
മാനേജർ വിപിൻ കുമാറുമായുള്ള പ്രശ്നത്തിൽ ഡിജിപിക്കും എഡിജിപിക്കും പരാതി നല്‍കിയതായി അറിയിച്ച് ഉണ്ണിമുകുന്ദൻ. തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് ഉണ്ണിമുകുന്ദൻ ഈ കാര്യം അറിയിച്ചത്. ഈ യാത്രയുടെ അവസാനം സത്യം വിജയിക്കുമെന്നും ഉണ്ണി ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
‘നീതി തേടി ബഹുമാനപ്പെട്ട ഡിജിപിക്കും എഡിജിപിക്കും ഔദ്യോഗികമായി പരാതി നല്‍കി. ഈ യാത്രയുടെ അവസാനം സത്യം വിജയിക്കും.’ -ഇതാണ് ഉണ്ണി മുകുന്ദന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചത്. എന്നാല്‍ ഏതുവിഷയത്തിലാണ് താന്‍ പരാതി നല്‍കിയതെന്നോ ആര്‍ക്കെതിരെയാണെന്നോ ഉണ്ണി മുകുന്ദന്‍ വ്യക്തമാക്കിയിട്ടില്ല.
ഉണ്ണി മുകുന്ദൻ മർദ്ദിച്ചെന്ന ആരോപണവുമായി നടന്റെ പിആര്‍ മാനേജർ വിപിൻ കുമാർ എത്തിയത് വലിയ വാർത്തയായിരുന്നു. ടൊവിനോ തോമസ് നായകനായി എത്തിയ നരിവേട്ട എന്ന സിനിമയെ പുകഴ്ത്തി വിപിൻ ഇട്ട പോസ്റ്റിൽ പ്രകോപിതനായിട്ടാണ് നടൻ തന്നെ മർദ്ദിച്ചതെന്നായിരുന്നു വിപിന്റെ പരാതിയിലുണ്ടായിരുന്നത്. ഈ ആരോപണങ്ങളോട് പ്രതികരിച്ച് ഉണ്ണി മുകുന്ദനും രംഗത്തെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് സ്ക്രീൻഷോർട് പങ്കുവെച്ചുള്ള ഉണ്ണിമുകുന്ദന്റെ നീക്കം.
തൻ്റെ ഫ്ളാറ്റിൽ വന്ന് പാർക്കിംഗ് ഏരിയയിൽ വിളിച്ച് വരുത്തിയാണ് മർദ്ദിച്ചെന്നായിരുന്നു വിപിന്റെ പരാതി. തുടർച്ചയായി സിനിമകൾ പരാജയപ്പെട്ടതിൻ്റെ അസഹിഷ്ണുതയാണ് ഉണ്ണി മുകുന്ദനെന്നാണ് മാനേജർ വിപിൻ പ്രതികരിച്ചത്. അതേസമയം, ശാരീരകമായ ആക്രമണം നടന്നിട്ടില്ലെന്നും തികച്ചും അസത്യമായ ആരോപണങ്ങളാണ് തനിക്കെതിരെ വിപിൻ കുമാർ ഉയർത്തിയിരിക്കുന്നതെന്നും ഉണ്ണി മുകുന്ദൻ പറഞ്ഞു.
വിപിൻ കുമാറിനെ തന്റെ പേഴ്സൺ മാനേജറായി ഇതുവരെ നിയമിച്ചിട്ടില്ലെന്നും ഉണ്ണി മുകുന്ദൻ സമൂഹ മാധ്യമങ്ങളിലൂടെ വ്യക്തമാക്കിയിരുന്നു. വിപിൻ ഉന്നയിച്ച ആരോപണങ്ങൾ തികച്ചും വ്യാജവും അസത്യവുമാണ്. മുഴുവൻ സ്ഥലവും സിസിടിവി നിരീക്ഷണത്തിന് വിധേയമാണ്. വ്യാജ ആരോപണങ്ങൾക്ക് മുമ്പ് അത് പരിശോധിക്കാവുന്നതാണെന്ന് ഉണ്ണി പറയുന്നു. തന്റെ വ്യക്തിപരവും തൊഴിൽപരവുമായ ജീവിതത്തിൽ സന്തുഷ്ടരല്ലാത്ത ചിലർ തന്റെ കരിയർ നശിപ്പിക്കുന്നതിന് ശ്രമിക്കുന്നതായും നടൻ ആരോപിച്ചിരുന്നു.