഫോമൻസ് കമ്മട്ടിപ്പാടത്തിലേതാണെന്ന് തുറന്നു പറഞ്ഞ് നടൻ വിനായകൻ. ശരിക്കും അന്ന് ദുൽഖറിനായിരുന്നു അവാർഡ് കിട്ടേണ്ടിയിരുന്നതെന്നും, ദുൽഖർ ആണ് ഏറ്റവും കൂടുതൽ ആ സിനിമയ്ക്കായി കഷ്ടപ്പെട്ടതെന്നും വിനായകൻ പറഞ്ഞു. ക്ലബ് എഫ് എമ്മിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ഞാൻ കണ്ടതിൽ ദുൽഖറിന്റെ ഏറ്റവും മികച്ച പെർഫോമൻസ് ആണ് കമ്മട്ടിപ്പാടത്തിലേത്. കഥാപാത്രത്തിന്റെ ലൈഫ്സ്റ്റൈലിൽ നിന്ന് നേരെ ഓപ്പോസിറ്റ് ആണ് ദുൽഖർ. എന്നാൽ നമ്മൾ ഇതിൽ ജീവിക്കുന്നവരാണ്. ശരിക്കും അന്ന് ദുൽഖറിനായിരുന്നു അവാർഡ് കിട്ടേണ്ടിയിരുന്നത്. ദുൽഖർ ആണ് ഏറ്റവും കൂടുതൽ ആ സിനിമയ്ക്കായി കഷ്ടപ്പെട്ടത്. എനിക്കും മണികണ്ഠനും കഥയുടെ പശ്ചാത്തലവുമായി നല്ല ബന്ധമുണ്ട്. ദുൽഖർ പുറത്തുനിന്നു ഇങ്ങോട്ട് വന്നു വീണതാണ്.’വിനായകൻ പറഞ്ഞു.
രാജീവ് രവി സംവിധാനം ചെയ്ത് 2016-ൽ പുറത്തിറങ്ങിയ ചിത്രമായിരുന്നു കമ്മട്ടിപ്പാടം. പി. ബാലചന്ദ്രൻ കഥയെഴുതിയ ഈ ചിത്രത്തിലെ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്തിരുന്നത് ദുൽഖർ സൽമാൻ, വിനായകൻ, മണികണ്ഠൻ കെ. ആചാരി,ഷോൺ റോമി എന്നിവരാണ്.കമ്മട്ടിപ്പാടം എന്ന ഒരു ദളിത്-ഭൂരിപക്ഷ ഗ്രാമത്തിൻ്റെ വഞ്ചനാപൂർണമായ ഭൂവിൽപനയിലൂടെ എങ്ങനെയാണ് കൊച്ചി എന്ന നഗരം ഉത്ഭവിച്ചത് എന്നാണ് ഈ ചലച്ചിത്രം മുന്നോട്ടു വെച്ചിരുന്ന ആശയം. സിനിമയ്ക്കായി കാമറ ചലിപ്പിച്ചത് മധു നീലകണ്ഠൻ ആയിരുന്നു. 47-ാമത് കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിൽ മികച്ച നടൻ, മികച്ച സഹനടൻ, മികച്ച കലാസംവിധായകൻ, മികച്ച എഡിറ്റിംഗ് എന്നീ അവാർഡുകൾ സിനിമ നേടിയിരുന്നു.
അതേസമയം, മമ്മൂട്ടി ചിത്രം കളങ്കാവൽ ആണ് ഇനി പുറത്തിറങ്ങാനുള്ള വിനായകൻ ചിത്രം. ജിതിൻ കെ ജോസ് സംവിധാനം ചെയ്യുന്ന സിനിമയ്ക്ക് മേൽ ആരാധകർക്കുള്ളത്. ചിത്രത്തിൻ്റെ ടീസർ, പോസ്റ്ററുകൾ എന്നിവയും പ്രേക്ഷകർക്കിടയിൽ സൂപ്പർ ഹിറ്റാണ്. സെൻസറിങ് പൂർത്തിയാക്കിയ ചിത്രത്തിന് U/A 16+ സർട്ടിഫിക്കറ്റ് ആണ് ലഭിച്ചത്. വലിയ പ്രതീക്ഷയും ആകാംഷയുമാണ് ചിത്രത്തെ കുറിച്ച് പ്രേക്ഷകർക്കുള്ളത്. ദുൽഖർ സൽമാൻ നായകനായെത്തിയ സൂപ്പർഹിറ്റ് ചിത്രം ‘കുറുപ്പ്’ന്റെ കഥ ഒരുക്കി ശ്രദ്ധ നേടിയ ജിതിൻ കെ ജോസ് ആദ്യമായ് സംവിധാനം ചെയ്യുന്ന ചിത്രമാണ് കളങ്കാവൽ.