
റാപ്പർ വേടന്റെ ഫ്ലാറ്റിൽ നിന്ന് കഞ്ചാവ് പിടികൂടി. തൃപ്പൂണിത്തുറ പൊലീസ് നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്. അഞ്ച് ഗ്രാം കഞ്ചാവാണ് പിടികൂടിയത്. സംഭവസമയത്ത് വേടൻ വീട്ടിലുണ്ടായിരുന്നോയെന്നതിൽ വ്യക്തതയില്ല.
കഴിഞ്ഞ ദിവസം സംവിധായകരായ അഷ്റഫ് ഹംസയും ഖാലിദ് റഹ്മാനും ഹൈബ്രിഡ് കഞ്ചാവുമായി പോലീസ് പിടിയിലായിരുന്നു. പിടിയിലായ കേസിൽ ഛായാഗ്രഹകൻ സമീർ താഹിറിനെ ചോദ്യം ചെയ്യുമെന്ന് എക്സൈസ് വകുപ്പ് അറിയിച്ചിട്ടുണ്ട് . സമീർ താഹിറിന്റെ ഫ്ളാറ്റിൽ നിന്നാണ് ലഹരി ഉപയോഗിച്ചതെന്നും സംഭവത്തിൽ ചോദ്യം ചെയ്യലിന് ഹാജരാവാൻ സമീറിന് നോട്ടീസ് അയക്കുമെന്നും എക്സൈസ് ഡെപ്യൂട്ടി കമീഷണർ അറിയിച്ചു. ഞായറാഴ്ച പുലർച്ചെ രണ്ടു മണിയോടെ ഗോശ്രീ പാലത്തിന് സമീപമുള്ള ഫ്ളാറ്റിൽ എക്സൈസ് നടത്തിയ മിന്നൽ പരിശോധനയിലാണ് സംവിധായകരടക്കം മൂന്നു പേര് പിടിയിലായത്. 1.6 ഗ്രാം കഞ്ചാവാണ് ഇവരിൽ നിന്ന് പിടികൂടിയത്. പിടികൂടിയ കഞ്ചാവ് അളവിൽ കുറവായതിനാൽ ഇവരെ സ്റ്റേഷൻ ജാമ്യത്തില്‍ വിട്ടയക്കുകയായിരുന്നു.രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു എക്സൈസിന്റെ പരിശോധന. കഞ്ചാവ് ഉപയോഗിക്കാൻ ശ്രമിക്കുന്നതിനിടെയാണ് മൂന്നുപേരെയും പിടികൂടിയത്. പിടിയിലായവർ സ്ഥിരമായി ലഹരി ഉപയോഗിക്കുന്നവരാണെന്നും എക്സൈസ് അറിയിച്ചു. ഇവർക്ക് കഞ്ചാവ് നൽകിയവരെ കുറിച്ച് വിവരം ലഭിച്ചിട്ടുണ്ട്. അത് സംബന്ധിച്ച് തുടരന്വേഷണം ഉണ്ടാകും. ആലപ്പുഴ ജിംഖാന, തല്ലുമാല, അനുരാഗ കരിക്കിൻ വെള്ളം, ഉണ്ട തുടങ്ങിയ സിനിമകളുടെ സംവിധായകനാണ് ഖാലിദ് റഹ്മാൻ. തമാശ, ഭീമന്റെ വഴി, സുലൈഖ മൻസിൽ എന്നീ സിനിമകളുടെ സംവിധായകനാണ് അഷ്റഫ് ഹംസ.
ഹൈബ്രിഡ് കഞ്ചാവു കേസുമായി ബന്ധപ്പെട്ട് ഷൈൻ ടോം ചാക്കോയുടെയും ശ്രീനാഥ് ബാസിയുടെയും കേസുകൾ നിലവിൽ നടന്ന കൊണ്ടിരിക്കുകയാണ്. ആലപ്പുഴ ഹൈബ്രിഡ് കഞ്ചാവ് കേസിൽ ഷൈൻ ടോം ചാക്കോയ്ക്കും ശ്രീനാഥ് ഭാസിക്കും എക്സൈസ് നോട്ടീസ് അയച്ചിട്ടുണ്ടായിരുന്നു. ഒരാഴ്ചക്കുള്ളിൽ അന്വേഷണ ഉദ്യോഗസ്ഥർക്ക് മുമ്പിൽ ഹാജരാകാനായിരുന്നു നിർദ്ദേശം. കണ്ണൂര്‍ സ്വദേശിനി തസ്ലിമാ സുല്‍ത്താന (ക്രിസ്റ്റീന), ആലപ്പുഴ സ്വദേശി കെ. ഫിറോസ് എന്നിവരെയാണ് ഏക്സൈസ് സംഘം മൂന്നു കിലോ, രണ്ട് കോടി രൂപ വിലവരുന്ന ഹൈബ്രിഡ് കഞ്ചാവുമായി അറസ്റ്റ് ചെയ്തത്. സിനിമാ, ടൂറിസം മേഖലയിലുളളവര്ക്കായാണ് കഞ്ചാവ് എത്തിച്ചതെന്ന് പ്രതികള്‍ മൊഴിനല്‍കിയിരുന്നു. നടന്മാരായ ശ്രീനാഥ് ഭാസിയുടെയും ഷൈന്‍ ടോം ചാക്കോയുടെയും പേരുകള്‍ തസ്ലിമ വെളിപ്പെടുത്തിയ പശ്ചാത്തലത്തിൽ അറസ്റ്റ് ഭയന്ന് ശ്രീനാഥ് ഭാസി ഹൈക്കോടതിയെ സമീപിചിട്ടുണ്ടായിരുന്നു. ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണന്റെ ബെഞ്ച് ഹര്‍ജി തിങ്കളാഴ്ച പരിഗണിക്കും. പ്രതികളെ റിമാന്‍ഡ് ചെയ്തിരിക്കുകയാണ്.
ഷൈൻ ടോം ചാക്കോയും ശ്രീനാഥ് ഭാസിയും സുഹൃത്തുക്കളാണെന്ന് തസ്ലിമ മൊഴി നൽകിയിരുന്നു. തസ്ലീമയും നടന്മാരും തമ്മിലുള്ള ചാറ്റും എക്സൈസിന് ലഭിച്ചിരുന്നു. തസ്ലീമ ശ്രീനാഥ് ഭാസിയോട് ഹൈബ്രിഡ് വേണമോ എന്ന് ചോദിക്കുന്നതും, ശ്രീനാഥ് ഭാസി വെയ്റ്റ് എന്ന് മറുപടി നൽകിയ ചാറ്റും പൊലീസ് കണ്ടെത്തിയിരുന്നു. ഷൈൻ ടോം ചാക്കോയുമായുള്ള പ്രതികളുടെ ചാറ്റുകൾ ഡിലീറ്റ് ചെയ്ത നിലയിലായിരുന്നു. തസ്ലീമയുടെ ഫോണില്‍ കൂടുതല്‍ ചാറ്റുകള്‍ കണ്ടെത്തിയത് ശ്രീനാഥ് ഭാസിമായിട്ടുള്ളതാണ്.