
കയ്യടികൾക്കൊപ്പം രൂക്ഷവിമർശനവും നേരിട്ട് കമൽഹാസന്റെ തഗ് ലൈഫ്. കമൽഹാസനും നായികമാരും തമ്മിലുള്ള പ്രായവ്യത്യാസമാണ് വിമർശനം ഉയരാനുള്ള പ്രധാന കാരണം. സോഷ്യൽ മീഡിയാ പ്ലാറ്റ്ഫോമായ റെഡ്ഡിറ്റിലാണ് ഈ രംഗങ്ങൾക്കെതിരേ രൂക്ഷ വിമർശനങ്ങളുമായി യൂസർമാർ രംഗത്തെത്തിയത്. വേണ്ട ദൈവമേ, ദയവുചെയ്ത് വേണ്ട എന്ന തലക്കെട്ടിലാണ് തഗ് ലൈഫ് ട്രെയിലറിലെ രണ്ട് രംഗങ്ങൾക്കെതിരേ വിമർശനം ഉയർന്നിരിക്കുന്നത്. ഇതിൽ ഒരെണ്ണം ചുംബനരംഗമാണ്.
കമൽഹാസന്റെ മകളായ ശ്രുതി ഹാസനേക്കാൾ മൂന്ന് വയസ് മാത്രമേ രണ്ട് നടിമാർക്കും കൂടുതലുള്ളൂ എന്നാണ് ഒരാൾ അഭിപ്രായപ്പെട്ടത്. ചുംബനരംഗം വളരെ വിചിത്രമായി തോന്നുന്നുവെന്നാണ് മറ്റൊരാളുടെ കമന്റ്.
അതേസമയം ഈ വിമർശനങ്ങളെ പ്രതിരോധിക്കുന്ന പ്രതികരണങ്ങളും വരുന്നുണ്ട്. കഥ ആവശ്യപ്പെടുന്നുണ്ടെങ്കിൽ ഈ രംഗങ്ങളിൽ തെറ്റില്ല. പ്രായമുള്ള ഗുണ്ടാ നേതാവ് ഒരു യുവതിയുമായി ബന്ധം പുലർത്തുന്നു എന്നതാണ് ആ രംഗങ്ങൾ കൊണ്ടുദ്ദേശിക്കുന്നത്. ഇത് അഭിനയം മാത്രമാണ്, കുട്ടികളെപ്പോലെ പെരുമാറരുത് എന്നെല്ലാം നീളുന്നു കമന്റുകൾ.
വർഷങ്ങൾക്കുശേഷം കമൽഹാസനെ നായകനാക്കി മണിരത്നം സംവിധാനം ചെയ്യുന്ന ചിത്രമാണ് തഗ് ലൈഫ്. ആക്ഷൻ പശ്ചാത്തലത്തിലൊരുങ്ങുന്ന ചിത്രത്തിന്റെ ട്രെയിലർ ശനിയാഴ്ച വൈകിട്ടാണ് പുറത്തുവന്നത്. സിലമ്പരശന്‍, ജോജു ജോര്‍ജ്, ഐശ്വര്യ ലക്ഷ്മി, നാസര്‍, അശോക് സെല്‍വന്‍, അലി ഫസല്‍, പങ്കജ് ത്രിപാഠി, ജിഷു സെന്‍ഗുപ്ത, സാന്യ മല്‍ഹോത്ര, രോഹിത് ഷറഫ്, വൈയാപുരി തുടങ്ങിയവരാണ് സിനിമയിലെ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. രാജ്കമല്‍ ഫിലിംസ് ഇന്റര്‍നാഷണല്‍, മദ്രാസ് ടാക്കീസ്, റെഡ് ജയന്റ് മൂവീസ്, ആര്‍. മഹേന്ദ്രന്‍, ശിവ അനന്ത് എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മാണം.