സ്ത്രീത്വത്തെ അപമാനിച്ചെന്ന കേസിൽ ഉണ്ണിമുകുന്ദന് തിരിച്ചടി

','

' ); } ?>

 

സ്ത്രീത്വത്തെ അപമാനിച്ചെന്ന നടന്‍ ഉണ്ണി മുകുന്ദനെതിരായ കേസിന്റെ സ്റ്റേ നീക്കി. കേസ് ഒത്തുതീര്‍പ്പായെന്ന സത്യവാങ്മൂലം വ്യാജമെന്ന് പരാതിക്കാരി. കോടതിയില്‍ വ്യാജസത്യവാങ്മൂലം നല്‍കിയത് എങ്ങനെയെന്ന് വിശദീകരിക്കമണമെന്ന് ഹൈക്കോടതി നിര്‍ദ്ദേശിച്ചു. വിവാദ അഭിഭാഷകന്‍ സൈബി ജോസ് ഹാജരായി അനുകൂല വിധി വാങ്ങിയ കേസിലാണ് ഇപ്പോള്‍ നടപടി.

വിദേശ മലയാളിയായ സ്ത്രീ നടന്‍ ഉണ്ണിമുകുന്ദനെതിരേ സ്ത്രീത്വത്തെ അപമാനിച്ചെന്ന് പരാതിയുമായി മജിസ്‌ട്രേറ്റ് കോടതിയെ സമീപിക്കുകയായിരുന്നു. ഈ കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഉണ്ണിമുകുന്ദന്‍ മജിസ്‌ട്രേറ്റ് കോടതിയിലും സെഷന്‍സ് കോടതിയിലും ഹര്‍ജികള്‍ നല്‍കിയിരുന്നു. എന്നാല്‍ രണ്ട് ഹര്‍ജികളും ബന്ധപ്പെട്ട കോടതികള്‍ തള്ളുകയായിരുന്നു. കേസുമായി ബന്ധപ്പെട്ട് അഡ്വ. സൈബി ജോസ് കോടതിയില്‍ ഹാജരാവുകയും 2021 ല്‍ പരാതിക്കാരിയുമായി വിഷയം ഒത്തുതീര്‍പ്പാക്കിയെന്ന് കോടതിയെ അറിയിച്ചുകൊണ്ട് സ്റ്റേ വാങ്ങുകയായിരുന്നു. സ്റ്റേ നീക്കണമെന്ന് പരാതിക്കാരി കോടതിയില്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും സ്റ്റേ നീട്ടിക്കൊണ്ടു പോവുകയായിരുന്നു. ഇന്ന് കേസ് വീണ്ടും പരിഗണിച്ചപ്പോഴാണ് പരാതിക്കാരിയുടെ അഭിഭാഷകന്‍ വ്യാജ സത്യവാങ്മൂലത്തെക്കുറിച്ച് കോടതിയില്‍ വ്യക്തമാക്കുന്നത്. കേസ് ഒത്തുതീര്‍പ്പാക്കിയെന്ന സത്യവാങ്മൂലത്തില്‍ ഒപ്പിട്ടിരിക്കുന്നത് തന്റെ കക്ഷിയല്ലെന്ന് അഭിഭാഷകന്‍ വ്യക്തമാക്കുകയായിരുന്നു.

തുടര്‍ന്ന് ജസ്റ്റിസ് കെ ബാബു കേസിലെ സ്റ്റേ നീക്കുകയും വ്യാജ സത്യവാങ്മൂലം സമര്‍പ്പിച്ചതിയില്‍ വിശദീകരണം നല്‍കാന്‍ നടന്‍ ഉണ്ണി മുകുന്ദനോട് ആവശ്യപ്പെടുകയും ചെയ്തു. കോടതിയില്‍ തട്ടിപ്പ് നടന്നിരിക്കുന്നുവെന്ന് ജസ്റ്റിസ് കെ. ബാബു ചൂണ്ടിക്കാണിച്ചു. അതീവ ഗൗരവമുള്ള വിഷയമാണെന്നും കോടതി പറഞ്ഞു. ഈ മാസം 17ന് കേസില്‍ വീണ്ടും വിശദമായ വാദം കേള്‍ക്കും.