മലയാളിയുടെ പ്രിയ ഗായിക വൈക്കം വിജയലക്ഷ്മി ഇന്ന് വിവാഹിതയാകും. വൈക്കം മഹാദേവക്ഷേത്രത്തില്‍ രാവിലെ 10.30നും 11.30നും ഇടയ്ക്കുള്ള മുഹൂര്‍ത്തത്തിലാണ് വിവാഹം. ഉഷാ നിവാസില്‍ മുരളീധരന്റേയും വിമലയുടെയും ഏക മകളാണ് വിജയലക്ഷ്മി. പാലാ പുലിയന്നൂര്‍ കൊച്ച് ഒഴുകയില്‍ നാരായണന്‍ നായരുടേയും ലൈലാ കുമാരിയുടേയും മകനായ എന്‍.അനൂപാണ് വരന്‍.
മിമിക്രി കലാകാരനാണ് അനൂപ്. പാലാ സ്വദേശിയായ അനൂപ് ഇന്റീരിയര്‍ ഡിസൈന്‍ കോണ്ട്രാക്ടര്‍ കൂടിയാണ്. നേരത്തെ നിശ്ചയിച്ച വിവാഹത്തില്‍ നിന്നും വിജയലക്ഷ്മി പിന്മാറിയത് വലിയ വാര്‍ത്തയായിരുന്നു. വിവാഹാനന്തരം സംഗീതത്തില്‍ നിന്ന് വിട്ടു നില്‍ക്കണം എന്നാവശ്യപ്പെട്ടത് കൊണ്ടാണ് വിജയലക്ഷ്മിയ്ക്ക് പിന്മാറേണ്ടി വന്നത്. പിന്നീട് കുറച്ചു നാളുകള്‍ക്ക് ശേഷമാണ് വിജയലക്ഷ്മിയെ വിവാഹം കഴിക്കണം എന്നാവശ്യപ്പെട്ട് അനൂപ് കുടുംബത്തെ സമീപിക്കുന്നത്.
തന്റെ വൈകല്യത്തെ തോല്‍പ്പിച്ചാണ് വിജയലക്ഷ്മി സംഗീത ലോകത്ത് ഇടംകണ്ടെത്തിയത്. ഗായത്രി വീണയില്‍ വിദഗ്ധയായ വിജയലക്ഷ്മി ശാസ്ത്രീയ സംഗീതത്തിലും നിപുണയാണ്. സെല്ലുലോയ്ഡ് എന്ന മലയാള സിനിമയിലെ ‘കാറ്റേ കാറ്റേ നീ പൂക്കാ മരത്തില്‍’ എന്ന ഗാനത്തിലൂടെയാണ് വിജയലക്ഷ്മി ശ്രദ്ധ നേടിയത്. ഈ ഗാനത്തിന് സംസ്ഥാന സര്‍ക്കാരിന്റെ സ്‌പെഷ്യല്‍ ജൂറി പുരസ്‌കാരം നേടിയിരുന്നു. ‘ഒറ്റയ്ക്ക് പാടുന്ന പൂങ്കുയിലേ’ എന്ന ഗാനത്തിന് തൊട്ടടുത്ത വര്‍ഷം സംസ്ഥാന സര്‍ക്കാരിന്റെ പുരസ്‌കാരവും നേടിയിരുന്നു.