
സ്ത്രീകൾക്കെതിരെ സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ നടത്തിയ വിവാദ പരാമർശത്തിനെതിരെ പ്രതികരിച്ച് സംവിധായിക ശ്രുതി ശരണ്യം. മെയിൽ – അപ്പർ ക്ലാസ് പ്രിവിലേജിൽ ജീവിച്ചവർക്ക് താഴെയുള്ളവരുടെ ബുദ്ധിമുട്ടുകൾ മനസ്സിലാവുകയില്ലെന്നും, അടൂരിനെപ്പോലൊരാൾ ഇത്തരമൊരു പ്രസ്താവന നടത്തുന്നതിന് മുൻപ്, തങ്ങളിൽ ഒരാളുടെയെങ്കിലും ചിത്രം ഒന്നു കണ്ടിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു പോവുകയാണെന്നും ശ്രുതി വ്യക്തമാക്കി. തന്റെ സോഷ്യൽ മീഡിയ പോസ്റ്റിലൂടെയായിരുന്നു താരത്തിന്റെ പ്രതികരണം.
“സാമാന്യം പ്രേക്ഷകശ്രദ്ധ നേടിയ ചിത്രമായിരുന്നു എന്റെ ആദ്യത്തെ സിനിമ. പക്ഷെ ഇന്നുവരെ മലയാളത്തിലെ ഒരു പ്രൊഡ്യൂസർ പോലും ” കയ്യിൽ എന്തെങ്കിലും സബ്ജക്ട് ഉണ്ടോ” എന്നു ചോദിച്ചിട്ടില്ല. ചിത്രലേഖാ ഫിലിം കോ- ഓപ്പറേറ്റിവും, രവീന്ദ്രൻ നായറും ഉണ്ടായത് താങ്കളുടെ ഭാഗ്യം കൂടിയാണ്, സർ. ആ ഭാഗ്യം എല്ലാവർക്കും സിദ്ധിച്ചുകൊള്ളണമെന്നില്ല, പ്രത്യേകിച്ച് സ്ത്രീകൾക്കും അരികുവൽക്കരിക്കപ്പെട്ടവർക്കും. മെയിൽ – അപ്പർ ക്ലാസ് പ്രിവിലെജിൽ ജീവിച്ചവർക്ക് ഇപ്പറയുന്ന ബുദ്ധിമുട്ടുകൾ എന്തെന്ന് മനസ്സിലാവുകയുമില്ല. ഈ പദ്ധതി കൊണ്ട് എനിയ്ക്ക് ഔദ്യോഗിക ജീവിതത്തിലും, വ്യക്തി ജീവിതത്തിലും നഷ്ടങ്ങൾ ഏറെയുണ്ടായിട്ടുണ്ട്. സാമ്പത്തിക ബുദ്ധിമുട്ടുകൾ ഏറെ നേരിടേണ്ടി വന്നിട്ടുണ്ട്. പദ്ധതിയുടെ നടത്തിപ്പുകാരായ പല ഉദ്യോഗസ്ഥരിൽ നിന്നും അപമാനങ്ങൾ ഏറെ നേരിടേണ്ടി വന്നിട്ടുണ്ട്. അതുവരെ സുഹൃത്തുക്കളെന്നു കരുതിയ പലരും എന്നെ ശത്രുപക്ഷം ചേർത്തിട്ടുണ്ട്. താങ്കളേപ്പോലൊരാൾ ഇത്തരമൊരു പ്രസ്താവന നടത്തുന്നതിന് മുൻപ്, ഞങ്ങളിൽ ഒരാളുടെയെങ്കിലും ചിത്രം ഒന്നു കണ്ടിരുന്നെങ്കിൽ എന്നു ഞാൻ ആഗ്രഹിച്ചു പോവുകയാണ്”. ശ്രുതി കുറിച്ചു.
“ഞങ്ങൾക്കാർക്കും സിനിമ ചെയ്യാൻ വെറുതേ സർക്കാർ ഒന്നരക്കോടി തന്നതല്ല. ഏകദേശം ഒരു വർഷത്തോളം നീണ്ടു നിന്ന, നാലോളം റൗണ്ടുകളായുണ്ടായ മത്സരത്തിലൂടെയാണ് ഞങ്ങളുടെ തിരക്കഥകൾ തിരഞ്ഞെടുക്കപ്പെട്ടത്. സർക്കാർ നിർമ്മിതിയിൽ സിനിമകളൊരുക്കിയ ഞങ്ങൾ ചുരുക്കം ചില സംവിധായകർ ഞങ്ങളുടെ സിനിമയ്ക്കുവേണ്ടി അവരവരുടെ ഔദ്യോഗിക ജീവിതത്തിൽ നിന്നും വ്യക്തി ജീവിതത്തിൽ നിന്നുമെല്ലാം ഏകദേശം രണ്ടുവർഷത്തോളം മാറി നിൽക്കേണ്ടി വന്നിട്ടുണ്ട്. സിനിമയുടെ നിർമ്മാണ നിർവ്വഹണം മുഴുവനും കെ.എസ്.എഫ്.ഡി.സിയുടെ ചുമതലയാണ്. അതിൽ ഞങ്ങൾക്ക് യാതൊരു പങ്കുമില്ല. മാത്രമല്ല, ഈ സിനിമകളിൽ ഞങ്ങൾക്ക് ലഭിച്ച പ്രതിഫലത്തിനേക്കാൾ കൂടുതൽ തുക ഒരുപക്ഷേ, ഞങ്ങളുടെയൊക്കെ കൈയ്യിൽ നിന്നും ചെലവായിട്ടുണ്ട്. ശ്രുതി കൂട്ടിച്ചേർത്തു.
കെഎസ്എഫ്ഡിസി നിർമിച്ച ബി 32 മുതൽ ബി 44 വരെ എന്ന ചിത്രത്തിന്റെ സംവിധായികയാണ് ശ്രുതി. സർക്കാർ സഹായത്തോടെ സിനിമയെടുക്കുന്ന പട്ടികജാതി-വർഗ വിഭാഗങ്ങളിലെ സംവിധായകർക്കും സ്ത്രീസംവിധായകർക്കും നിർബന്ധമായും വിദഗ്ധരുടെകീഴിൽ കുറഞ്ഞത് മൂന്നുമാസ തീവ്രപരിശീലനം നൽകണമെന്നായിരുന്നു അടൂരിന്റെ വിവാദപരാമർശം.