തെറ്റിധാരണകളുണ്ടായിരുന്നു, അന്നേ പരസ്പരം പറഞ്ഞു തീർത്തിരുന്നേൽ നല്ല ഒരുപാട് മൊമെന്റുകൾ കിട്ടിയേനെ ; നൂറിൻ ശരീഫ്

','

' ); } ?>

തനിക്കും പ്രിയ വാര്യർക്കുമിടയിൽ തെറ്റിധാരണകളുണ്ടായിരുന്നെന്ന് തുറന്നു പറഞ്ഞ് നടി നൂറിൻ ശരീഫ്. “ആ പ്രായത്തിൽ അത്രയേ പക്വത ഉണ്ടായിരുന്നുള്ളുവെന്നും പരസ്പരം സംസാരിച്ചാൽ തീരാവുന്ന പ്രശ്നമേ തങ്ങൾക്ക് ഇടയിൽ ഉണ്ടായിരുന്നുള്ളുവെന്നും” നൂറിൻ പറഞ്ഞു. തന്നെയുമല്ല അന്നേ പരസ്പരം പറഞ്ഞു തീർത്തിരുന്നേൽ നല്ല ഒരുപാട് മൊമെന്റുകൾ ചിലപ്പോൾ കിട്ടിയേനെയെന്നും നൂറിൻ കൂട്ടിച്ചേർത്തു. ക്യൂ സ്റ്റുഡിയോയ്ക്ക് നൽകിയ അഭിമുഖത്തിലാണ് താരത്തിന്റെ പ്രതികരണം.

‘എനിക്കും പ്രിയയ്ക്കും ഇടയിൽ തെറ്റിദ്ധാരണകൾ ഉണ്ടായിരുന്നു. അതൊക്കെ നടന്നത് വർഷങ്ങൾക്ക് മുൻപാണ്. അന്ന് ഞങ്ങൾക്ക് പതിനെട്ടോ, പത്തൊമ്പത്തോ വയസ് ആണ്. ഞങ്ങളുടെ ചിന്തകൾക്കും അത്രയേ പക്വത ഉണ്ടായിരുന്നുള്ളു. നമ്മൾ ഓരോ കാര്യത്തെയും നോക്കി കാണുന്നതും അപ്രോച്ച് ചെയ്യുന്നതും കുട്ടിത്തത്തോടെയാണ്. ആ സമയത്ത് പിന്നീട് ഉണ്ടാകുന്ന ഭവിഷ്യത്ത് എന്താണെന്ന് ചിന്തിക്കാനുള്ള കഴിവ് എനിക്ക് ഉണ്ടായിരുന്നില്ല.

എന്റെ മനസിൽ എന്ത് തോന്നിയാലും അത് പെട്ടെന്ന് പുറത്തേക്ക് വരും. അന്നത്തെ സംഭവങ്ങൾ ഇപ്പോൾ കാണുമ്പോൾ അതിന്റെ ആവശ്യം ഉണ്ടായിരുന്നോ എന്ന് ഞാൻ ഇപ്പോൾ ചിന്തിക്കാറുണ്ട്. അത് വേണമായിരുന്നോ എന്നൊക്കെ ഞാൻ ആലോചിക്കും. പിന്നെ ഇപ്പോൾ നമുക്ക് ഒന്നും ചെയ്യാൻ പറ്റില്ലലോ. സോഷ്യൽ മീഡിയ ആയത് കൊണ്ട് എത്ര കഴിഞ്ഞാലും അതൊക്കെ അവിടെ തന്നെയുണ്ടാകും.

പിന്നീട് ഞാനും പ്രിയയും കാണുകയും സംസാരിക്കുകയും ചെയ്തു. ഞങ്ങൾക്കിടയിൽ ഉണ്ടായിരുന്ന പ്രശ്നങ്ങൾ ഒന്ന് സംസാരിച്ചാൽ തീരാവുന്നതേ ഉണ്ടായിരുന്നുള്ളൂ. അത് അറിഞ്ഞപ്പോൾ എനിക്ക് ചെറിയ വിഷമം തോന്നി, കാരണം അത്രയും നല്ല സമയം ഞങ്ങൾ വെറുതെ കളഞ്ഞു. അന്നേ പരസ്പരം പറഞ്ഞു തീർത്തിരുന്നേൽ നല്ല ഒരുപാട് മൊമെന്റുകൾ ചിലപ്പോൾ കിട്ടിയേനെ. ഇപ്പോൾ ഞാനും പ്രിയയും നല്ലൊരു ഇക്വേഷനിൽ പോകുന്നുണ്ട്,’ നൂറിൻ പറഞ്ഞു.

ഒമർ ലുലു സംവിധാനത്തിലെത്തിയ അഡാർ ലവ് എന്ന സിനിമയിൽ ഇരുവരും നായികമാരായിരുന്നു. ഈ സിനിമയിൽ ആദ്യം നായികയായി തീരുമാനിച്ചിരുന്നത് നൂറിനെ ആയിരുന്നു. എന്നാൽ പ്രിയാ വാര്യരുടെ കണ്ണിറുക്കൽ സീൻ വൈറലായതിനു പിന്നാലെ നൂറിനെ മാറ്റി പ്രിയയെ നായികയാകാൻ അണിയറപ്രവർത്തകർ തീരുമാനിക്കുകയായിരുന്നു. ഇതിനെ ചൊല്ലി നൂറിനും പ്രിയയ്ക്കും ഇടയിൽ പ്രശ്നങ്ങൾ ഉണ്ടായിരുന്നവെന്ന അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു. എന്നാൽ പിന്നീട് സിനിമയുടെ ക്ലൈമാക്സ് മാറ്റി ഷൂട്ട് ചെയ്തതിനു പിന്നാലെ നൂറിൻ ഷെരീഫിന്റെ ഭാഗമാണ് മികച്ചതെന്ന അഭിപ്രായങ്ങളും ആരാധകർക്കിടയിൽ ശക്തമായിരുന്നു.