
അടുത്തതായി അൽഫോൺസ് പുത്രനുമായി ഒന്നിക്കാൻ പോകുകയാണെന്നും സിനിമയുടെ ചർച്ചകൾ നടക്കുന്നുണ്ടെന്നും നടൻ ഉണ്ണി മുകുന്ദൻ.
ബിഹൈൻഡ് വുഡ്സ് തമിഴ് നടത്തിയ പരിപാടിയിലാണ് പ്രതികരണം. ‘അൽഫോൺസ് എന്റെ പ്രിയപ്പെട്ട സുഹൃത്താണ്. നിങ്ങൾക്ക് എല്ലാവര്ക്കും പ്രേമം ഇഷ്ടമല്ലേ, നിവിൻ പോളി ഫാൻസ് അല്ലേ നിങ്ങൾ എല്ലാവരും. അൽഫോൻസ് ആയി ചർച്ചകൾ നടക്കുന്നുണ്ട്. എല്ലാം ഒത്തുവന്നാൽ സിനിമ ഉണ്ടാകും. നല്ല കാര്യം നടന്നാൽ ഉറപ്പായും നിങ്ങളുമായി പങ്കുവെക്കും’; ഉണ്ണിമുകുന്ദൻ പറഞ്ഞു. വേദിയിൽ നിന്നുള്ള ഉണ്ണിമുകുന്ദന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ ട്രെൻഡിങ്
മാർക്കോ എന്ന ചിത്രത്തിലൂടെ പാൻ ഇന്ത്യൻ ലെവലിൽ ശ്രദ്ധ നേടിയിരിക്കുകയാണ് ഉണ്ണി മുകുന്ദൻ. മാർക്കോയ്ക്ക് ശേഷം ഉണ്ണി മുകുന്ദൻ എത്തിയത് നിഖില വിമലിനൊപ്പം ഗെറ്റ് സെറ്റ് ബേബി എന്ന ചിത്രത്തിലായിരുന്നു. അതേസമയം, മാർക്കോ ഉണ്ടാക്കിയ ഓളം ഗെറ്റ് സെറ്റ് ബേബി എന്ന ചിത്രത്തിന് നേടാനായിട്ടില്ല. വ്യത്യസ്തമായ രീതിയിലായിരുന്നു സമീപ കാലത്ത് ഇറങ്ങിയ ഉണ്ണി മുകുന്ദൻ ചിത്രങ്ങളുടെ തിരഞ്ഞെടുപ്പ്. വിനയ് ഗോവിന്ദ് സംവിധാനത്തിലെത്തിയ ഗെറ്റ് സെറ്റ് ബേബി എന്ന ചിത്രം ഒടിടിയിൽ സ്ട്രീമിങ് ആരംഭിക്കാൻ തയ്യാറെടുക്കുകയാണ്. മനോരമ മാക്സ് ആണ് ചിത്രത്തിന്റെ സ്ട്രീമിംഗ് അവകാശം സ്വന്തമാക്കിയത്. സ്കന്ദാ സിനിമാസും കിംഗ്സ്മെൻ പ്രൊഡക്ഷൻസുമാണ് നിർമാതാക്കൾ.
2002-ലെ മലയാളം സിനിമയായ നന്ദനത്തിൻ്റെ തമിഴ് റീമേക്കായ സീദൻ എന്ന ചിത്രത്തിലൂടെയാണ് ഉണ്ണി മുകുന്ദൻ്റെ സിനിമാ പ്രവേശനം. 2011-ൽ റിലീസായ ബോംബേ മാർച്ച് 12 എന്ന സിനിമയിലൂടെ മലയാളത്തിൽ അരങ്ങേറ്റം കുറിച്ചു. ഈ ചിത്രത്തിലെ അഭിനയത്തിന് നിരവധി അവാർഡുകൾ ലഭിച്ചു. തുടർന്ന് ബാങ്കോക്ക് സമ്മർ, തത്സമയം ഒരു പെൺകുട്ടി എന്നീ ചിത്രങ്ങളിൽ അഭിനയിച്ച ഉണ്ണി മുകുന്ദൻ 2012-ൽ റിലീസായ മല്ലൂസിംഗ് എന്ന സിനിമയിൽ നായകനായി. മല്ലൂസിംഗിൻ്റെ വലിയ വിജയം ഒരു പിടി സിനിമകളിൽ നായക വേഷം ചെയ്യാൻ ഉണ്ണി മുകുന്ദന് അവസരമൊരുക്കി.
2014-ൽ ലാൽ ജോസ് സംവിധാനം ചെയ്ത വിക്രമാദിത്യൻ എന്ന സിനിമയിൽ ദുൽക്കറിനൊപ്പം നായകനായി വേഷമിട്ടു. വിക്രമാദിത്യൻ സിനിമ വിജയിച്ചതിനെ തുടർന്ന് ഉണ്ണിയുടെ അഭിനയം നിരൂപക പ്രശംസ നേടി. 2017-ൽ റിലീസായ മാസ്റ്റർ പീസ് സിനിമ വിജയിച്ചില്ലെങ്കിലും അതിലെ വില്ലൻ വേഷമായ എ.സി.പി. ജോൺ തെക്കൻ ഐ.പി.എസ് ശ്രദ്ധിക്കപ്പെട്ടു. ആ വർഷം തന്നെ ക്ലിൻറ് എന്ന സിനിമയിൽ ക്ലിൻറിൻ്റെ അച്ഛൻ വേഷമാണ് ഉണ്ണി മുകുന്ദൻ ചെയ്തത്. ഈ കഥാപാത്രത്തിന് മികച്ച നടനുള്ള രാമു കാര്യാട്ട് അവാർഡ് ലഭിച്ചു. തെലുങ്കു സിനിമയിലേക്കുള്ള അരങ്ങേറ്റം ജനതാ ഗാര്യേജ് എന്ന ചിത്രത്തിലെ വില്ലൻ വേഷം ചെയ്തു കൊണ്ടായിരുന്നു. 2018-ൽ റിലീസായ ഭാഗ്മതി എന്ന സിനിമയിൽ അനുഷ്ക ഷെട്ടിയുടെ നായകനായും അഭിനയിച്ചു. തുടർന്ന് നിരവധി തമിഴ് തെലുഗു സിനിമകളിൽ സഹതാരമായും അഭിനയിച്ചിട്ടുണ്ട്.
2017 ൽ ഇറങ്ങിയ സഹ്യൻസ് എന്ന സിനിമയിലെ അനുരാഗം പുതുമഴ എന്ന ഗാനത്തിന്റെ വരികൾ എഴുതിയതും ആലപിച്ചതും ഉണ്ണി മുകുന്ദനാണ്.
പിന്നീട് 2018 ലെ ചാണക്യ തന്ത്രം എന്ന സിനിമയിലെ ഏതോ വഴിത്താരയിൽ എന്ന ഗാനവും, അതീ വർഷമിറങ്ങിയ കുട്ടനാടൻ ബ്ലോഗിലെ ചാർത്തി നീ എന്ന ഗാനവും ഉണ്ണി മുകുന്ദൻ തന്നെയാണ് ആലപിച്ചത്.