“കൂലിക്ക് യു/എ സര്‍ട്ടിഫിക്കറ്റ് മതി”; ഹൈക്കോടതിയെ സമീപിച്ച് നിർമ്മാതാക്കൾ

','

' ); } ?>

രജനീകാന്ത് – ലോകേഷ് കനകരാജ് ചിത്രം കൂലിക്ക് യു/എ സര്‍ട്ടിഫിക്കറ്റ് ആവശ്യപ്പെട്ട് മദ്രാസ് ഹൈക്കോടതിയെ സമീപിച്ച് നിര്‍മാതാക്കളായ സണ്‍ പിക്‌ചേഴ്‌സ്. സെന്‍സര്‍ ബോര്‍ഡ് ചിത്രത്തിന് എ സര്‍ട്ടിഫിക്കറ്റ് നല്‍കിയത് ചർച്ചയായതിന് പിന്നാലെയാണ് നിർമ്മാതാക്കളുടെ നീക്കം. മുതിര്‍ന്ന അഭിഭാഷകനും സണ്‍ പിക്‌ചേഴ്‌സ് പ്രതിനിധിയുമായ ജെ. രവീന്ദ്രന്‍ കോടതിയെ സമീപിക്കും. ജഡ്ജി ടിവി തമിഴ്‌സെല്‍വിയുടെ നേതൃത്വത്തിലുള്ള ബെഞ്ച് ഓഗസ്റ്റ് 20 ബുധനാഴ്ച്ച കേസ് പരിഗണിക്കും.

മൂന്ന് പതിറ്റാണ്ടിനിടയില്‍ സെന്‍സര്‍ ബോര്‍ഡില്‍ നിന്ന് എ സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്ന ആദ്യ രജനീകാന്ത് ചിത്രമാണ് കൂലി. കൂലിയില്‍ വയലന്‍സ് രംഗങ്ങളുണ്ടെങ്കിലും എ സര്‍ട്ടിഫിക്കറ്റ് നല്‍കിയ സെന്‍സര്‍ ബോര്‍ഡിന്റെ തീരുമാനത്തെ എല്ലാവരും ചോദ്യം ചെയ്തിരുന്നു. കെജിഎഫ് ഫ്രൈഞ്ചൈസ് പോലുള്ള വയലന്‍സ് അധികമുള്ള സിനിമകള്‍ക്ക് പോലും സെന്‍സര്‍ ബോര്‍ഡ് യു/എ സര്‍ട്ടിഫിക്കറ്റാണ് നല്‍കിയിരുന്നത്. ഇതിനെ തുടര്‍ന്നാണ് നിര്‍മാതാക്കള്‍ കോടതിയെ സമീപിക്കാന്‍ തീരുമാനിച്ചത്.

ലോകേഷ് ചിത്രം കൂലി എ സര്‍ട്ടിഫിക്കറ്റ് അര്‍ഹിക്കുന്നില്ലെന്ന് പറഞ്ഞ് നിര്‍മാതാവ് എല്‍റെഡ് കുമാര്‍ കഴിഞ്ഞ ദിവസം എക്‌സില്‍ പ്രതികരണം അറിയിച്ചിരുന്നു. കൂടുതല്‍ വയലന്‍സുള്ള മറ്റ് ഭാഷാ ചിത്രങ്ങള്‍ക്ക് യു/എ സര്‍ട്ടിഫിക്കറ്റ് ലഭിക്കുമ്പോള്‍ കൂലിക്ക് എ സര്‍ട്ടിഫിക്കറ്റ് ലഭിച്ചത് ശരിയല്ലെന്ന് അദ്ദേഹം പറഞ്ഞു. അതോടൊപ്പം തമിഴ് സിനിമാ ലോകം ഇതിനെതിരെ രംഗത്തെത്തണമെന്നും അദ്ദേഹം കുറിച്ചു.

അതേസമയം കൂലി ആഗോള ബോക്‌സ് ഓഫീസില്‍ 400 കോടിക്ക് മുകളില്‍ കളക്ഷന്‍ നേടിയതായി നിര്‍മാതാക്കള്‍ അറിയിച്ചിരുന്നു. ലോകേഷ് സംവിധാനം ചെയ്ത കൂലി കലാനിധി മാരന്റെ സണ്‍ പിക്ചേഴ്സാണ് നിര്‍മിച്ചത്. രജനീകാന്തിന് പുറമെ നാഗാര്‍ജുന, ഉപേന്ദ്ര, സൗബിന്‍ ഷാഹിര്‍, സത്യരാജ്, ശ്രുതി ഹാസന്‍, ആമിര്‍ ഖാന്‍ എന്നിവരും പ്രധാന റോളുകള്‍ ചെയ്തു.