
റാപ്പർ വേടൻ എന്നറിയപ്പെടുന്ന ഹിരൺ ദാസ് മുരളിക്ക് പിന്തുണയുമായി പ്രശസ്ത ഗായകനും സംഗീത സംവിധായകനുമായ ഷഹബാസ് അമൻ രംഗത്ത്. തന്റെ ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെയാണ് വേടനെ പിന്തുണച്ച് ഷഹബാസ് അമൻ പ്രതികരിച്ചത്. “വേടൻ ഇവിടെ വേണം, ഇന്ന് നിശാഗന്ധിയിൽ പ്രോഗ്രാം ഉള്ള ദിവസം. സമയമില്ല. പ്രാക്ടീസ് ചെയ്യണം. നാളെ വിശദമായി എഴുതാം. വ്യത്യസ്തമായി ഒരു കാര്യം പറയാനുണ്ട്. എല്ലാവരോടും സ്നേഹം.” എന്നായിരുന്നു ഷഹബാസ് അമന്റെ കുറിപ്പ്.
അതേ സമയം , പുലിപ്പല്ല് കൈവശം വെച്ചതിന് റാപ്പർ വേടനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ജാമ്യമില്ലാ വകുപ്പുകൾ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. കേസ് തെളിയിക്കപ്പെട്ടാൽ ഏഴുവർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് ചുമത്തപ്പെട്ടിരിക്കുന്നത്.
തിങ്കളാഴ്ച വേടനും സുഹൃത്തുക്കളും താമസിച്ചിരുന്ന ഫ്ലാറ്റിൽ നടത്തിയ പരിശോധനയിൽ അഞ്ച് ഗ്രാം കഞ്ചാവ് പിടികൂടിയിരുന്നു. ഈ കേസിൽ ജാമ്യം ലഭിച്ചെങ്കിലും വേടൻ അണിഞ്ഞിരുന്ന മാലയിലെ ലോക്കറ്റിൽ പുലിപ്പല്ലുണ്ടെന്ന കണ്ടെത്തലിനെ തുടർന്ന് വനം-വന്യജീവി വകുപ്പ് പുതിയ കേസ് എടുത്തു. തുടര്‍ന്ന് രാത്രി വേടനെ അറസ്റ്റ് ചെയ്തു.
പുലിപ്പല്ലാണെന്ന കാര്യം അറിയില്ലായിരുന്നുവെന്നും ഒരു പരിപാടിക്കിടെ ആരാധകൻ സമ്മാനിച്ചതാണെന്നും വേടൻ വ്യക്തമാക്കിയിട്ടുണ്ട്.