മാമുക്കോയ വ്യത്യസ്ത വേഷത്തില്‍ അഭിനയിച്ച ‘ഉരു’ എന്ന സിനിമ പറയുന്നത് അറബ് ലോകവും കേരളവും തമ്മിലുള്ള നൂറ്റാണ്ടുകളുടെ പഴക്കമുള്ള ബന്ധത്തിന്റെ കൂടി കഥയാണെന്ന് അണിയറ പ്രവര്‍ത്തകര്‍. മാധ്യമപ്രവര്‍ത്തകന്‍ ഇ എം അഷ്‌റഫ് രചനയും സംവിധാനവും നിര്‍വഹിച്ച ‘ഉരു’ ഒടിടി പ്ലാറ്റ്‌ഫോമുകളിലൂടെ റിലീസിന് തയാറെടുക്കുകയാണ്. ബേപ്പൂരിലെ ഉരു നിര്മാണത്തൊഴിലുമായി ബന്ധപ്പെട്ട ജീവിതങ്ങളുടെ കഥ യാണ് ചിത്രം പറയുന്നത്. മലയാള സിനിമയില്‍ ഇതുവരെ എത്തിയിട്ടില്ലാത്ത പ്രമേയം വ്യത്യസ്തമായ രീതിയില്‍ അവതരിപ്പിക്കുകയാണ് ‘ഉരു’വില്‍ ചെയ്തിട്ടുള്ളതെന്ന് നിര്‍മാതാവ് മന്‍സൂര്‍ പള്ളൂര്‍ പറയുന്നു. നഷ്ടപ്പെടാത്ത മാനുഷിക മൂല്യങ്ങളുടെ കഥ കൂടിയാണ് ചിത്രം പറയുന്നതെന്നും അറബ് ലോകത്തിന്റെ നന്മകളെ പോസിറ്റിവായി അവതരിപ്പിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മൂത്താശാരിയായിയാണ് മാമുക്കോയ അഭിനയിക്കുന്നത്. മരത്തടി മേഖലയുമായി ബന്ധപ്പെട്ട തൊഴില്‍ ചെയ്ത മാമുക്കോയ തന്റെ ജീവിതാനുഭവങ്ങള്‍ കൂടി ഉരു വില്‍ പങ്കുവെക്കുന്നു. മാമുകോയയ്ക്കു പുറമെ കെ യു മനോജ് , മഞ്ജു പത്രോസ് , അര്‍ജുന്‍ , ആല്‍ബര്‍ട്ട് അലക്‌സ് അനില്‍ ബാബു. അജയ് കല്ലായി , രാജേന്ദ്രന്‍ തായാട്ട് , ഉബൈദ് മുഹ്‌സിന്‍ , ഗീതിക , ശിവാനി ,ബൈജു ഭാസ്‌കര്‍ , സാഹിര്‍ പി കെ , പ്രിയ , എന്നിവരാണ് അഭിനേതാക്കള്‍. എഡിറ്റിംഗ് നിര്‍വഹിച്ചത് ഹരി ജി നായരാണ്, ശ്രീകുമാര്‍ പെരുമ്പടവം ഛായാഗ്രഹണം, കമല്‍ പ്രശാന്ത് സംഗീത സംവിധാനം, ഗാന രചന പ്രഭാവര്‍മ. എ സാബു , സുബിന്‍ എടപ്പകത്തു എന്നിവരാണ് സാം പ്രൊഡക്ഷന്റെ ബാനറില്‍ നിര്‍മിക്കുന്ന ചിത്രത്തിന്റെ സഹ നിര്‍മാതാക്കള്‍. ഈയടുത്തായി മാമുക്കോയ അഭിനയിച്ച ‘കുരുതി’ എന്ന ചിത്രത്തിലെ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ‘മിന്നല്‍ മുരളി’ എന്ന ബേസില്‍ ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രത്തിലും മാമുക്കോയ പ്രധാന വേഷത്തിലെത്തുന്നുണ്ട്.