
ബലാത്സംഗക്കേസില്‍ പ്രതിചേര്‍ക്കപ്പെട്ട ഹിരണ്‍ദാസ് മുരളിയെന്ന റാപ്പര്‍ വേടന് വേണ്ടി തിരച്ചിൽ ശക്തമാക്കി പോലീസ്. കഴിഞ്ഞ ദിവസം തൃശ്ശൂരിലെ വീട്ടില്‍ എത്തിയ പോലീസ് സംഘത്തിനു വേടനെ കണ്ടെത്താൻ സാധിച്ചിരുന്നില്ല. സംഭവത്തിന് ശേഷം പ്രതി ഒളിവില്‍ പോയതായാണ് പോലീസിന്റെ വിവരണം.
കേസില്‍ സാധ്യമായതോളം തെളിവുകള്‍ ശേഖരിച്ച ശേഷം അറസ്റ്റ് നടത്താനാണ് പോലീസ് നീക്കം. നിലവില്‍ അറസ്റ്റിന് പോലീസിന് നിയമപ്രശ്‌നങ്ങളൊന്നുമില്ല.
കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി വേടന്‍ കഴിഞ്ഞദിവസം ഹൈക്കോടതിയെ സമീപിച്ചിരുന്നു. പരാതി ഉഭയസമ്മതപ്രകാരമുള്ള ബന്ധം ആണെന്നും ഇപ്പോള്‍ തെറ്റായ ആരോപണം ഉന്നയിക്കപ്പെടുകയാണെന്നും ഹര്‍ജിയില്‍ അവകാശപ്പെട്ടിരുന്നു. ഹര്‍ജി ഓഗസ്റ്റ് 18-ന് പരിഗണിക്കാന്‍ ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസ് കോടതി മാറ്റി. സര്‍ക്കാരിന്റെ വിശദീകരണം കോടതി തേടിയിട്ടുണ്ട്.
ഡോക്ടറായ യുവതിയാണ് പരാതിക്കാരി. കോഴിക്കോട്, എറണാകുളം എന്നീ സ്ഥലങ്ങളിലേക്ക് സ്ഥലംമാറ്റം ഉണ്ടായതിനെത്തുടർന്ന് വിവിധ താമസസ്ഥലങ്ങളില്‍ 2021 ഓഗസ്റ്റ് മുതല്‍ 2023 മാര്‍ച്ച് വരെ പീഡനമുണ്ടായെന്നാണ് പരാതി. വിവാഹവാഗ്ദാനം നല്‍കിയായിരുന്നു പീഡനമെന്നും, സാമ്പത്തിക ഇടപാടുകളും ഉണ്ടായിരുന്നുവെന്നും യുവതി പരാതിയില്‍ പറയുന്നു. പരാതിയില്‍ പറയുന്ന സ്ഥലങ്ങളിലും പോലീസ് പരിശോധന നടത്തും. യുവതിയുടെ രഹസ്യമൊഴി കഴിഞ്ഞ ദിവസം മജിസ്‌ട്രേറ്റ് രേഖപ്പെടുത്തിയിട്ടുണ്ടായിരുന്നു.
ലൈംഗിക ചൂഷണം നടത്തിയെന്ന യുവ വനിതാ ഡോക്‌ടറുടെ പരാതിയിൽ തൃക്കാക്കര പൊലീസാണ് വേടനെതിരെ കേസെടുത്തത്. കോട്ടയം സ്വദേശിയായ പരാതിക്കാരി കോഴിക്കോട് മെഡിക്കൽ കോളേജിൽ 2019ൽ പി.ജിക്ക് പഠിക്കുമ്പോഴാണ് സമൂഹ മാധ്യമത്തിലൂടെ വേടനെ പരിചയപ്പെട്ടത്. ഫോൺ വഴി സൗഹൃദത്തിലായതോടെ വിവാഹം കഴിക്കാൻ താത്പര്യമുണ്ടെന്ന് വേടൻ അറിയിച്ചു. 2021 ആഗസ്റ്റിൽ യുവതി താമസിച്ചിരുന്ന ഫ്ലാറ്റിലെത്തിയ വേടൻ സംസാരിക്കുന്നതിനിടെ ചുംബിച്ചു. തുടർന്ന് മാനഭംഗപ്പെടുത്തി. വിവാഹം കഴിക്കാമെന്ന വാഗ്ദാനം ആവർത്തിച്ച വേടൻ മൂന്നു ദിവസം താമസിച്ച ശേഷമാണ് മടങ്ങിയത്. പിന്നീടും ഫ്ലാറ്റിലെത്തി ദിവസങ്ങൾ താമസിക്കുകയും ശാരീരിക ബന്ധത്തിൽ ഏർപ്പെടുകയും ചെയ്തു. വിവിധ ആവശ്യങ്ങൾക്ക് 31,000 രൂപ അക്കൗണ്ട് വഴി വാങ്ങി. പല വട്ടം ട്രെയിൻ ടിക്കറ്റ് എടുത്തു നൽകാൻ 8,356 രൂപയും ചെലവഴിച്ചു.
2021ൽ പഠനം പൂർത്തിയാക്കി. 2022ൽ സർക്കാർ ജോലി ലഭിച്ച് തൃക്കാക്കരയിലെ ഫ്ലാറ്റിൽ താമസിക്കുമ്പോൾ വേടനും സുഹൃത്തുക്കളും എത്തി. . 2023 മാർച്ചിൽ സുഹൃത്തിന്റെ ഏലൂരിലെ വീട്ടിൽ വച്ചും ശാരീരിക ബന്ധത്തിൽ ഏർപ്പെട്ടു. പിന്നീട് അകലം പാലിച്ചു. 2023 ജൂലായ് 15ന് കൊച്ചിയിലെത്തിയപ്പോൾ നേരിൽക്കണ്ടു. താൻ പ്രശ്നക്കാരിയും മറ്റുളവരുമായുള്ള ബന്ധം തടയുന്നവളുമാണെന്നും പിരിയാമെന്നും പറഞ്ഞു. തൻ്റെ മറ്റു ബന്ധങ്ങൾക്ക് തടസമാണെന്നും പറഞ്ഞു.
വിവാഹം കഴിക്കില്ലെന്നറിഞ്ഞതോടെ താൻ വിഷാദരോഗിയായി ചികിത്സ തേടേണ്ടി വന്നു. മറ്റൊരു സ്ത്രീയെയും ദുരുപയോഗിച്ചെന്ന റിപ്പോർട്ട് കാണുകയും, വേടൻ തൻ്റെ ആദ്യ പ്രണയത്തെപ്പറ്റി പറയുകയും ചെയ്‌തതോടെയാണ് പരാതിപ്പെടാൻ തീരുമാനിച്ചതെന്നും യുവതിയുടെ മൊഴിയിൽ പറയുന്നു. പണമിടപാടുകളുടെ രേഖകളും പൊലീസിന് കൈമാറിയിട്ടുണ്ട്. 10 വർഷത്തിൽ കുറയാത്തതും ജീവപര്യന്തം വരെ തടവും പിഴയും ലഭിക്കാവുന്നതുമായ മാനഭംഗ കുറ്റമാണ് പൊലീസ് വേടനെതിരെ ചുമത്തിയിരിക്കുന്നത്.