
തരുൺമൂർത്തി-മോഹൻലാൽ ചിത്രം ‘തുടരും’. കഴിഞ്ഞ പതിനേഴ് ദിവസമായി തുടർച്ചയായി 100 K യിൽ അധികം ടിക്കറ്റുകളാണ് തുടരും ബുക്ക് മൈ ഷോയിലൂടെ വിറ്റഴിച്ചത്. കണക്കുകൾ പ്രകാരം 3.94 മില്യൺ ടിക്കറ്റുകളാണ് ചിത്രം മുഴുവനായി ഇതുവരെ വിറ്റു തീർത്തത്. റിലീസായി ആഴ്ചകൾ കഴിഞ്ഞും സിനിമയ്ക്ക് തിരക്ക് ഒഴിയുന്നില്ല. പല തിയേറ്ററുകളിലും ഇപ്പോഴും സിനിമയ്ക്കായി എക്സ്ട്രാ ഷോകൾ സംഘടിപ്പിക്കുന്നുണ്ട്. അതേസമയം, ആഗോള ബോക്സ് ഓഫീസിൽ നിന്ന് തുടരും 200 കോടി കടന്നിരിക്കുകയാണ്. ചിത്രത്തിന്റെ നിർമാതാക്കൾ തന്നെയാണ് ഈ വാർത്ത പുറത്തുവിട്ടത്. ഇതോടെ രണ്ടുമാസത്തിനിടെ 200 കോടി ക്ലബിൽ ഇടം പിടിക്കുന്ന രണ്ടാമത്തെ മോഹൻലാൽ ചിത്രമായി തുടരും. മാർച്ച് മാസത്തിൽ പുറത്തിറങ്ങിയ എമ്പുരാനും 200 കോടി ക്ലബിൽ ഇടം നേടിയിരുന്നു.
മലയാള സിനിമയിലെ പല ബോക്സ് ഓഫീസ് റെക്കോർഡുകളും ചിത്രം ഇതിനോടകം സ്വന്തമാക്കി കഴിഞ്ഞു. കഴിഞ്ഞ ദിവസമായിരുന്നു സിനിമ കേരളാ ബോക്സ് ഓഫീസിലെ ടോപ് ഗ്രോസറായി മാറിയത്. തുടരുമിന്റെ തമിഴ് പതിപ്പും റിലീസ് ചെയ്തിട്ടുണ്ട്. ‘തൊടരും’ എന്നാണ് തമിഴ് പതിപ്പിന്റെ പേര്. മികച്ച പ്രതികരണമാണ് ചിത്രത്തിന് തമിഴ്നാട്ടിൽ നിന്നും ലഭിക്കുന്നത്. മോഹൻലാൽ നന്നായി അഭിനയിച്ചിട്ടുണ്ടെന്നും സിനിമയുടെ സെക്കന്റ് ഹാഫ് നല്ല മാസായിട്ടുണ്ടെന്നുമാണ് അഭിപ്രായങ്ങൾ. സിനിമയിലെ പ്രധാന വില്ലൻ കഥാപാത്രത്തെ അവതരിപ്പിച്ച പ്രകാശ് വർമയുടെ പ്രകടനത്തിനും വലിയ സ്വീകാര്യത ലഭിക്കുന്നുണ്ട്. ചിത്രത്തിന്റെ തമിഴ് ഡബ്ബിങ് നന്നായിരിക്കുന്നെന്നും അഭിപ്രായങ്ങളുണ്ട്.
ഷൺമുഖം എന്ന സാധാരണക്കാരനായ ടാക്സി ഡ്രൈവറുടെ ജീവിതമാണ് ‘തുടരും’ എന്ന ചിത്രത്തിന്റെ കേന്ദ്രകഥ. ഭാര്യയും മക്കളുമുള്ള കുടുംബപ്രേമി, സുഹൃദ്ബന്ധങ്ങളുള്ള, നാട്ടുകാർക്കിടയിൽ പ്രിയങ്കരനായ ഒരു ഡ്രൈവറുടെ ജീവിതം നർമ്മത്തിലൂടെയും ഹൃദയസ്പർശിയായ രംഗങ്ങളിലൂടെയും അവതരിപ്പിക്കുന്നതിലൂടെ, മോഹൻലാൽ വീണ്ടും പ്രേക്ഷകരുടെ കയ്യടി നേടിയിരിക്കുകയാണ്.
ബിനു പപ്പു, ഫർഹാൻ ഫാസിൽ, മണിയൻപിള്ള രാജു, തോമസ് മാത്യു, ഇർഷാദ് തുടങ്ങിയവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നത്. നിരവധി പുതുമുഖങ്ങളും ചിത്രത്തിൽ എത്തുന്നുണ്ട്. ഷാജി കുമാർ ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം. എഡിറ്റിംഗ് നിഷാദ് യൂസുഫ്, ഷെഫീഖ് വി ബി, സംഗീതം ജേക്‌സ് ബിജോയ്, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ അവന്തിക രഞ്ജിത്ത്, ശബ്ദ സംവിധാനം വിഷ്ണു ഗോവിന്ദ്, കലാസംവിധാനം ഗോകുൽ ദാസ്.
ഏറെ കാലത്തെ ഇടവേളയ്ക്ക് ശേഷം ശോഭനയും മോഹൻലാലും ഒന്നിച്ച ചിത്രം കൂടിയായിരുന്നു ഇത്. ചിത്രം റിലീസ് ആയതിനു ശേഷം പ്രകാശ് വർമ്മ പങ്കുവെച്ച ചിത്രങ്ങൾക്കും സമൂഹമാധ്യമങ്ങളിൽ വലിയ സ്വീകാര്യത ലഭിച്ചിരുന്നു. മോഹൻലാലിനൊപ്പമുള്ള ചിത്രങ്ങളാണ് പ്രകാശ് വർമ്മ പങ്കുവെച്ചിരുന്നത്. തുടരും എന്ന സിനിമയിലെ തന്റെ അനുഭവം തീർത്തും മാജിക്കൽ ആയിരുന്നുവെന്നും തനിക്ക് മറ്റൊരു കുടുംബത്തെ കൂടി ലഭിച്ചുവെന്നും പ്രകാശ് വർമ്മ ചിത്രത്തിന് താഴെ കുറിച്ചിരുന്നു. ‘എന്റെ നായകൻ, പ്രചോദനം, ഉപദേഷ്ടാവ്, സഹോദരൻ, അധ്യാപകൻ, സുഹൃത്ത്’ എന്നാണ് മോഹൻലാലിനെ പ്രകാശ് വർമ്മ വിശേഷിപ്പിച്ചിരുന്നത്.
ചിത്രത്തിലെ ‘കൊണ്ടാട്ടം’, ‘എന്തൊരു ചേലാണ്’, തുടങ്ങിയ ഗാനങ്ങളും വലിയ ശ്രദ്ധനേടിയിരുന്നു. യൂട്യൂബിൽ തരംഗമായ ‘കൊണ്ടാട്ടം’ എന്ന ഗാനത്തിനും ജേക്സ് ബിജോയ് തന്നെയാണ് ഈണമൊരുക്കിയിരിക്കുന്നത്. വിനായക് ശശികുമാർ വരികൾ കുറിച്ച പാട്ട് എം.ജി ശ്രീകുമാറും രാജലക്ഷ്മിയും ചേർന്നാണ് ആലപിച്ചിരിക്കുന്നത്.