
മന്ത്രി സജി ചെറിയനെതിരെ നടത്തിയ പരാമർശങ്ങൾ വളച്ചൊടിച്ചതിൽ പ്രതികരിച്ച് വേടൻ. മന്ത്രി തന്നെ അപമാനിച്ചതായി കരുതുന്നില്ലെന്നും, കലാകാരൻ എന്ന നിലയിൽ തന്നെ പ്രോത്സാഹിപ്പിക്കുകയും അംഗീകരിക്കുകയും ചെയ്യുന്ന വ്യക്തിയാണ് മന്ത്രിയെന്നും വേടൻ പറഞ്ഞു. കൂടാതെ താൻ മന്ത്രിക്കെതിരെ പറഞ്ഞുവെന്ന തരത്തിൽ വാർത്തകൾ വളച്ചൊടിക്കപ്പെട്ടു. ഇക്കാര്യം തന്നെ വേദനിപ്പിക്കുന്നുവെന്നും വേടൻ പറഞ്ഞു.
“കലാകാരൻ എന്ന നിലയിൽ തന്നെ പ്രോത്സാഹിപ്പിക്കുകയും അംഗീകരിക്കുകയും ചെയ്യുന്ന വ്യക്തിയാണ് മന്ത്രി സജി ചെറിയാൻ. എന്നെ അദ്ദേഹം അപമാനിച്ചതായി കരുതുന്നില്ല. ഈ പുരസ്കാരം എന്നെപ്പോലുള്ള സ്വതന്ത്ര കലാകാരന്മാരെ സഹായിക്കുന്ന കാര്യമാണ്. എന്നെ കാണുകയും കേൾക്കുകയും ചെയ്യുന്ന ജനങ്ങളോടാണ് നന്ദി പറയാനുള്ളത്”. വേടൻ പറഞ്ഞു.
എന്നാൽ കഴിഞ്ഞ ദിവസം മന്ത്രിയുടെ വാക്കുകൾ അപമാനിക്കുന്നതിനു തുല്യമാണെന്നും, ഇതിന് പാട്ടിലൂടെ മറുപടി നൽകുമെന്നും വേടൻ പറഞ്ഞിരുന്നു. കൂടുതൽ പ്രതികരണത്തിനില്ല എന്നായിരുന്നു വേടൻ കൂട്ടിച്ചേർത്തത്. “ഒരു പരാതിയില്ലാതെ ഈ സർക്കാരിന്റെ കാലത്ത് അഞ്ച് അവാർഡ് ഞങ്ങൾ പ്രഖ്യാപിച്ചു. കൈയടി മാത്രമേയുള്ളൂ, മമ്മൂക്കയ്ക്ക് കൊടുത്തപ്പോൾ അതിനേക്കാൾ കൈയടി. ലോകംകണ്ട ഇതിഹാസനായകനാണ് മോഹൻലാൽ. ഞങ്ങൾ കൊണ്ടുവന്നു സ്വീകരിച്ചു, അതിനേക്കാൾ കൈയടി. ഇപ്രാവശ്യം വേടനപ്പോലും ഞങ്ങൾ സ്വീകരിച്ചു’, എന്നായിരുന്നു മന്ത്രിയുടെ പരാമർശം.
സംസ്ഥാന ചലച്ചിത്ര പുരസ്കാര പ്രഖ്യാപനത്തിന് പിന്നാലെ നിരവധിപേരാണ് വേടനെതിരെ രംഗത്തെത്തിയിരിക്കുന്നത്. അവാർഡിനായി റാപ്പർ വേടനെ എന്തിന് പരിഗണിച്ചു എന്നാണ് ഒരു വിഭാഗത്തിന്റെ ചോദ്യം. വരേണ്യ ഗാനരചനാ സങ്കൽപ്പങ്ങളുള്ളവരാണ് ഇത്തരം ചോദ്യങ്ങൾ ഉന്നയിക്കുന്നത് എന്നാണ് മറുവാദം. എഴുത്തുകാരന്‍ മനോജ് കുറൂർ ഉള്‍പ്പെടുള്ളവർ പുരസ്കാര പ്രഖ്യാപനത്തെ പിന്തുണച്ചിരുന്നു. ജോയ് മാത്യു, ദീദി ദാമോദരൻ, കെ പി വ്യാസൻ തുടങ്ങിയവർ ഇതിനെതിരെ വിമർശനവുമായി രംഗത്തെത്തിയിരുന്നു.
ലൈംഗികപീഡനം ഉൾപ്പടെയുള്ള കേസുകൾ വേടന് എതിരെ നിലനിൽക്കുമ്പോൾ സംസ്ഥാന ബഹുമതി നൽകുന്നത് ഉചിതമല്ലെന്നാണ് ഇപ്പോൾ ഉയരുന്ന വിമർശനം. അവാർഡ് പ്രഖ്യാപനത്തിനു പിന്നാലെ നിർമ്മാതാവും സംവിധായകനുമായ കെ.പി. വ്യാസൻ വേടനെതിരെ രംഗത്ത് വന്നിരുന്നു. വേടൻ്റെ സ്ഥാനത്ത് ദിലീപിനായിരുന്നു സംസ്ഥാന അവാർഡ് പ്രഖ്യാപിച്ചിരുന്നതെങ്കിൽ എന്തുമാത്രം ബഹളമുണ്ടാകുമായിരുന്നെന്നും, ഇരട്ടത്താപ്പ് മലയാളിയുടെ മുഖമുദ്രയാണെന്നും അദ്ദേഹം പറഞ്ഞു. തന്റെ സോഷ്യൽ മീഡിയ പേജിൽ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു താരത്തിന്റെ പ്രതികരണം.
എന്നാൽ വേടന് പുരസ്‌കാരം ലഭിച്ചതിനെതിരെ ഉയരുന്ന വിമർശനങ്ങളെ പരിഹസിച്ച് നടനും സംവിധായകനുമായ ശ്രീകാന്ത് മുരളി രംഗത്തെത്തിയിരുന്നു.യലാർ രാമ വർമയുടെ കവിതയുടെ ചില ഭാഗങ്ങൾ കൊടുത്ത ശേഷം ഇവിടെ ഇരയിമ്മൻ തമ്പിയും, കുറുപ്പും, മേനോനും, നമ്പൂതിരിയും, വർമ്മയുമൊക്ക മതിയെന്നേ… അവരങ്ങുദ്ധരിച്ചു വെച്ചിരിയ്ക്കുവല്ലേ?? എന്നൊരു കമന്റും അദ്ദേഹം ചേർത്തിട്ടുണ്ട്. തന്റെ ഫേസ്ബുക് പേജിലൂടെയായിരുന്നു താരത്തിന്റെ പ്രതികരണം.
മഞ്ഞുമ്മൽ ബോയ്‌സി’ലെ വിയർപ്പ് തുന്നിയിട്ട കുപ്പായം എന്ന റാപ്പിനാണ് വേടന് അവാർഡ് ലഭിച്ചത്. ജൂറി അധ്യക്ഷനായിരുന്ന പ്രകാശ് രാജിന്റെ ഉറച്ച നിലപാടാണ് അവാർഡ് നിർണയത്തിന് പിന്നിലെന്ന് സൂചനയുണ്ടായിരുന്നു. വ്യവസ്ഥാപിത എഴുത്തുരീതികളെ അതിലംഘിക്കുന്ന വേടൻ്റെ പാട്ടിനെ അംഗീകരിക്കണമെന്ന പ്രകാശ് രാജിൻ്റെ നിർദേശത്തെ എതിർപ്പുകൾക്കിടയിലും ജൂറിയിൽ ചിലർ പിന്താങ്ങുകയായിരുന്നു. എടുക്കുന്ന പണി നടക്കുന്നു എന്നതിനുള്ള ഉദാഹരണമാണ് അവാർഡ് എന്നായിരുന്നു വേടൻ്റെ പ്രതികരണം. യുവതലമുറയുടെ ജീവിതവും അഭിലാഷങ്ങളും സ്വപ്നവുമാണ് വേടന്റെ വാക്കുകളില്‍ മുഴുങ്ങുന്നത്. സ്ഥിരം കാല്പനികഗാനങ്ങളിലെ ബിംബങ്ങളില്‍നിന്ന് വ്യത്യസ്തമായി ആ എഴുത്തിലെ അതിജീവനത്തിനുള്ള ത്വര ജൂറിക്ക് കാണാതിരിക്കാനായില്ല. ഉത്തരവാദിത്വം നിറഞ്ഞ എഴുത്ത്. കഥയ്ക്കും കഥാപാത്രങ്ങള്‍ക്കും ചേര്‍ന്ന ഗാനം. വേടന്റേത് റാപ് സംഗീതമാണ്”-മികച്ച ഗാനരചയിതാവായി വേടനെ പരിഗണിച്ചതിനെക്കുറിച്ച് ജൂറി ചെയര്‍മാന്‍ പ്രകാശ് രാജ് വിശദീകരിച്ചതിങ്ങനെയാണ്.