ടൊറന്റോ രാജ്യാന്തരചലച്ചിത്ര മേള; ബഹുമതികൾ സ്വന്തമാക്കി രണ്ട് ഇന്ത്യന്‍ ചിത്രങ്ങള്‍

','

' ); } ?>

ടൊറന്റോ രാജ്യാന്തരചലച്ചിത്ര മേളയിൽ ബഹുമതികൾ സ്വന്തമാക്കി രണ്ട് ഇന്ത്യന്‍ ചിത്രങ്ങള്‍. ആഗോളപ്രേക്ഷകര്‍ തിരഞ്ഞെടുത്ത ചിത്രങ്ങളില്‍ നീരജ് ഗയ്വാന്‍ സംവിധാനം ചെയ്ത ‘ഹോംബൗണ്ട്’ മൂന്നാം സ്ഥാനം നേടി. ജിതാങ്ക് സിങ് ഗുര്‍ജാര്‍ സംവിധാനം ചെയ്ത ‘വിമുക്ത്’ (In Search of the Sky) ഏഷ്യന്‍- പസിഫിക് രാജ്യങ്ങളില്‍നിന്നുള്ള മികച്ച ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടു.

ഗ്വാളിയര്‍ സ്വദേശിയായ നാടകപ്രവര്‍ത്തകനായ ജിതാങ്ക് സിങ് ഗുര്‍ജാറിന്റെ രണ്ടാമത്തെ ചിത്രമാണ് ‘വിമുക്ത്’. ദാരിദ്ര്യത്തിലും അന്ധവിശ്വാസത്തിലും കെട്ടുപിണഞ്ഞുകിടക്കുന്ന മധ്യ ഇന്ത്യയിലെ ഗ്രാമകഥയാണ് ‘വിമുക്തി’ലൂടെ യുവസംവിധായകനായ ജിതാങ്ക് സിങ് ഗുര്‍ജാര്‍ അവതരിപ്പിക്കുന്നത്. യുവനടനായ നിഖില്‍ യാദവ്, മേഘ്ന അഗർവാൾ തുടങ്ങിയവരാണ് അഭിനയിച്ചിരിക്കുന്നത്. പൂജ വിശാല്‍ ശര്‍മയും ജിതാങ്ക് സിങ് ഗുര്‍ജാറും ചേര്‍ന്നെഴുതിയ തിരക്കഥയ്ക്ക് ദൃശ്യാവിഷ്‌ക്കാരം നല്‍കിയിരിക്കുന്നത് ഷെല്ലി ശര്‍മയാണ്. പവന്‍ തോര്‍ക്കര്‍ ചിത്രസംയോജനം നിര്‍വഹിച്ചിരിക്കുന്നു. തുഷാര്‍ ത്യാഗി എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍. പൂജ വിശാല്‍ ശര്‍മ നിര്‍മിച്ച സ്വതന്ത്രസിനിമയുടെ ദൈര്‍ഘ്യം 87 മിനിറ്റാണ്.

ടൊറന്റോ രാജ്യാന്തരചലച്ചിത്രമേളയിലെ ഏറ്റവും വലിയ പുരസ്‌കാരമാണ് ഇന്റർനാഷനൽ പീപ്പിൾസ് ചോയ്‌സ് അവാർഡ്. കൊറിയൻ ചലച്ചിത്രകാരനായ പാർക് ചാൻ-വൂക് സംവിധാനം ചെയ്‌ത ‘നോ അദർ ചോയ്‌സ്’ ഒന്നാം സ്ഥാനത്തും, ഡാനിഷ്- നോർവ്വീജിയൻ സംവിധായകനായ ജോക്കിം ട്രയറിന്റെ ‘സെന്റിമെന്റൽ വാല്യൂ’ രണ്ടാം സ്ഥാനത്തുമെത്തിയപ്പോൾ, മൂന്നാം സമ്മാനം നേടിയത് ഇന്ത്യൻ സംവിധായകനായ നീരജ് ഗയ്വാൻ്റെ ‘ഹോംബൗണ്ടി’നാണ്.

2015 ലെ ‘മസാൻ’ ആയിരുന്നു ഹൈദരാബാദ് സ്വദേശിയായ നീരജ് ഗയ്വാന്റെ ആദ്യ ചിത്രം. പ്രശസ്‌തമായ ടെലിവിഷൻ പരമ്പരകളും ഹ്രസ്വചിത്രങ്ങളും നിർമിച്ചിട്ടുള്ള അദ്ദേഹം അനേകം പുരസ്‌കാരങ്ങളും നേടിയിട്ടുണ്ട്.

ഹൻസൽ മേത്തയുടെ ‘ഗാന്ധി’ ടെലിവിഷൻ പരമ്പരയുടെ രണ്ട് എപ്പിസോഡുകൾ, അനുരാഗ് കാശ്യപിൻ്റെ ‘ബന്ദർ’ (Monkey In A Cage), ബികാസ് മിശ്രയുടെ ‘ബയാൻ’ എന്നിവയോടൊപ്പം അമ്പതാം വർഷമാഘോഷിക്കുന്ന ‘ഷോലെ’യും, ടിഫ് ക്ലാസ്സിക്‌സ് വിഭാഗത്തിൽ വിഖ്യാത സംവിധായകനായ സത്യജിത് റേയുടെ ‘അരണ്യർ ദിൻ രാത്രി’യും ടൊറന്റോയിൽ പ്രദർശിപ്പിച്ചിരുന്നു.

പല രാജ്യാന്തര ചലച്ചിത്രോത്സവങ്ങളിലും ജൂറി അംഗമായിരുന്ന, നാലു പതിറ്റാണ്ടായി ദക്ഷിണേഷ്യൻ ചലച്ചിത്രങ്ങളെ വിദേശമേളകളിലെത്തിക്കാൻ ശ്രദ്ധേയമായ പങ്കുവഹിച്ച, എഴുത്തുകാരിയും ചലച്ചിത്രപ്രവർത്തകയുമായ മീനാക്ഷി ഷെഡേ ആയിരുന്നു ടൊറൻ്റോയിലെ സീനിയർ പ്രോഗ്രാം അഡൈ്വസർ. മേളയിലെ ചലച്ചിത്രപ്രതിഭകൾക്കായി 110 റെഡ് കാർപ്പെറ്റുകളാണ് ഒരുക്കിയിരുന്നത്. 79 രാജ്യങ്ങളിൽനിന്നുള്ള 280-ലധികം ചിത്രങ്ങളുടെ 1,200 പ്രദർശനങ്ങളായിരുന്നു സുവർണ്ണജൂബിലി വർഷം ടിഐഎഫ്എഫ് 2025 ഒരുക്കിയിരുന്നത്. ഇതിവൃത്തങ്ങളുടെ പുതുമയും, സാങ്കേതികത്തികവും, നിറപ്പകിട്ടാർന്ന നഗരക്കാഴ്ച്‌ചകളുമായി പതിനൊന്നു ദിനങ്ങൾ നീണ്ടുനിന്ന കാനഡയുടെ ‘ഉത്സവങ്ങളുടെ ഉത്സവ’ത്തിന് സമാപനമായി.