
തെറ്റിദ്ധരിക്കപ്പെടുമ്പോഴുള്ള വേദന മാറ്റി നിർത്തിയാൽ തന്റെ ഷോയ്ക്ക് വരുന്നവരുടെ ജീവന്‍ പൊലിയുന്ന സംഭവമാണ് ഏറ്റവും വേദനിപ്പിക്കുന്നതെന്ന് തുറന്ന് പറഞ്ഞ് റാപ്പർ വേടൻ. അതിൽ തനിക്കൊന്നും ചെയ്യാൻ കഴിയില്ലെന്നും, ദിവസങ്ങളോളം അതൊക്കെ തന്റെ ഉറക്കം കെടുത്താറുണ്ടെന്നും വേടൻ പറഞ്ഞു. രഞ്ജിനി ഹരിദാസിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.
‘കഴിഞ്ഞ ദിവസം കാസര്‍കോഡ് ഒരു പരിപാടിയ്ക്ക് പോയി. പരിപാടി കാണാന്‍ ആയി വന്ന ഒരു മോന്‍ ട്രെയിന്‍ തട്ടി മരിച്ചു. പരിപാടി നടക്കുന്നതിന്റെ എത്രയോ ദൂരെ സംഭവിച്ച ഒന്നാണ്. പക്ഷേ അവന്‍ വന്നത് എന്റെ പരിപാടിക്കായിരുന്നു. പത്തൊന്‍പത് വയസ്സ് മാത്രമേയുണ്ടായിരുന്നുള്ളൂ. ആ വിവരം അറിഞ്ഞപ്പോള്‍ വല്ലാത്ത വിഷമം തോന്നി. ഒരു ഉത്തരവാദിത്വം എന്ന നിലയിലാണ് ആ കുട്ടിയുടെ മാമനെ വിളിച്ച് സംസാരിച്ചത്. ഒറ്റമോനായിരുന്നു എന്ന് കേട്ടപ്പോള്‍ ഞാന്‍ തകര്‍ന്നുപോയി. രണ്ട് ദിവസം അതെന്റെ ഉറക്കം കെടുത്തി. ഇപ്പോള്‍ ആലോചിക്കുമ്പോഴും ഒരു വേദനയാണ്. ഇതിപ്പോള്‍ രണ്ടാമത്തെ തവണയാണ് അങ്ങനെ ജീവന്‍ നഷ്ടപ്പെടുന്നത്. എനിക്കൊന്നും ചെയ്യാന്‍ കഴിയുന്നില്ല, മറക്കുക എന്നല്ലാതെ.’ വേടൻ പറഞ്ഞു.
മലയാളം റാപ് ഗാനങ്ങളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരനായി മാറിയ ആളാണ് ഹിരൺദാസ് മുരളി എന്ന വേദന. അടുത്തിടെ മികച്ച ഗാന രചയിതാവിനുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം വേടനെ തേടിയെത്തിയിരുന്നു. ചിദംബരം സംവിധാനം ചെയ്ത മലയാളത്തിലെ ബ്ലോക്ക്ബസ്റ്റർ ഹിറ്റായി മാറിയ മഞ്ഞുമ്മൽ ബോയ്സ് എന്ന ചിത്രത്തിലെ ഗാനത്തിനായിരുന്നു വേടന് പുരസ്കാരം ലഭിച്ചത്.