
തന്റെ വീടിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ച സംഭവത്തിൽ പ്രതികരണവുമായി നടി ആലിയ ഭട്ട്. നിർമാണത്തിലിരിക്കുന്ന കെട്ടിടത്തിന്റെ ചിത്രം അനുവാദമില്ലാതെ എടുത്ത് പ്രചരിപ്പിക്കുന്നതിനെതിരെയാണ് നടി രംഗത്തുവന്നിരിക്കുന്നത്. അത് സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണെന്നും വീഡിയോ ഫോര്‍വേഡ് ചെയ്യരുതെന്നും താരം അഭ്യർത്ഥിച്ചു. തന്റെ ഇൻസ്റ്റാഗ്രാം പേജിൽ പങ്കുവെച്ച പോസ്റ്റിലൂടെയാണ് താരത്തിന്റെ പ്രതികരണം.
“ഞങ്ങളുടെ അറിവോ സമ്മതമോ ഇല്ലാതെ നിര്‍മാണം പൂര്‍ത്തിയായിട്ടില്ലാത്ത ഞങ്ങളുടെ വീടിന്റെ ഒരു വീഡിയോ പല മാധ്യമങ്ങളും റെക്കോർഡ് ചെയ്യുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നുണ്ട്. ഇത് സ്വകാര്യതയിലേക്കുള്ള വ്യക്തമായ കടന്നുകയറ്റവും ഗുരുതരമായ സുരക്ഷാ പ്രശ്‌നവുമാണ്. അനുവാദമില്ലാതെ ഒരാളുടെ സ്വകാര്യ ഇടം ചിത്രീകരിക്കുന്നത് ‘കണ്ടന്റ്’ അല്ല, അത് നിയമലംഘനമാണ്. അതിനെ ഒരിക്കലും സാധാരണവല്‍ക്കരിക്കരുത്. അത്തരം ഉള്ളടക്കങ്ങള്‍ ഓണ്‍ലൈനില്‍ കണ്ടാല്‍, ദയവായി അത് ഫോര്‍വേഡ് ചെയ്യുകയോ പങ്കുവെക്കുകയോ ചെയ്യരുതെന്ന് വിനയപൂര്‍വം അഭ്യര്‍ഥിക്കുന്നു. ഈ ചിത്രങ്ങളും വീഡിയോകളും പ്രചരിപ്പിച്ച മാധ്യമങ്ങളിലെ ഞങ്ങളുടെ സുഹൃത്തുക്കളോട് അവ ഉടനടി നീക്കം ചെയ്യാന്‍ ഞാന്‍ അഭ്യര്‍ഥിക്കുന്നു.” ആലിയ കുറിച്ചു.”
ഋഷി കപൂറിന്റെയും നീതു കപൂറിന്റെയും വീടാണ് ആലിയ ഭട്ടും റണ്‍ബീര്‍ കപൂറും പുനര്‍നിര്‍മിക്കുന്നത്. മുംബൈയിലെ പാലി ഹില്ലിലുള്ള നര്‍ഗീസ് ദത്ത് റോഡില്‍ സ്ഥിതി ചെയ്യുന്ന ഈ വീട് ഏകദേശം 6 നിലകളുള്ള ഒരു കെട്ടിടമായിരുന്നു.