വെങ്കിടേഷ് ‘അപകടകാരിയായ നടൻ’; വിജയ് ദേവരകൊണ്ട

','

' ); } ?>

തന്റെ ഏറ്റവും പുതിയ ചിത്രം “കിങ്‌ഡത്തിലെ” വില്ലൻ കഥാപാത്രത്തെ അവതരിപ്പിച്ച മലയാളി താരം വെങ്കിടേഷിനെ പ്രശംസിച്ച് നടൻ വിജയ് ദേവരകൊണ്ട. ‘അപകടകാരിയായ നടൻ’ എന്നാണ് വിജയ് ദേവരകൊണ്ട വെങ്കിടേഷിനെ വിശേഷിപ്പിച്ചത്. “വെങ്കിടേഷിനൊപ്പം അഭിനയിച്ചപ്പോൾ അയാളുടെ ലോകത്തേക്ക് താൻ കടന്നുചെന്നത് പോലെയാണ് അനുഭവപ്പെട്ടതെന്നും, ‘കിങ്ഡ’ത്തിലൂടെ വെങ്കിടേഷ് സിനിമയിൽ ശക്തമായ സ്ഥാനമുറപ്പിക്കുമെന്നും നാളത്തെ സൂപ്പർസ്റ്റാറാണ് അദ്ദേഹമെന്നും വിജയ് ദേവരകൊണ്ട കൂട്ടിച്ചേർത്തു.

‘‘വെങ്കിടേഷ് എത്ര സിനിമകൾ ചെയ്തിട്ടുണ്ടെന്നോ, ഗൗതം അവനെ എവിടെ നിന്ന് കണ്ടെത്തിയെന്നോ എനിക്കറിയില്ല. പക്ഷെ അവൻ എനിക്കെന്റെ മുരുകനാണ്. വെങ്കിടേഷ് ഇന്ന് പറഞ്ഞ ഓരോ വാക്കും എന്റെ മനസ്സിൽ തൊട്ടു. എനിക്കവനെ അമ്മയോടാണ് ഇനി പറയാനുള്ളത്.
നിങ്ങളുടെ മകൻ നൂറിൽ നൂറ് മാർക്കോടെ ഡിസ്റ്റിങ്ഷൻ നേടി വിജയിച്ചിരിക്കുകയാണ്. നിങ്ങൾക്ക് അവനെ ഓർത്ത് അഭിമാനിക്കാം. വെങ്കിടേഷ് ശരിക്കും ഒരു മികവുറ്റ നടനാണ്”. വിജയ് ദേവരകൊണ്ട പറഞ്ഞു.

“ഞങ്ങളൊരുമിച്ചുള്ള ഒരു രംഗത്ത് ഒരു ഡയലോഗുണ്ട്, ‘‘നീ പ്രവേശിക്കാൻ പോകുന്ന ലോകം വളരെ അപകടകരമാണ്. വെങ്കിടേഷ് ‘ഇത് എന്റെ ലോകമാണ്, നീ ഇവിടെ എന്തുചെയ്യുന്നു?’ എന്ന മട്ടിലാണ് എന്നെ നോക്കിയത്. അവൻ ഒരു അപകടകാരിയായ നടനാണ്, നാളെ സിനിമയിൽ ശക്തമായ ഒരു വ്യക്തിമുദ്ര പതിപ്പിക്കും. വെങ്കിടേഷ്, നീ ഒരു സൂപ്പർസ്റ്റാർ ആകുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു, എന്റെ എല്ലാ ആശംസകളും സ്നേഹവും എപ്പോഴും നിനക്കൊപ്പമുണ്ടാകും.’’ വിജയ് ദേവരകൊണ്ട കൂട്ടിച്ചേർത്തു.

വിജയ് ദേവരകൊണ്ടയെ നായകനാക്കി ഗൗതം തന്നൂരി സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രമാണ് ‘കിങ്ഡം’. ‘ദ് പ്രീസ്റ്റ്’, ‘സ്റ്റാന്‍ഡപ്’ തുടങ്ങിയ സിനിമകളിലൂടെ മലയാളികൾക്ക് സുപരിചിതനായ വെങ്കിടേഷ് എന്ന വെങ്കിയാണ് വിജയ് ദേവരകൊണ്ടയുടെ വില്ലനായി ചിത്രത്തിലെത്തുന്നത്. ‘വിഡി 12’ എന്ന് താത്കാലികമായി പേരിട്ടിരുന്ന ചിത്രം രണ്ട് ഭാഗങ്ങളിലായി ആണ് പുറത്തിറങ്ങുകയെന്ന് നേരത്തെ നിർമാതാവായ നാഗ വംശി പറഞ്ഞിരുന്നു. മലയാളികളായ ജോമോൻ ടി. ജോൺ, ഗിരീഷ് ഗംഗാധരൻ എന്നിവരാണ് ചിത്രത്തിന്റെ ഛായാഗ്രഹണം.