
സിനിമയെ സിനിമയായി മാത്രം കണ്ടാൽ മതിയെന്നും തന്റെ രാഷ്ട്രീയ ദർശനങ്ങൾ ചിത്രത്തെ ബാധിക്കില്ലെന്നും തുറന്നു പറഞ്ഞ് സംവിധായകൻ ബി. ഉണ്ണികൃഷ്ണൻ. സിനിമയിൽ നിന്ന് രാഷ്ട്രീയത്തെ മാറ്റിനിർത്തുക എന്നത് ഒരു മിഥ്യയാണെന്നും, അറിഞ്ഞോ അറിയാതെയോ ഒരാളുടെ രാഷ്ട്രീയ ദർശനങ്ങൾ സിനിമയിൽ കടന്നുവരുമെന്നും ഉണ്ണികൃഷ്ണൻ പറഞ്ഞു. തന്റെ ഏറ്റവും പുതിയ ചിത്രം ‘പ്രതിഛായ’ നാളെ റിലീസിനെത്താനിരിക്കെ കൊച്ചിയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാഷ്ട്രീയം ഇല്ലെന്ന് പറയുന്നവർ എടുക്കുന്ന സിനിമകളിൽ പോലും ഒരു രാഷ്ട്രീയമുണ്ട്. ഉണ്ണികൃഷ്ണൻ പറഞ്ഞു. ഇടതുപക്ഷ സഹയാത്രികനായ തന്റെ ചിത്രത്തിൽ ‘പിണറായി പ്രിയം’ ഉണ്ടാകുമോ എന്ന ചോദ്യത്തിന്, ഇടതുപക്ഷത്തെ എന്തിനാണ് ഒരു വ്യക്തിയുമായോ സർക്കാരുമായോ മാത്രം കൂട്ടിക്കെട്ടുന്നതെന്ന് അദ്ദേഹം ചോദിച്ചു.
വിദ്യാർത്ഥിക്കാലം മുതൽ മാർക്സിസ്റ്റ് ദർശനങ്ങളെ അക്കാദമിക് രീതിയിൽ പിന്തുടരുന്നയാളാണ് താൻ. അതിനെ മുഖ്യധാരാ രാഷ്ട്രീയ ബിംബങ്ങളുമായി ബന്ധപ്പെടുത്തേണ്ടതില്ല. മുഖ്യമന്ത്രി പിണറായി വിജയൻ, വി.ഡി. സതീശൻ, രമേശ് ചെന്നിത്തല, ഗോവിന്ദൻ മാസ്റ്റർ തുടങ്ങി എല്ലാ രാഷ്ട്രീയ നേതാക്കളുമായും തനിക്ക് വ്യക്തിപരമായ ബന്ധമുണ്ട്. സിനിമയുടെ പൂജയ്ക്ക് ബിജെപി നേതാവ് കൃഷ്ണദാസ് എത്തിയത് ഇതിന് ഉദാഹരണമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നിവിൻ പോളിയെ നായകനാക്കി ബി. ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്ത ‘പ്രതിഛായ’ നാളെ പ്രദർശനത്തിനെത്തും. രാഷ്ട്രീയ പശ്ചാത്തലത്തിലുള്ള ഫാമിലി ഇമോഷണൽ ഡ്രാമയായ ചിത്രം മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ജീവിതത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടതാണെന്ന ചർച്ചകൾക്കിടെയാണ് റിലീസ്. ബി. ഉണ്ണികൃഷ്ണൻ തന്നെ തിരക്കഥയൊരുക്കിയ ചിത്രം നിവിൻ പോളിയുടെ ശക്തമായ തിരിച്ചുവരവാകുമെന്നാണ് സിനിമാ ലോകം പ്രതീക്ഷിക്കുന്നത്.