
‘അമ്മ’യുടെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടയിൽ സംഘടനയിലെ സ്ത്രീകളുടെ വാട്ട്സ്ആപ്പ് ഗ്രൂപ്പിലുണ്ടായ വിഷയങ്ങൾ നടി ഉഷ ഹസീന യുട്യൂബർക്ക് ചോർത്തികൊടുത്തെന്നാരോപിച്ച് നടി മാലാ പാർവതി. തന്റെ സമൂഹമാധ്യമ പേജിൽ സ്ക്രീൻഷോർട്ടടക്കം പങ്കുവെച്ചാണ് മാലാ പാർവതി പ്രതികരിച്ചിരിക്കുന്നത്. ഗ്രൂപ്പിൽ ചർച്ച ചെയ്യുന്ന കാര്യങ്ങൾ പുറത്തു പങ്കുവയ്ക്കരുതെന്നും അങ്ങനെ ചെയ്താൽ നടപടിയുണ്ടാകുമെന്ന് ആവർത്തിച്ച അഡ്മിൻ പാനലിലെ അംഗം തന്നെ ഗ്രൂപ്പിലെ വിവരങ്ങൾ ചോർത്തി കൊടുത്തത് ഗുരുതരമായ ക്രൈമാണെന്നാണ് മാലാ പാർവതി കൂട്ടിച്ചേർത്തത്. തന്റെ ഫേസ്ബുക്ക് പേജിലൂടെയായിരുന്നു താരത്തിന്റെ പ്രതികരണം. എന്നാൽ പിന്നീട് ഇത്തരം കുറിപ്പുകൾ എഴുതുന്നത് എലെക്ഷൻ വരെ പാടില്ലെന്ന് അറിയിപ്പ് കിട്ടിയെന്ന് പറഞ്ഞ് മാലാ പാർവതി പോസ്റ്റ് പിൻവലിക്കുകയും ചെയ്തിട്ടുണ്ട്.
‘‘മോഹൻലാൽ മാറിയതിന് ശേഷം ഉണ്ടായ അധികാര വടം വലിയിൽ, സീറ്റുറപ്പിക്കാൻ തുടങ്ങിയ ഗ്രൂപ്പിൽ അഡ്മിൻ മുമ്പോട്ട് വച്ചിരുന്ന നിയമം ഈ ഗ്രൂപ്പിലെ വാർത്തകൾ പുറത്ത് വിടരുത് എന്നതായിരുന്നു. ഒരു പാട് സെലിബ്രിറ്റീസ് ഉള്ള ഗ്രൂപ്പിൽ നിന്ന് വാർത്തകൾ പുറത്ത് പോകുന്നത്, ഡാറ്റ ചോർച്ച എന്ന നിലയ്ക്ക് തന്നെ കരുതപ്പെടാവുന്ന ഗുരുതരമായ തെറ്റാണ്. കഴിഞ്ഞ ജൂലൈ 16ന് ഒരു യൂട്യൂബ് ചാനലിൽ, താര സംഘടനയിൽ “ജാതി വൽക്കരണവും, കാവി വൽക്കരണവും” എന്ന പേരിൽ ഇറങ്ങിയ വിഡിയോ ഇറങ്ങിയിരുന്നു. പത്ത് മിനിറ്റ് 52 സെക്കൻഡ് ഉള്ള വിഡിയോയിൽ, (- 6.05) -ൽ ഒരു സ്ക്രീൻ ഷോട്ട് പ്രത്യക്ഷമാവുന്നുണ്ട്. ഗ്രൂപ്പിന്റെ ആധികാരികത കാണിക്കാൻ ചെയതതാണ്. എന്നാൽ ആ സ്ക്രീൻ ഷോട്ടിൽ നാലാമത്തെ നമ്പർ. ‘മൈ നമ്പർ’ എന്നാണ് കിടക്കുന്നത്. അതായത് ആ ഫോണിൽ നിന്നാണ് ആ സ്ക്രീൻ ഷോട്ട് പോയിരിക്കുന്നത്. അതു അഡ്മിന്റെ ഫോണിൽ നിന്നാണ്. സ്ക്രീൻ ഷോട്ടിലെ മൈ നമ്പർ, നാലാമതാണ് വന്നിരിക്കുന്നത്. ഗ്രൂപ്പംഗങ്ങൾക്കത് ഉഷ ഹസീന ആണ്. അങ്ങനെ വാട്ട്സാപ്പ് രൂപീകരിച്ച്, യൂട്യൂബർക്ക് എക്സ്ക്ലൂസിവ് കണ്ടന്റ് കൊടുക്കുന്നതിൽ, വലിയ പ്രതിഷേധം അംഗങ്ങൾക്കിടയിൽ ഉണ്ടായി. പിന്നീടങ്ങോട്ട് യൂട്യൂബര് ‘അമ്മ’യിൽ നടക്കുന്നതും, നടക്കാനിരിക്കുന്നതുമായ എല്ലാ വിവാദങ്ങളും മുൻ കൂട്ടി പ്രവചിക്കാൻ തുടങ്ങി.’’ മാലാ പാർവതി കുറിച്ചു.
അമ്മയിലെ പെൺമക്കൾ’ എന്ന ഗ്രൂപ്പിൽ നിന്ന് പുറത്തുവരാനുള്ള കാരണവും മാലാ പാർവതി മറ്റൊരു പോസ്റ്റിൽ വെളിപ്പെടുത്തുകയുണ്ടായി.
‘അമ്മയുടെ പെൺമക്കൾ’ എന്ന വാട്ട്സപ്പ് ഗ്രൂപ്പ് രൂപീകരിച്ച്, അമ്മയിലെ വനിതാ അംഗങ്ങളെ, അതിൽ ചേർത്തപ്പോൾ, അഡ്മിൻ പാനൽ പറഞ്ഞത്, ഇത് അമ്മ പറഞ്ഞിട്ട് തുടങ്ങുന്നതാണ് എന്നാണ്. ഇത് ഭാവിയിൽ അമ്മയിലേക്ക് ലയിപ്പിക്കുമെന്നും പറഞ്ഞിരുന്നു.ഇവിടെ നടക്കുന്നതെല്ലാം അമ്മ അറിയുന്നുണ്ടെന്നും, ഗ്രൂപ്പിലെ നിയമങ്ങൾ പാലിച്ചില്ലെങ്കിൽ , അമ്മ നടപടി എടുക്കും എന്നും, ഒരു കാർഡ് തയ്യാറാക്കി ഇടയ്ക്കിടെ ഗ്രൂപ്പിൽ പോസ്റ്റ് ചെയ്യുന്നുണ്ടായിരുന്നു. ഈ ഗ്രൂപ്പിലെ വാർത്തകൾ പുറത്ത് വിടരുത് എന്നത് തുടങ്ങി, കർശന നിയമങ്ങൾ. എന്നാൽ ‘അമ്മ’യിലെ എല്ലാ അംഗങ്ങളെയും ഒരു പോലെ കാണാൻ അവർക്ക് സാധിച്ചിരുന്നില്ല. ഊർമിള ഉണ്ണി, സീമ ജി.നായർ തുടങ്ങിയവർ അപമാനിതരായി ഇറങ്ങി പോയപ്പോഴും, പാട്ട് ഉത്സവം പൊടി പൊടിക്കുകയായിരുന്നു. യൂട്യൂബ് വിഡിയോ, ഫോട്ടോ തുടങ്ങിയ കാര്യങ്ങളിൽ കർശന നിയന്ത്രണം പാലിച്ചിരുന്ന ഗ്രൂപ്പ് .. ഒരു അംഗത്തിന്റെ രണ്ട് വീഡിയോകൾ വന്നപ്പോൾ, അതിന് എതിര് പറഞ്ഞില്ല. ഇവർക്ക് നൽകിയ പോലത്തെ പരിഗണന സീമയ്ക്കും, ഊർമിള ഉണ്ണിക്കും നൽകാമായിരുന്നല്ലോ എന്ന് ചോദിച്ചതിന് അഡ്മിനായ പൊന്നമ്മ ബാബു എന്റെ നേരെ ആക്രോശം ഉയർത്തി. ഭീഷണിയിൽ അവിടെ നിൽക്കേണ്ടതില്ല, എന്ന തീരുമാനത്തിൽ ഞാൻ ഇറങ്ങുകയായിരുന്നു. മാലാ പാർവതി പറഞ്ഞു.
അമ്മയിലെ ഹാർഡ് ഡിസ്ക്ക് വിവാദം ശക്തമായി കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് മാലാ പാർവതിയുടെ പുതിയ പോസ്റ്റ് ചർച്ചയാകുന്നത്.സിനിമ മേഖലയിൽ നിന്നുണ്ടായ ദുരനുഭവങ്ങൾ പങ്കുവെച്ച മീറ്റിങിന്റെ ഹാര്ഡ് ഡിസ്ക് കുക്കു പരമേശ്വരന്റെ കൈവശമുണ്ടെന്ന നടി പൊന്നമ്മ ബാബുവിന്റെ ആരോപണത്തെ മാലാ പാർവതി ശക്തമായി എതിർത്തിരുന്നു.