
നടൻ ശ്രീനിവാസന് മരണാനന്തര ബഹുമതിയായി ഉണ്ണികൃഷ്ണൻ നമ്പൂതിരി സ്മാരക പുരസ്‌കാരം സമർപ്പിക്കും. 2026 ജനുവരി 24-ന് വൈകുന്നേരം എറണാകുളത്തുള്ള അദ്ദേഹത്തിന്റെ വസതിയിൽ വെച്ച് നടക്കുന്ന ചടങ്ങിൽ ബഹുമാനപ്പെട്ട കേരള ആരോഗ്യ, വനിത-ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോർജ്ജ് പുരസ്‌കാരം കൈമാറും.
“സാധാരണക്കാരന്റെ ജീവിതകാഴ്ചകളിലൂടെ മലയാള സിനിമയെ പുനർനിർമ്മിച്ച സമ്പൂർണ്ണ കലാകാരനാണ് ശ്രീനിവാസനെന്ന് പുരസ്‌കാര സമിതി വിലയിരുത്തി. സങ്കീർണ്ണമായ വിഷയങ്ങളെ ചിരിയും ചിന്തയും കലർത്തി ലളിതമായി അവതരിപ്പിക്കാനും, ആക്ഷേപഹാസ്യത്തിലൂടെ മൂർച്ചയുള്ള സാമൂഹ്യ-രാഷ്ട്രീയ വിമർശനങ്ങൾ നടത്താനും അദ്ദേഹത്തിന് സാധിച്ചു. ഓരോ കാലഘട്ടത്തിലെയും കേരളീയ സമൂഹത്തെ പ്രതിഫലിപ്പിക്കുന്ന കണ്ണാടികളാണ് ശ്രീനിവാസന്റെ സിനിമകളെന്നും സമിതി അഭിപ്രായപ്പെട്ടു.” മധു, ഇന്നസെന്റ്, ജഗതി ശ്രീകുമാർ എന്നിവർക്കാണ് മുൻ വർഷങ്ങളിൽ ഈ പുരസ്‌കാരം ലഭിച്ചത്.
വിവിധ ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് ചികിത്സയിലായിരുന്ന ശ്രീനിവാസൻ ഡിസംബർ 20-ന് തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിൽ വെച്ചാണ് അന്തരിച്ചത്. 48 വർഷം നീണ്ടുനിന്ന സിനിമാ ജീവിതത്തിൽ 200-ലേറെ ചിത്രങ്ങളിൽ അദ്ദേഹം അഭിനയിച്ചു. 54 ചിത്രങ്ങൾക്ക് തിരക്കഥ രചിക്കുകയും രണ്ട് ചിത്രങ്ങൾ സംവിധാനം ചെയ്യുകയും ചെയ്തിട്ടുണ്ട്. ദേശീയ-സംസ്ഥാന പുരസ്‌കാരങ്ങളടക്കം നിരവധി അംഗീകാരങ്ങൾ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.