
ജെഎസ്കെ വിവാദത്തില്‍ കേന്ദ്രമന്ത്രിയുടെ പവര്‍ ഉപയോഗിച്ചിട്ടില്ലെന്ന് വ്യക്തമാക്കി നടനും കേന്ദ്ര മന്ത്രിയുമായ സുരേഷ് ഗോപി. ഇടപെടേണ്ടയിടത്ത് ഇടപെട്ടിട്ടുണ്ടെന്നും സെൻസർ ബോർഡിൽ പോയിട്ടില്ലെന്നും സുരേഷ് ഗോപി പറഞ്ഞു. കൂടാതെ ആരെയും അറിയിക്കാൻ പാടില്ലാത്ത ചില കാര്യങ്ങചർച്ച ചെയ്ത് ചില തീർപ്പുകളിലേക്ക് നയിക്കുന്നതിന് തന്റെ പ്രധാനപ്പെട്ട നേതാക്കളുടെ പിന്തുണയുണ്ടായിട്ടുണ്ടെന്നും സുരേഷ് ഗോപി കൂട്ടിച്ചേർത്തു. ജെഎസ്കെയുടെ പ്രചാരണത്തിന്റെ ഭാഗമായി ദുബായിലെത്തിയപ്പോൾ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സംവിധായകൻ പ്രവീൺ നാരായണനും ഒപ്പമുണ്ടായിരുന്നു.
“വിവാദത്തില്‍ കേന്ദ്രമന്ത്രിയുടെ പവര്‍ ഉപയോഗിക്കാത്തത് എന്താണെന്ന് ചോദിച്ചാല്‍, നിങ്ങള്‍ എന്നെ അഴിമതിയിലേക്ക് തളളി വിടുന്നത് പോലെയാണത്. സിനിമയുടെ അണിയറ പ്രവര്‍ത്തകരെ പിന്തുണയ്ക്കാന്‍ ആരും ഉണ്ടായിരുന്നില്ല. അതുകൊണ്ട് മന്ത്രിയ്ക്ക് കൊമ്പ് ഉണ്ടാകണമെന്ന് ആരും പറയരുത്. ചെറിയ ചില പ്രശ്നങ്ങൾ അവിടെയും ഇവിടെയും ഉണ്ടായിട്ടുണ്ട്. മന്ത്രിസഭ ആരുടേയും പക്ഷത്തില്ല. ഫിലിം സർട്ടിഫിക്കേഷൻ ബോർഡ് ഒരു സ്വയംഭരണാധികാരമുള്ള സ്ഥാപനമാണ്. അവർ അവരുടെ ജോലി കൃത്യമായി ചെയ്തു. സിനിമയുടെ സ്ക്രീനിങ് മുഴുവൻ നടന്നത് തിരുവനന്തപുരത്താണ്. സിനിമയില്‍ റീ ഡബ്ബിങ് ചെയ്തിട്ടില്ല. രണ്ട് സ്ഥലങ്ങളില്‍ മ്യൂട്ട് ചെയ്തിട്ടുണ്ട്. ജാനകിയുടെ അച്ഛന്‌റെ പേരിലും മാറ്റം വരുത്തിയിട്ടില്ല. തിരക്കഥയിലുളള പേര് തന്നെയാണ് സിനിമയിലുളളത്.’ സുരേഷ് ഗോപി പറഞ്ഞു